സ്വദേശിവല്‍കരണം: ഒമാനില്‍ നിരവധി മേഖലകളില്‍ വിസാ നിയന്ത്രണം

മസ്കത്ത്: സ്വദേശിവല്‍കരണത്തിന്‍െറ ഭാഗമായി ഒമാനില്‍ കെട്ടിനിര്‍മാണരംഗം ഉള്‍പ്പെടെ നിരവധി മേഖലകളില്‍ വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തൊഴില്‍മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ബക്രി അറിയിച്ചു. മന്ത്രാലയത്തിന്‍െറ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ചൂണ്ടിക്കാട്ടുന്ന തൊഴില്‍രംഗങ്ങളില്‍ പുതിയ വിസ നല്‍കുന്നതിനും, നിലവിലെ വിസകള്‍ പുതുക്കുന്നതിനും നിയന്ത്രണമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
കെട്ടിടനിര്‍മാണം, ഡെക്കറേഷന്‍, ഇലക്ട്രിക്കല്‍, ജലവിതരണം, ജലസംസ്കരണം, റോഡ് നിര്‍മാണം, കെട്ടിടങ്ങളിലെ അറ്റകുറ്റപണികള്‍, ഫാക്ടറികള്‍, ഖനികള്‍ എന്നിവിടങ്ങളിലേക്കുള്ള ക്ളീനിങ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ വിതരണം, സര്‍വകലാശാലകള്‍, സ്വകാര്യസ്കൂളുകള്‍, പരിശീലനകേന്ദ്രങ്ങള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള അധ്യാപകര്‍, മാനേജ്മെന്‍റ് ജീവനക്കാര്‍, നിയമസ്ഥാപനങ്ങള്‍, എഞ്ചിനീയറിങ്, അക്കൗണ്ടിങ്, ട്രാന്‍സ്ലേഷന്‍ ജോലികള്‍, നഴ്സറികള്‍, വികലാംഗരുടെയും രോഗികളുടെയും പുനരധിവാസകേന്ദ്രങ്ങള്‍, പള്ളികളിലെയും ആരാധനാലയങ്ങളിലെയും ജീവനക്കാര്‍, കൃഷി, മല്‍സ്യബന്ധനം, സ്പോര്‍ട്സ് ക്ളബുകള്‍, കിണര്‍ നിര്‍മാണം, പത്രപ്രവര്‍ത്തനവും മറ്റ് മാധ്യമ അനുബന്ധ ജോലികള്‍, നയതന്ത്രകാര്യാലയങ്ങളിലെയും അന്താരാഷ്ട്ര സംഘടനാ ഓഫിസുകളിലെയും ജീവനക്കാര്‍, ഹെല്‍ത്ത് ക്ളബുകള്‍, ഡാറ്റാ എന്‍ട്രി മേഖലകള്‍ എന്നീ രംഗങ്ങളില്‍ പുതിയ വിസ ലഭിക്കാനും, വിസ പുതുക്കാനും നിയന്ത്രണം പാലിക്കേണ്ടി വരും. ഒമാനി ജീവനക്കാര്‍ക്കാണ് ഈ മേഖലകളില്‍ മുന്‍ഗണന നല്‍കേണ്ടത്. ബിസിനസ് മേഖലകളിലും അത് വീട്ടിലിരുന്ന് ചെയ്യുന്ന ജോലിയായാലും ഒമാനികളെയാണ് പരിഗണിക്കേണ്ടത്. ചില സ്ഥാപനങ്ങളില്‍ നിര്‍ദേശിക്കപ്പെട്ട ഒമാനി ജീവനക്കാരുടെ എണ്ണം പൂര്‍ത്തിയായാല്‍ മാത്രമേ വിദേശികള്‍ക്ക് വിസ നല്‍കുകയുള്ളു. സ്വകാര്യ ഡ്രൈവര്‍, കുട്ടികളെ നോക്കുന്ന നന്നി, കുക്ക്, നഴ്സ്, വീട്ടുജോലിക്കാര്‍ എന്നീ മേഖലകളിലും പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ബിസിനസ് മേഖലയിലെ താല്‍കാലിക ജോലികള്‍ക്കും സ്വദേശി ജീവനക്കാരെയാണ് പരിഗണിക്കേണ്ടത്. പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയത്തില്‍ നിന്ന് ലഭ്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus