12:30:26
31 Aug 2015
Monday
Facebook
Google Plus
Twitter
Rssfeed

അവള്‍ പറയുന്നു; അത്രമേല്‍ ഭീകരം ആ രാത്രി

അവള്‍ പറയുന്നു; അത്രമേല്‍ ഭീകരം ആ രാത്രി

ആലപ്പുഴ: ദല്‍ഹിയിലെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയതിന്‍െറ നടുക്കത്തില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുന്ന നേരമായിരുന്നു അത്. നാടൊട്ടുക്ക് ആ പെണ്‍കുട്ടിയുടെ ഓര്‍മക്കുമുന്നില്‍ മെഴുകുതിരി കത്തിക്കെ വെറും 16 കാരിയായ താന്‍ നിയമപാലകരാല്‍ മാനസികമായി പീഡിപ്പിക്കപ്പെട്ട ദുരനുഭവം വിവരിച്ചപ്പോള്‍ അവള്‍ വിതുമ്പാതിരുന്നത് ജീവിതാനുഭവങ്ങളിലൂടെ വശപ്പെടുത്തിയ മനക്കരുത്തിന്‍െറ ബലത്തിലായിരുന്നു.
മാവോയിസ്റ്റുകള്‍ എന്ന പേരില്‍ പൊലീസ് തിരയുന്ന തൃശൂര്‍ വലപ്പാട് സ്വദേശികളായ രൂപേഷ് - ഷൈന ദമ്പതികളുടെ 16 വയസ്സുള്ള മകളാണ് ആലപ്പുഴ പ്രസ് ക്ളബില്‍ മറ്റൊരു മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ തനിക്കനുഭവിക്കേണ്ടിവന്ന ദുരനുഭവം വിവരിച്ചത്. ‘കഴിഞ്ഞ ഡിസംബര്‍ 29ന് ഉച്ചക്ക് 12ന് ഒരു സാംസ്കാരിക കൂട്ടായ്മ രൂപവത്കരിക്കാനാണ് മാവേലിക്കരയില്‍ കൂടിയത്. ഞങ്ങളെ ആദ്യം ശശി എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തു. ശേഷം മാവേലിക്കര പൊലീസ് വന്നു കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി. പിന്നീട് 12 മണിക്കൂറിലധികം തുടര്‍ച്ചയായ ചോദ്യം ചെയ്യലായിരുന്നു.
സീമ എന്ന പോലീസുകാരിയും ഒപ്പമുണ്ടായിരുന്ന യൂണിഫോം ധരിക്കാത്ത പൊലീസുകാരനും ചോദ്യം ചെയ്തതില്‍ അധികവും പുറത്തുപറയാന്‍ കൊള്ളാത്തവയായിരുന്നു. ഞങ്ങള്‍ നിന്നെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. പറഞ്ഞത് നുണയായാല്‍ വൈദ്യപരിശോധനയില്‍ എല്ലാം വ്യക്തമാകും. ഇവളെ കണ്ടാല്‍ അന്ന് നമ്മള്‍ അറസ്റ്റ് ചെയ്ത മറ്റേ കേസിലെ പെണ്‍കുട്ടിയുടെ രൂപമാണെന്നും അവര്‍ പരസ്പരം പറയുന്നുമുണ്ടായിരുന്നു.
ഒരു പൊലീസുകാരന്‍ എന്‍െറ ഫേസ്ബുക് അക്കൗണ്ടിന്‍െറ യൂസര്‍ നെയിമും പാസ് വേഡും ചോദിച്ചു. പറയാന്‍ പറ്റില്ലെന്നുപറഞ്ഞപ്പോള്‍ പറഞ്ഞുതന്നില്ലെങ്കില്‍ അടുത്തൊന്നും നീ പുറംലോകം കാണില്ലെന്നായിരുന്നു ഭീഷണി. ഈ വൃത്തികെട്ട ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ 10 വയസ്സുമാത്രം പ്രായമുള്ള എന്‍െറ അനുജ ത്തിയും എന്നോടൊപ്പമുണ്ടായിരുന്നു. പൊലീസ് 75 വയസ്സ് പ്രായമുള്ള എന്‍െറ ഉമ്മ (അമ്മമ്മ)യെ രാത്രി രണ്ടിന് വിളിച്ചുവരുത്തി. ഞങ്ങളെ കാണാന്‍ പോലും അവരെ അനുവദിച്ചില്ല. പിന്നീട് അവരെ തനിയെ പറഞ്ഞുവിട്ടു. രാത്രി രണ്ടരക്കുശേഷമാണ് ഞങ്ങളെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയത്. എത്ര ഭീകരമായിരുന്നു ആ രാത്രി എന്നറിയുമോ?30ന് വൈകുന്നേരം ആറിനാണ് അച്ഛന്‍ രൂപേഷിന്‍െറ ജ്യേഷ്ഠനൊപ്പം ഞങ്ങളെ വിട്ടയച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി അച്ഛന്‍ രൂപേഷിനെയും അമ്മ ഷൈനയെയും ഞങ്ങള്‍ കണ്ടിട്ട്. അതിനുശേഷം ഞങ്ങള്‍ അവരുമായി ഒരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ല’ കുട്ടി പറഞ്ഞു നിര്‍ത്തി.

