Sat, 01/05/2013 - 08:00 ( 2 years 33 weeksago)
‘ഫ്ളെച്ചറെ ഉടന്‍ പുറത്താക്കണം’
(+)(-) Font Size
‘ഫ്ളെച്ചറെ ഉടന്‍ പുറത്താക്കണം’
ധോണിയെ മാറ്റേണ്ടതില്ലെന്ന് വെങ്സാര്‍ക്കര്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് ഡങ്കന്‍ ഫ്ളെച്ചറെ ഉടന്‍ പുറത്താക്കണമെന്ന് മുന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെങ്സാര്‍ക്കര്‍. നായകസ്ഥാനത്തുനിന്ന് മഹേന്ദ്രസിങ് ധോണിയെ മാറ്റേണ്ടതില്ലെന്നു പറഞ്ഞ വെങ്സാര്‍ക്കര്‍, ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്‍െറ ബൗളിങ് കോച്ച് ആരാണെന്ന് തനിക്കറിയില്ലെന്നും വ്യക്തമാക്കി. രണ്ടാം ഏകദിന മത്സരത്തിലും തോല്‍വി വഴങ്ങി ഇന്ത്യന്‍ ടീം പരമ്പര പാകിസ്താന് അടിയറ വെച്ചതിനു പിന്നാലെയാണ് വെങ്സാര്‍ക്കര്‍ പ്രതികരിച്ചത്. ഒരു ഇംഗ്ളീഷ് ദിനപത്രത്തിന് അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍നിന്ന്...

ധോണിയെ ട്വന്‍റി20, ഏകദിന ക്യാപ്റ്റനാക്കിയത് നിങ്ങളുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ്. അദ്ദേഹത്തെ നായകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ഇപ്പോഴത്തെ മുറവിളിയെ പിന്തുണക്കുന്നുണ്ടോ?

 • ഞാന്‍ തീര്‍ത്തും നിരാശനാണ്. ഇപ്പോള്‍ നായകസ്ഥാനത്ത് യോജിച്ച വ്യക്തി ധോണി തന്നെയാണ്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ നിറയൊഴിക്കുന്നതില്‍ അര്‍ഥമില്ല. നമ്മുടെ ന്യൂബാള്‍ ബൗളര്‍മാരില്‍ ചിലര്‍ പരിക്കിന്‍െറ പിടിയിലായിരുന്നു. ബൗളിങ് ശരാശരിക്കപ്പുറം പോയില്ല. എന്നിട്ട് ക്യാപ്റ്റനെ കുറ്റം പറയുന്നതില്‍ കഴമ്പുണ്ടോ. ക്യാപ്റ്റന് മാത്രമായി എന്തുചെയ്യാന്‍ കഴിയും.

സന്ദീപ് പാട്ടീലും കൂട്ടുകാരും നായകസ്ഥാനത്ത് ധോണിയെ നിലനിര്‍ത്തുമെന്നാണോ താങ്കള്‍ കരുതുന്നത്?

 • അതില്‍ സംശയമൊന്നുമില്ല.

പക്ഷേ, ഇന്ത്യ വിദേശത്ത് എട്ട് ടെസ്റ്റുകളില്‍ തുടരെ തോറ്റു. അതില്‍ ഏഴും ധോണി നയിച്ചവയായിരുന്നു. കഴിഞ്ഞമാസം ഇംഗ്ളണ്ടിനെതിരെ സ്വന്തം മണ്ണിലും നമ്മള്‍ തോല്‍വിയറിഞ്ഞു. ഇപ്പോള്‍ പാകിസ്താനെതിരെ ഏകദിനങ്ങളിലും...

 • അത് ഞാന്‍ സമ്മതിക്കുന്നു. ഈ വിമര്‍ശങ്ങളും അതുകൊണ്ടുതന്നെയാണ്. എന്നാല്‍, ക്രിയാത്മക വിമര്‍ശങ്ങളല്ല ഉന്നയിക്കപ്പെടുന്നത്. ഇതിനെല്ലാം ധോണിയെ മാത്രം എങ്ങനെ കുറ്റം പറയും.

നായകസ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാതെ പോയത് വ്യാകുലപ്പെടുത്തുന്നതല്ലേ?

 • നൂറു ശതമാനം. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളില്‍ കളിയുടെ വ്യത്യസ്ത ഫോര്‍മാറ്റുകളിലായി  മൂന്ന് വൈസ് ക്യാപ്റ്റന്മാരാണ് (വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി) നമുക്കുണ്ടായിരുന്നത്. അതല്ല ശരിയായ രീതി. ഭാവി ക്യാപ്റ്റനായി ഒരാളെ മുന്നില്‍കണ്ട് അയാളെ ധോണിയുടെ ഡെപ്യൂട്ടിയായി നിയമിക്കണം.

ക്യാപ്റ്റന്‍സി വിഭജിച്ചു നല്‍കണമെന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ? വിരാട് കോഹ്ലിയെ ട്വന്‍റി20 നായകനാക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോ?

