12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

കേന്ദ്ര സര്‍വകലാശാല പെരിയ കാമ്പസില്‍ ജൂലൈയില്‍ ക്ളാസ് തുടങ്ങും

കാസര്‍കോട്: ശനിയാഴ്ച ശിലാസ്ഥാപനം നടക്കുന്ന കേന്ദ്ര സര്‍വകലാശാല ആസ്ഥാനമായ പെരിയ കാമ്പസില്‍ ജൂലൈയില്‍ ഭാഗികമായി ക്ളാസ് തുടങ്ങാനാകുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈയോടെ ആദ്യഘട്ടത്തില്‍ 80,000 ചതുരശ്ര അടി കെട്ടിട നിര്‍മാണം പൂര്‍ത്തിയാകും. ഇതോടെ അടുത്ത അക്കാദമിക വര്‍ഷം പുതുതായി തുടങ്ങുന്ന എജുക്കേഷന്‍, കെമിസ്ട്രി സ്കൂളുകള്‍ പെരിയയില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതടക്കം ആറ് പുതിയ സ്കൂളുകള്‍ സര്‍വകലാശാലക്ക് കീഴില്‍ ആരംഭിക്കും. ശനിയാഴ്ച രാവിലെ 10.30ന് പെരിയ കാമ്പസില്‍ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി ഡോ.എം. പള്ളം രാജു കാമ്പസ് കെട്ടിടത്തിന് ശിലയിടും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിക്കും. ഹരിത കാമ്പസിന്‍െറ മാസ്റ്റര്‍ പ്ളാന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ പ്രകാശനം ചെയ്യും. കേന്ദ്രമന്ത്രി ഇ. അഹമ്മദ്, വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്, പി. കരുണാകരന്‍ എം.പി, യൂനിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. വി.എല്‍. ചോപ്ര, ജില്ലയിലെ ജനപ്രതിനിധികള്‍, ജില്ല കലക്ടര്‍ എന്നിവര്‍ പങ്കെടുക്കും.
പ്ളാന്‍േറഷന്‍ കോര്‍പറേഷനില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 310 ഏക്കറിലാണ് സര്‍വകലാശാലയുടെ ഹരിതമാതൃകയിലുള്ള കാമ്പസ് കെട്ടിടം നിര്‍മിക്കുന്നത്. കേന്ദ്ര പൊതുമരാമത്തിനാണ് നിര്‍മാണ ചുമതല. 51 ഏക്കര്‍ കൂടി പെരിയയില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സ്ഥലം, വെള്ളം, വൈദ്യുതി എന്നിവ സര്‍ക്കാര്‍ സൗജന്യമായാണ് നല്‍കിയത്. എജുക്കേഷന്‍ സ്കൂളിന്‍െറ ഭാഗമായി കാസര്‍കോട്ടെ സ്കൂളുകളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.
സ്കൂളുകളിലെ പാഠ്യരീതി മെച്ചപ്പെടുത്താന്‍ മാര്‍ഗങ്ങള്‍ ആരായും. 2009ല്‍ കാസര്‍കോട്ടെ വിദ്യാനഗറിലുള്ള താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സര്‍വകലാശാലയില്‍ ഇപ്പോള്‍ ആറ് സ്കൂളുകള്‍ക്ക് കീഴിലായി 15 വകുപ്പുകള്‍, 14 പി.ജി കോഴ്സുകള്‍, ഏഴ് സംയോജിത എം.ഫില്‍/പി.എച്ച്.ഡി കോഴ്സുകള്‍ എന്നിവ നടത്തുന്നു. ബയോളജിക്കല്‍ സയന്‍സസ്, എനര്‍ജി എന്‍വയോണ്‍മെന്‍റ് ആന്‍ഡ് എര്‍ത്ത് സയന്‍സസ്, ഗ്ളോബല്‍ സ്റ്റഡീസ്, ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, ലാംഗ്വേജസ് ആന്‍ഡ് കമ്പാരിറ്റീവ് ലിറ്ററേച്ചര്‍, മാത്ത്മാറ്റിക്കല്‍ ആന്‍ഡ് ഫിസിക്കല്‍ സയന്‍സസ്, പ്രഫഷനല്‍ സ്റ്റഡീസ് എന്നിവയാണ് സ്കൂളുകള്‍. സയന്‍സ് വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് പടന്നക്കാടാണ്. 426 വിദ്യാര്‍ഥികളും 66 അധ്യാപകരും 37 അധ്യാപകേതര ജീവനക്കാരുമാണ് സര്‍വകലാശാലയിലുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ. കെ.എം അബ്ദുല്‍ റഷീദ്, പരീക്ഷ കണ്‍ട്രോളര്‍ വി. ശശിധരന്‍, ഫിനാന്‍സ് ഓഫിസര്‍ പി. ഭാസ്കരന്‍, ഡപ്യൂട്ടി രജിസ്ട്രാര്‍ എസ്. ഗോപിനാഥ്, ഡീന്‍ ഡോ. ജേക്കബ് ചാക്കോ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com