പൊലീസ് കസ്റ്റഡിയില്‍ നിരപരാധികളെന്ന് പി.യു.സി.എല്‍ റിപ്പോര്‍ട്ട്
ആലപ്പുഴ: മാവേലിക്കരയില്‍ മാവോയിസ്റ്റുകള്‍ എന്ന പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ - സാമൂഹിക പ്രവര്‍ത്തകരെ നിരുപാധികം വിട്ടയക്കണമെന്ന് പി.യു.സി.എല്ലിന്‍െറ വസ്തുതാന്വേഷണത്തിന്‍െറ ഇടക്കാല റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
പി.യു.സി.എല്‍ സംസ്ഥാന ജന. സെക്രട്ടറി അഡ്വ.പി.എ. പൗരന്‍, ഗ്രോ വാസു, അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥി, പ്രേമന്‍, ഗോപി എന്നിവര്‍ അടങ്ങുന്ന അന്വേഷണ സംഘത്തിന്‍െറ ഇടക്കാല റിപ്പോര്‍ട്ട് ആലപ്പുഴ പ്രസ് ക്ളബിലാണ് പുറത്തിറക്കിയത്.
കേസ് അന്വേഷിച്ച പൊലീസ് പ്രവര്‍ത്തകര്‍, തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍, യോഗം ചേര്‍ന്ന ലോഡ്ജിന്‍െറ ഉടമ, ലോഡ്ജിലെ ജീവനക്കാര്‍ തുടങ്ങിയവരെ സന്ദര്‍ശിച്ചാണ് വസ്തുതകള്‍ ശേഖരിച്ചത്.
വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടന രൂപവത്കരിക്കുന്നതിനെകുറിച്ച് ആലോചിക്കാനായിരുന്നു യോഗം .
നിയമ ബിരുദധാരിയും കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് വിദ്യാര്‍ഥിയുമായ രാജേഷാണ് യോഗം വിളിക്കാന്‍ മുന്‍കൈ എടുത്തത്. ബാഹുലേയന്‍, ദേവരാജന്‍ എന്നീ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ വിളിച്ച യോഗത്തിലേക്ക് ഇപ്പോള്‍ തടവില്‍ കഴിയുന്ന ഷിയാസിനെയും മാവോയിസ്റ്റുകളാണെന്ന സംശയത്തിന്‍െറ പേരില്‍ പൊലീസ് അന്വേഷിക്കുന്ന രൂപേഷ് - ഷൈന ദമ്പതികളുടെ 16 വയസ്സുള്ള മകളെയും സുഹൃത്ത് എന്ന നിലയില്‍ രാജേഷ് തന്നെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്.
ഈ യോഗത്തില്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തെക്കുറിച്ച് സംസാരിക്കാനാണ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും സയന്‍റിസ്റ്റുമായ തമിഴ്നാട്ടുകാരന്‍ ഗോപാലിനെ ക്ഷണിച്ചത്. വ്യക്തമായ രേഖകള്‍ ഹാജരാക്കിയാണ് രാജേഷ് മാവേലിക്കരയിലെ ‘ചെറുമഠം’ ലോഡ്ജില്‍ മുറി ബുക് ചെയ്തത്.
പൊലീസ് പിടിക്കുമ്പോള്‍ ഗോപാല്‍, രാജേഷ്, ഷിയാസ് എന്നിവരുടെ പക്കല്‍ തിരിച്ചറിയല്‍ രേഖകളും ഉണ്ടായിരുന്നു.
ഗോപാലില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതായി പറയുന്ന ലഘുലേഖകള്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ‘സെന്‍റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്’ സംഘടന നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നോട്ടീസാണ്.
ഇവര്‍ക്കൊപ്പം പൊലീസ് കസ്റ്റഡിയി ലെടുത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് വിരുദ്ധമായി ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.
സീമ എന്ന വനിതാ പൊലീസും അഡീഷനല്‍ എസ്.ഐ കെ.വൈ. ഡാമിയനും കുട്ടികളോട് മോശമായി പെരുമാറുകയും ലൈംഗിക വേഴ്ചയെക്കുറിച്ച് അസഭ്യമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു.
കുട്ടികളുടെ രക്ഷിതാവായ അമ്മൂമ്മയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിട്ടും അവരെ കാണാന്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂനിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളെ ചോദ്യം ചെയ്യരുത് എന്ന ചട്ടവും ലംഘിച്ചു. മാതാപിതാക്കളുടെ രാഷ്ട്രീയ വിശ്വാസങ്ങള്‍ മുന്‍നിര്‍ത്തി കുട്ടികളോട് വിവേചനപരമായി പെരുമാറരുതെന്ന നിയമം ലംഘിച്ച് 12 മണിക്കൂ ര്‍ നേരമാണ് അവരെ സ്റ്റേഷനില്‍ തടഞ്ഞുവെച്ചത്. സംഭവം നടന്ന ഡിസംബര്‍ 29ന് രാത്രി രണ്ടിനുശേഷമാണ് കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ ഓഫിസര്‍ മുമ്പാകെ ഹാജരാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അന്യായ തടവില്‍ വെച്ചിരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ആഭാസകരമായി ചോദ്യം ചെയ്ത പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരെ ഭീകരരായി ചിത്രീകരിക്കുന്നത് അസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. അഡ്വ.പി.എ. പൗരന്‍, ഗ്രോ വാസു, യൂസുഫ് കായംകുളം, സുഗതന്‍, രൂപേഷ് - ഷൈന ദമ്പതിമാരുടെ 16 വയസ്സുകാരി മകള്‍ എന്നിവര്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയ ചടങ്ങില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com