 • ഇല്ല. ധോണി മൂന്ന് ഫോര്‍മാറ്റിലും ടീമിലുണ്ടാകുമ്പോള്‍ അതിന്‍െറ ആവശ്യമില്ല. ട്വന്‍റി20യില്‍ ധോണി വിരാടിനു കീഴിലും പിന്നീട് വിരാട് ടെസ്റ്റിലും ഏകദിനത്തിലും ധോണിക്കു കീഴിലും കളിക്കുന്ന അവസ്ഥ ഞാന്‍ അനുകൂലിക്കുന്നില്ല.

അപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ആരാകണം ഉപനായകന്‍?

 • വിരാട്... അവനെ നമ്പര്‍ 2 ആക്കണം. നായകനാവാനുള്ള ആക്രമണാത്മക സമീപനവും മനോഭാവവും അവനുണ്ട്. മികച്ച ബാറ്റ്സ്മാനും മികച്ച ഫീല്‍ഡറുമാണ്. ചിന്തിച്ച് കളിക്കുന്ന പ്രകൃതക്കാരനുമാണവന്‍. ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ഗുണങ്ങള്‍ അവനുണ്ട്.

ധോണിയോട് താങ്കള്‍ക്കെന്താണ് പറയാനുള്ളത്?

 • ലക്ഷ്യത്തില്‍ മനസ്സുറപ്പിക്കുക. മത്സരങ്ങള്‍ ജയിക്കാന്‍ ശ്രമിക്കുക. ധോണി ഫോമില്‍ തിരിച്ചെത്തിയതില്‍ എനിക്കേറെ സന്തോഷമുണ്ട്. നാഗ്പൂര്‍ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം, ചെന്നൈ ഏകദിനത്തില്‍ പൊരുതി സെഞ്ച്വറി നേടി. ഈഡനിലും അപരാജിത ഇന്നിങ്സുമായി തിളങ്ങി.  

കോച്ച് ഡങ്കന്‍ ഫ്ളെച്ചര്‍ വിമര്‍ശങ്ങളില്‍നിന്ന് രക്ഷപ്പെടുന്നത് ശ്രദ്ധിച്ചില്ലേ. ഇതേക്കുറിച്ച്?

 • ഫ്ളെച്ചറിനെ ഉടന്‍ പുറത്താക്കുകയാണ് വേണ്ടത്. അദ്ദേഹത്തിന്‍െറ റോള്‍ എന്താണെന്ന് എനിക്കറിയില്ല. ആഭ്യന്തര ക്രിക്കറ്റ് അദ്ദേഹം ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണെന്നും അറിയില്ല. ഒന്നര വര്‍ഷത്തിലേറെയായി അദ്ദേഹം ടീമിനൊപ്പമുണ്ട്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തെ പറഞ്ഞയക്കാനുള്ള സമയമായി. നമ്മുടെ ബൗളിങ് കോച്ച് ആരാണെന്ന് എനിക്ക് ഇപ്പോഴുമറിയില്ല. കഴിഞ്ഞ പത്തുമാസമായി അയാള്‍ എന്താണ് ചെയ്യുന്നതെന്നും അറിഞ്ഞുകൂടാ.

ജോ ഡാവേസാണ് ബൗളിങ് കോച്ച്...
അങ്ങനെയൊരാളെക്കുറിച്ച് ഞാന്‍ കേട്ടിട്ടേയില്ല.
നാട്ടുകാരനായ കോച്ചാണ് വേണ്ടതെന്ന സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?

 • ഏതു രാജ്യക്കാരനായാലും മികച്ചയാളെ ലഭ്യമാക്കുകയാണ് വേണ്ടത്. ഫ്ളെച്ചറുടെ പിന്‍ഗാമി ഇന്ത്യക്കാരനായാല്‍ നന്നായി. നമ്മുടെ സംസ്കാരം അടുത്തറിയുകയും കളിക്കാരെ നന്നായി മനസ്സിലാക്കുകയും ചെയ്യാന്‍ കഴിയുന്ന കോച്ച് കൂടുതല്‍ ഗുണം പകരും.

ആരെങ്കിലും മനസ്സിലുണ്ടോ?

 • മുന്‍ ക്യാപ്റ്റനായിരുന്നാല്‍ നന്നായി. ആളുകളെ കൈകാര്യം ചെയ്യാന്‍ മിടുക്കും വേണം. എല്ലാവരെയും ഒരേ അളവുകോലുകൊണ്ട് അളക്കാനാവില്ല.

പകരക്കാരുടെ കരുത്തില്‍ സംതൃപ്തനാണോ?

 • അല്ല. പ്രതിഭാധനരായ കൂടുതല്‍ കളിക്കാരെ നമുക്കാവശ്യമുണ്ട്. ടീമിലെ സ്ഥിരം താരങ്ങള്‍ക്ക് സമ്മര്‍ദമുയര്‍ത്താന്‍ കഴിവുള്ളവരെയാണ് വേണ്ടത്. തങ്ങളുടെ സ്ഥാനത്തിന് ഇളക്കം തട്ടുമെന്ന ഭീഷണിയുണ്ടെങ്കില്‍ സ്ഥിരം താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കും. ഇന്ത്യ ‘എ’, അണ്ടര്‍ 19 തലങ്ങളില്‍ കളിച്ചുതെളിയുന്ന താരങ്ങളെ ടീമിലെടുത്ത് അവര്‍ക്ക് അവസരങ്ങള്‍ നല്‍കണം; പ്രത്യേകിച്ച് ഏകദിനങ്ങളില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus