12:30:26
10 Oct 2015
Saturday
Facebook
Google Plus
Twitter
Rssfeed

പ്രവാസി പ്രശ്നങ്ങള്‍: ചെപ്പടിവിദ്യകള്‍ പോര

പ്രവാസി പ്രശ്നങ്ങള്‍:  ചെപ്പടിവിദ്യകള്‍ പോര

വിദേശരാഷ്ട്രങ്ങളില്‍ തൊഴിലെടുത്ത് ജീവിക്കുന്ന രണ്ടരക്കോടി ഇന്ത്യക്കാരുണ്ടെന്നാണ് പ്രവാസികാര്യ വകുപ്പിന്‍െറ കണക്ക്. രേഖാമൂലം വിദേശത്ത് താമസിക്കുന്നവരുടെ മാത്രം കണക്കാണിത്. ഒരു രേഖയുമില്ലാതെ വിദേശത്ത് തൊഴിലെടുത്തും അല്ലാതെയും കഴിഞ്ഞുകൂടുന്നവര്‍ ഇതിന്‍െറ പകുതിയെങ്കിലും വരും. ഇവരെ ഇന്ത്യാ ഗവണ്‍മെന്‍റ് മുഖ്യമായും രണ്ടുതരക്കാരായി വേര്‍തിരിക്കുന്നു- പി.ഐ.ഒ (പേഴ്സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) എന്നും എന്‍.ആര്‍.ഐ (നോണ്‍ റെസിഡന്‍റ് ഇന്ത്യന്‍) എന്നും. ആദ്യത്തെ വിഭാഗം വിദേശരാഷ്ട്രങ്ങളില്‍ പൗരത്വം സ്വീകരിച്ചവരാണ്. അവര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തശേഷം അന്യരാഷ്ട്രങ്ങളുടെ പൗരത്വം സ്വീകരിക്കുകയും വര്‍ഷങ്ങളായി അവിടങ്ങളില്‍ കുടുംബസമേതം താമസിക്കുകയും ചെയ്തുവരുന്നവരാണ്. മറ്റേ വിഭാഗമാകട്ടെ, ജന്മനാടുമായി പൊക്കിള്‍കൊടി ബന്ധം മുറിക്കാതെ, പൗരത്വം അഭിമാനപൂര്‍വം കാത്തുസൂക്ഷിക്കുകയും അധ്വാനത്തിന്‍െറ ഫലമായി ലഭിക്കുന്ന അവസാന നാണയത്തുട്ടും നാട്ടിലേക്കയച്ച് ഇന്ത്യയുടെ സാമ്പത്തികഘടനയെ രക്ഷിച്ചുനിര്‍ത്തുകയും ചെയ്യുന്നവര്‍. ആദ്യവിഭാഗം പടിഞ്ഞാറന്‍ നാടുകളില്‍ ചേക്കേറിയവരാണെങ്കില്‍ രണ്ടാമത്തെ വിഭാഗം ഏഷ്യനാഫ്രിക്കന്‍ നാടുകളില്‍ പ്രവാസജീവിതം നയിക്കുന്നവരാണ്. ഇന്ത്യയിലേക്ക് വര്‍ഷംതോറും വന്നുചേരുന്ന വിദേശനാണയത്തിന്‍െറ വലിയൊരു പങ്ക് മനുഷ്യവിഭവശേഷി കയറ്റുമതിയില്‍നിന്നാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ആഭ്യന്തര ഉല്‍പാദനം, 121 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ ഉപഭോഗത്തിനുതന്നെ തികയാതെവരുന്നുവെന്നത്, കൂടുതല്‍ മനുഷ്യവിഭവശേഷിയുടെ കയറ്റുമതിക്കാണ് നമ്മെ പ്രേരിപ്പിക്കുന്നത്. ഈ യാഥാര്‍ഥ്യം രണ്ട് സുപ്രധാന കാര്യങ്ങളിലേക്കാണ് നമ്മുടെ ശ്രദ്ധ തിരിച്ചുവിടുന്നത്. ഒന്ന്, നമ്മുടെ ഇറക്കുമതി ആവശ്യങ്ങളില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന ഊര്‍ജവിഭവ സമാഹരണത്തിന് ആവശ്യമായ വിദേശനാണയം ആഭ്യന്തര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍നിന്ന് ലഭ്യമല്ല. രണ്ട്, നമ്മുടെ ഏറ്റവും വലിയ കയറ്റുമതി ‘ഉല്‍പന്ന’മായ മാനവശേഷിയുടെ കയറ്റുമതിയും വിപണനവും നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്തി അവയെ അതിജീവിക്കാനുള്ള അടിയന്തര നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണം.
ഈ വസ്തുതകള്‍ മുന്‍നിര്‍ത്തിയാണ് 2004ല്‍ കേന്ദ്രത്തില്‍ പ്രവാസികാര്യ മന്ത്രാലയം ആരംഭിച്ചത്. ജഗദീഷ് ടൈറ്റ്ലറുടെ നേതൃത്വത്തില്‍ ആരംഭിച്ച മന്ത്രാലയം പൃഥ്വീരാജ് ചൗഹാനും ഓസ്കാര്‍ ഫെര്‍ണാണ്ടസും നേതൃത്വം നല്‍കിയശേഷം 2006 മുതല്‍ കേരളീയനായ വയലാര്‍ രവിയുടെ കീഴിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. പി.ഐ.ഒ (പേഴ്സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍), ഒ.സി.ഐ (ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ), എന്‍.ആര്‍.ഐ (നോണ്‍ റെസിഡന്‍റ് ഇന്ത്യന്‍), എന്നിവരും 19ാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിന്‍െറ ആദ്യത്തിലും വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരായ പൂര്‍വികരുടെ അനന്തരഗാമികളും ഈ വകുപ്പിന്‍െറ കീഴിലാണ് വരുന്നത്. 2003 മുതല്‍ തുടങ്ങിയ പ്രവാസി ഭാരതീയ ദിവസ് (പി.ബി.ഡി) ആഘോഷം ഇന്ത്യയിലെ വിവിധ മെട്രോസിറ്റികളില്‍ കെങ്കേമമായി കൊണ്ടാടപ്പെട്ടശേഷം ഈ വര്‍ഷം ആദ്യമായി കേരളത്തില്‍ ജനുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ നടത്തപ്പെടുകയാണ്. ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതത്തിനുശേഷം 1915 ജനുവരി ഒമ്പതിന് മഹാത്മാഗാന്ധി മുംബൈയില്‍ കപ്പലിറങ്ങിയതിനെ അനുസ്മരിച്ചാണ് ഈ ദിവസങ്ങള്‍ പ്രവാസി ആഘോഷത്തിനായി തെരഞ്ഞെടുത്തത്.
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരെ ഇന്ത്യയിലേക്കാകര്‍ഷിക്കാനും അവരുടെ നിക്ഷേപം ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ലഭ്യമാക്കാനും പി.ഐ.ഒ എന്ന ലേബലില്‍ ഐഡന്‍റിറ്റി കാര്‍ഡ് നല്‍കിത്തുടങ്ങിയത് 2002 മുതലാണ്. അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ്, ഭൂട്ടാന്‍, ചൈന, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ അയല്‍പക്ക രാഷ്ട്രങ്ങളിലൊഴിച്ച് മറ്റു വിദേശ രാഷ്ട്രങ്ങളുടെ പൗരത്വം സ്വീകരിച്ചവര്‍ക്കാണ് ഈ കാര്‍ഡ് നല്‍കുന്നത്. നാലു തലമുറകള്‍ക്കുമുമ്പ് വിദേശത്ത് കുടിയേറിയ കുടുംബത്തിനുപോലും ഈ കാര്‍ഡ് ലഭിക്കും. 1000 ഡോളര്‍ അടച്ചാല്‍ ലഭിക്കുന്ന കാര്‍ഡിന് 15 വര്‍ഷ കാലാവധിയാണുള്ളത്. കാലാവധിക്കുശേഷവും ആവശ്യക്കാര്‍ക്ക് ചാര്‍ജില്ലാതെ പുതുക്കുകയുമാവാം. എമിഗ്രേഷന്‍, ബിസിനസ് സംരംഭങ്ങള്‍, സ്വത്ത് സമ്പാദിക്കല്‍ തുടങ്ങിയ മേഖലകളില്‍ മുന്തിയ പരിഗണനയാണ് പി.ഐ.ഒകള്‍ക്കുള്ളത്. എന്നാല്‍, ഇവരുടെ ഇന്ത്യയിലുള്ള നിക്ഷേപം ഗള്‍ഫ് എന്‍.ആര്‍.ഐക്കാരുടേതിന്‍െറ പകുതിപോലും വരില്ലെന്നാണ് അറിയുന്നത്. മാത്രമല്ല, അവരുടെ നിക്ഷേപങ്ങള്‍ വിദേശനാണയത്തില്‍തന്നെ തിരിച്ചെടുക്കാനുള്ള അനുവാദവുമുണ്ട്. ഇത്തരം മുന്തിയ പരിഗണനകള്‍ എന്‍.ആര്‍.ഐക്കാര്‍ക്കില്ലെന്നതാണ് പരിതാപകരം. പടിഞ്ഞാറന്‍ നാടുകളിലെ വെളുത്ത ദൊരമാരോടുള്ള വിധേയത്വം അവിടെയുള്ള ഇന്ത്യന്‍ ദൊരമാരോടും നമ്മുടെ സര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നുവെന്ന ആക്ഷേപം പരക്കെയുണ്ട്. അതിനാല്‍തന്നെയാണ് വര്‍ഷങ്ങളായി നടക്കുന്ന പി.ബി.ഡിയില്‍ ഗള്‍ഫ് പ്രവാസികള്‍ താല്‍പര്യം കാണിക്കാത്തതും.
ഗള്‍ഫ് പ്രവാസികളുടെ പ്രശ്നങ്ങള്‍ ദിനേനയെന്നോണം രൂക്ഷമായി വരുകയാണെന്ന യാഥാര്‍ഥ്യം നമുക്ക് അവഗണിക്കുക സാധ്യമല്ല. ഗള്‍ഫ് നാടുകളില്‍ വിദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുകയാണെന്ന തിക്ത സത്യം നാം മനസ്സിലാക്കിയേ പറ്റൂ. അവിടങ്ങളിലെ കലാലയങ്ങളില്‍നിന്ന് പഠിച്ചുവരുന്ന അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കേണ്ടത് ഭരണകൂടങ്ങളുടെ കനത്ത ബാധ്യതയായി മാറിയിരിക്കുന്നു. മേഖലയില്‍ വീശിയടിക്കുന്ന ‘അറബ് വസന്ത’ക്കാറ്റ് കൊടുങ്കാറ്റായി മാറാതിരിക്കാനുള്ള ബുദ്ധിപൂര്‍വകമായ കരുനീക്കങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തൊഴില്‍രംഗത്ത് ശക്തമായി നടക്കുന്ന സ്വദേശിവത്കരണം ഇന്ത്യന്‍ തൊഴിലാളികളുടെ സാധ്യതകളെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. അതില്‍ കേരളീയരാണ് മുന്നില്‍.
ഇതര നാടുകളില്‍നിന്ന് നിര്‍മാണരംഗത്തും മറ്റും പ്രവൃത്തിക്കുന്ന അവിദഗ്ധ തൊഴിലാളികളാണ് ഗള്‍ഫിലെത്തിയിട്ടുള്ളത്. എന്നാല്‍, ഇന്ത്യയില്‍നിന്ന്, വിശിഷ്യ കേരളത്തില്‍നിന്ന് വിദഗ്ധ തൊഴിലാളികളാണ് ഗള്‍ഫിലേറെയും. സൗദി അറേബ്യയിലെ ‘നിത്വാഖാത്തും’ മറ്റു നാടുകളിലെ വിസാനിരോധവും സാമ്പത്തിക മാന്ദ്യത്തിന്‍െറ പേരില്‍ പരക്കെ നടന്ന പിരിച്ചുവിടലും മൂലം ജോലിനഷ്ടം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യന്‍ പ്രവാസികളെയാണ്. കേരളീയര്‍തന്നെയാണ് മുന്‍പന്തിയില്‍. വിദ്യാഭ്യാസ രംഗത്ത് മധ്യപൗരസ്ത്യ ദേശത്തുണ്ടായ അദ്ഭുതാവഹമായ മുന്നേറ്റം ഇതിന്‍െറ മുഖ്യഹേതുവാണെന്നുതന്നെ പറയാം. 1940കളില്‍ കേവലം നാല് യൂനിവേഴ്സിറ്റികള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്നിപ്പോള്‍ 300ലേറെ യൂനിവേഴ്സിറ്റികളാണ് മേഖലയില്‍ പ്രശസ്തമാംവിധം പ്രവര്‍ത്തിക്കുന്നത്. 2003ല്‍ കേവലം എട്ട് യൂനിവേഴ്സിറ്റികള്‍ മാത്രമുണ്ടായിരുന്ന സൗദി അറേബ്യയില്‍ പുതുതായി നൂറിലേറെ യൂനിവേഴ്സിറ്റികളും ഉന്നത കലാലയങ്ങളും ആരംഭിച്ചിട്ടുണ്ട്. 23 മില്യന്‍ ജനതക്ക് 15 ബില്യന്‍ ഡോളറിന്‍െറ വാര്‍ഷിക ബജറ്റാണ് ഉന്നത വിദ്യാഭ്യാസത്തിനായി അംഗീകരിച്ചിട്ടുള്ളത്. അറബ് മേഖലയിലെ രാഷ്ട്രീയ പരിവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ് ഈ വൈജ്ഞാനികാഭിമുഖ്യം എന്ന് നാം തിരിച്ചറിഞ്ഞേ തീരൂ.
ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസമാണ് ഇന്ത്യാ ഗവണ്‍മെന്‍റ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കേവലം പാര്‍പ്പിടപ്രശ്നമല്ല, ഉപജീവനപ്രശ്ന പ്രധാനമാണ് ഈ പ്രവാസി പ്രഹേളിക. കേരളം നേരത്തേ തുടങ്ങിയ നോര്‍ക റൂട്സ് ഈ രംഗത്ത് പ്രതീക്ഷാനിര്‍ഭരമായ ചില കാല്‍വെപ്പുകള്‍ നടത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമായിട്ടില്ലെന്ന് പറയാതെ വയ്യ. കേരള സര്‍ക്കാറും നോര്‍കയും ചേര്‍ന്ന് നടത്തിവരുന്ന പല പദ്ധതികളും കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ ശ്രദ്ധയിലോ വിദേശകാര്യാലയവുമായി ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളുടെ പരിഗണനയിലോ പെടുന്നില്ലെന്നതാണ് ഖേദകരം. നോര്‍ക ‘സ്വപ്നസാഫല്യം’ എന്ന പേരില്‍ സൗദി അറേബ്യയില്‍ 2012 മുതല്‍ ആരംഭിച്ച പദ്ധതി എംബസിയുടെ സഹകരണം ലഭിക്കാത്തതിനാല്‍ അര്‍ധപ്രാണനായി അസ്തമിക്കുകയാണത്രെ. മടക്കയാത്രക്ക് ടിക്കറ്റില്ലാത്തതിനാല്‍ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ജയിലില്‍തന്നെ കഴിയേണ്ടിവന്ന നിര്‍ഭാഗ്യവാന്മാരെ സഹായിക്കാന്‍ ഉദാരമതികളായ കേരളീയ ബിസിനസുകാരുടെ സംഭാവനകൊണ്ട് തുടങ്ങിയതാണ് ഈ പദ്ധതി. എന്നാല്‍, പദ്ധതി പ്രഖ്യാപിച്ചതോ നടപ്പാക്കിയതോ സംബന്ധിച്ച് സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ അറിയിക്കാന്‍ കേരള സര്‍ക്കാര്‍ അമാന്തം കാണിച്ചതിനാല്‍ ചൂഷണത്തിനും അര്‍ഹര്‍ അവഗണിക്കപ്പെടുന്നതിനും ഇടയായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2010ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്‍െറ സൗദി സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും സുപ്രധാനമായ പല കരാറുകളിലും ഒപ്പുവെച്ചിരുന്നു. കുറ്റവാളികളെയും ഇരുരാജ്യങ്ങളിലും തടവില്‍ കഴിയുന്ന പൗരന്മാരെയും പരസ്പരം കൈമാറല്‍ ആ കരാറുകളില്‍ പെട്ടതാണ്. കുറ്റവാളികളെ കൈമാറുന്ന വിഷയത്തില്‍ ഭീകരവിരുദ്ധതയെന്ന പേരില്‍ ഇരുരാജ്യങ്ങളും ആവേശപൂര്‍വം സഹകരിക്കുന്നുണ്ടെന്നതിന് തെളിവാണ് ഒരു ബോംബ് സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫസീഹ് എന്ന ഇന്ത്യന്‍ എന്‍ജിനീയറെ ജൂബൈലിലെ ജോലിസ്ഥലത്തുനിന്ന് അറസ്റ്റുചെയ്ത് അജ്ഞാതവാസം കഴിഞ്ഞ് ഇന്ത്യയിലേക്കയച്ചത്. എന്നാല്‍, ഇരുരാജ്യങ്ങളിലെയും ജയിലുകളില്‍ കഴിയുന്ന സ്വന്തം പൗരന്മാരെക്കുറിച്ച വിവരങ്ങള്‍ നല്‍കാനോ ആളുകളെ കൈമാറുന്നതിനുള്ള ധാരണാപത്രപ്രകാരമുള്ള തുടര്‍നടപടിക്കോ ഇന്ത്യ മുതിര്‍ന്നിട്ടില്ല. അതേസമയം, ഇന്ത്യന്‍ ജയിലുകളില്‍ തങ്ങളുടെ എത്ര പൗരന്മാരുണ്ടെന്ന് ഇന്ത്യയിലെ സ്ഥാനപതി കാര്യാലയം മുഖേന സൗദി അറേബ്യ അന്വേഷിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. റിയാദിലെ ഇന്ത്യന്‍ എംബസിക്കുള്ള വിവരമനുസരിച്ച് 1500ഓളം ഇന്ത്യക്കാര്‍ സൗദി അറേബ്യയിലെ വിവിധ ജയിലുകളിലായുണ്ട്. കൊലപാതകം, മയക്കുമരുന്നു കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യം മുതല്‍ അനധികൃത താമസം, പണമിടപാട്, തുടങ്ങിയ ചെറുകുറ്റങ്ങള്‍ വരെ വിവിധ വിഷയങ്ങള്‍ക്ക് ജയിലില്‍ അകപ്പെട്ടവരാണിവര്‍. ഇവരില്‍ 800ഓളം പേര്‍ മലയാളികളാണ്. നൂറില്‍ താഴെമാത്രമാണ് ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായവര്‍. മിക്കപേരും വിചാരണ തടവില്‍ കഴിയുന്നവരാണ്. ശിക്ഷ വിധിക്കപ്പെട്ടവരുടെ എണ്ണം കുറവാണ്. വിധിച്ച ശിക്ഷ എന്താണെന്നും തങ്ങളുടെ കുറ്റമെന്താണെന്നും അറിയാത്തവരാണ് ഏറെയും. ശിക്ഷാകാലാവധി കഴിഞ്ഞിട്ടും വിട്ടയക്കപ്പെടാതെ കഴിയുന്നവരും അക്കൂട്ടത്തിലുണ്ട്. എന്തുകൊണ്ടാണ് ജയില്‍മോചനം സാധ്യമാകാത്തതെന്ന് ഇവര്‍ക്കോ എംബസി അധികൃതര്‍ക്കോ അറിയില്ല. ജയിലില്‍ കഴിയുന്ന പൗരന്മാരെക്കുറിച്ചുള്ള വിവരം പരസ്പരം നല്‍കാന്‍ ശക്തമായ ധാരണാപത്രം നിലവിലുണ്ടായിട്ടും അതിന്‍െറ ആനുകൂല്യം നേടിയെടുക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്കോ സൗദിയിലെ ഇന്ത്യന്‍ മിഷനോ കഴിഞ്ഞിട്ടില്ല. ധാരണാപത്രം നടപ്പാക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കാത്തതുതന്നെയാണ് കാരണം. മിക്ക ഗള്‍ഫ് നാടുകളിലെ പ്രവാസി മലയാളികളുടെ പരിച്ഛേദം തന്നെയാണ് സൗദി അറേബ്യയിലേത്. അനുഭവങ്ങളിലും അവസ്ഥകളിലും ചില ഏറ്റക്കുറവുകളുണ്ടായേക്കാം.
2008 മുതല്‍ ആഗോളതലത്തില്‍ സാമ്പത്തിക രംഗത്ത് ഉന്നത സ്ഥാനമലങ്കരിക്കുന്ന ഇന്ത്യ രണ്ടക്ക ജി.ഡി.പിയിലേക്ക് കാലെടുത്തുവെക്കാന്‍ വെമ്പുമ്പോള്‍ ഐ.ഡി.ബി, വേള്‍ഡ് ബാങ്ക് തുടങ്ങിയ ഷൈലോക്കിയന്‍ ഗില്ലറ്റുകള്‍ക്ക് തലവെച്ചുകൊടുക്കുന്നതിന് മുമ്പായി ആസൂത്രിതവും ശാസ്ത്രീയവുമായ രീതിയില്‍ പ്രവാസി ഫണ്ട് സമാഹരിച്ച് ഉപരിതല ഗതാഗതം, വ്യോമയാനം, ജലഗതാഗതം, ടൂറിസം തുടങ്ങിയ ലാഭകരമായ മേഖലകളില്‍ നിക്ഷേപിച്ച് ലാഭവിഹിതം പ്രവാസികള്‍ക്ക് വീതിച്ചുകൊടുക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ച് ചിന്തിക്കാന്‍ സമയം വൈകി. സബ്സിഡിയും ഇളവുകളും അന്യംവന്ന ഈ കാലഘട്ടത്തില്‍ ദാരിദ്ര്യരേഖക്ക് താഴെ കനംതൂങ്ങി നില്‍ക്കുന്ന 30 കോടി ജനതക്കുമേല്‍ പ്രവാസി റിട്ടേണീസിന്‍െറ അധികഭാരംകൂടി വെച്ചുകെട്ടാതിരിക്കാന്‍ ചിന്താശേഷിയുള്ള ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കുമെന്നാശിക്കാം. സജീവവും ആഴത്തിലുള്ളതുമായ ചര്‍ച്ചക്ക് അധികൃതര്‍ തയാറാവണം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus