ജുബൈലില്‍ വിദേശികളെ ഉന്നമിട്ട് കവര്‍ച്ച വ്യാപകം

ജുബൈല്‍: കാറില്‍ കറങ്ങുന്ന സംഘം വിദേശികളെ തടഞ്ഞു നിറുത്തി കവര്‍ച്ച നടത്തുന്ന സംഭവം ജുബൈലില്‍ വ്യാപകമാവുന്നു. മത്സ്യത്തൊഴിലാളികളും നിര്‍മാണമേഖലയില്‍ പണിയെടുക്കുന്നവരുമായ വിദേശികള്‍ കൂട്ടമായി താമസിക്കുന്ന ജുബൈല്‍ കോര്‍ണിഷ് മേഖലയിലും ലേഡീസ് മാര്‍ക്കറ്റിനു പിന്നിലെ ഗലികളിലുമാണ് പിടിച്ചുപറി വ്യാപകമായി അരങ്ങേറുന്നത്. കഴിഞ്ഞ ഒരാഴ്ചയായി നിരവധി പേര്‍ ഇവിടെ ആക്രമണത്തിനിരയായി. സണ്ണി കാറില്‍ പ്രദേശത്ത് കറങ്ങുന്ന ആറോ ഏഴോ പേരടങ്ങുന്ന സംഘമാണ് ജോലി കഴിഞ്ഞു മടങ്ങുന്നവരെയും നഗരത്തില്‍ പോയി വീട്ടിലേക്ക് മടങ്ങുന്നവരെയും തടഞ്ഞുവെച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുന്നത്. ഇന്ത്യക്കാരാണ് ഇവരുടെ പ്രധാന ഇരകള്‍. പാകിസ്താനികളെയും ബംഗ്ളാദേശികളെയും അങ്ങനെ ഉപദ്രവിക്കാറില്ല.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന കറ്റാനം സ്വദേശിയായ എന്‍ജിനീയര്‍ സിജോ(32), ഹരിപ്പാട് സ്വദേശി കുഞ്ഞുമോന്‍ (35) എന്നിവര്‍ ആക്രമണത്തിനിരയായിരുന്നു. ലേഡീസ് മാര്‍ക്കറ്റിനു പിന്നിലെ എ.എച്ച്.ബി മാന്‍പവര്‍ കമ്പനിക്കു സമീപം വഴിയരികില്‍ കാത്തു നിന്ന സംഘം ഇരുവരെയും തടഞ്ഞുനിറുത്തി ബലമായി പിടിച്ചു കൈയിലും പോക്കറ്റിലുമുള്ള സാധനങ്ങള്‍ തട്ടിയെടുത്ത ശേഷം കാറില്‍ സ്ഥലം വിടുകയായിരുന്നു. പഴ്സില്‍ ഉണ്ടായിരുന്ന പണം, മൊബൈല്‍, ബാങ്ക് കാര്‍ഡുകള്‍ എന്നിവ നഷ്ടമായി. അതേസമയം ഇഖാമ സമീപത്തു വലിച്ചെറിഞ്ഞ നിലയില്‍ പിന്നീട് കണ്ടെടുത്തു. ഇതിനു തലേന്ന് രാമനാഥന്‍ (40) എന്ന തമിഴ്നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടു. അറബി സംസാരിക്കുന്ന യുവാക്കളാണ് അക്രമത്തിനു പിന്നിലെന്ന് പിടിച്ചുപറിക്കിരയായവര്‍ പറഞ്ഞു. മുമ്പ് ഇവിടങ്ങളില്‍ വീടുകള്‍ കയറി മോഷണം സര്‍വസാധാരണമായിരുന്നു. പരാതി ശക്തമായപ്പോള്‍ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തി. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഇതുവഴി പൊലീസ് അധികം വരാറില്ല. ഇതാണ് വീണ്ടും വിദേശികള്‍ ആക്രമിക്കപ്പെടാനിടയാക്കുന്നതെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus