12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

മണിപ്പൂരിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

മണിപ്പൂരിലെ  ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍  അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

ന്യൂദല്‍ഹി: മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പ്രത്യേക കമീഷന്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജി സന്തോഷ് ഹെഗ്ഡെ, മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ജെ.എം. ലിങ്ദോ, മുതിര്‍ന്ന പൊലീസ് ഓഫിസര്‍ എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷിക്കുക. സന്തോഷ് ഹെഗ്ഡെയുടെയും ലിങ്ദോയുടെയും സമ്മതം ലഭിച്ചശേഷം ഔദ്യാഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായ് എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കിരയായവരുടെ ബന്ധുക്കളുടെ കൂട്ടായ്മ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീംകോടതി തീരുമാനം. നേരത്തേ സംസ്ഥാനത്ത് ജുഡീഷ്യല്‍ കമീഷന്‍ അന്വേഷിച്ച, ആറു പേരുടെ മരണം സംബന്ധിച്ചാണ് സമിതി സ്വതന്ത്ര അന്വേഷണം നടത്തുക. കൊല്ലപ്പെട്ട ആറു പേരില്‍ 12 വയസ്സുകാരനും ഉള്‍പ്പെടും. ഇവരുടെ മരണത്തില്‍ ജുഡീഷ്യല്‍ കമീഷന്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
വ്യാജ ഏറ്റുമുട്ടലിലൂടെ 1528 പേരെ കൊലപ്പെടുത്തിയെന്നും ഈ സംഭവങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് സുപ്രീംകോടതി നേരിട്ട് അന്വേഷിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത നിരപരാധികളാണ് കൊല്ലപ്പെട്ടതെന്നും എന്നിട്ടും ഇതിന് ഉത്തരവാദികളായ ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഹരജിക്കാര്‍ ആരോപിച്ചു. എന്നാല്‍, പ്രത്യേക അന്വേഷണ സംഘമെന്ന ആവശ്യം നിരാകരിച്ച കോടതി, സ്വതന്ത്ര കമീഷനെ നിയോഗിക്കുകയായിരുന്നു. ‘പ്രത്യേക അന്വേഷണസംഘം ആവശ്യമില്ല. എന്നാല്‍, ഏറെ സത്യസന്ധതയും വിശ്വാസ്യതയുമുള്ള വ്യക്തിത്വങ്ങളുടെ നേതൃത്വത്തിലുള്ള ഒരു സ്വതന്ത്രാന്വേഷണമാണ് വേണ്ടത്. ഏറ്റുമുട്ടല്‍ മരണങ്ങളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ദേശീയ മനുഷ്യവകാശ കമീഷനും പരാതിപ്പെട്ടതാണ്’ -കോടതി വ്യക്തമാക്കി.
മണിപ്പൂരില്‍ സൈന്യത്തിന്‍െറ പ്രത്യേകാധികാര നിയമ(അഫ്സ്പ)ത്തിന്‍െറ സാധുതയിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നു പറഞ്ഞ ബെഞ്ച്, പ്രശ്നത്തില്‍ തിടുക്കം കാട്ടേണ്ടതില്ലെന്നും നമ്മള്‍ തുടങ്ങിയിട്ടേ ഉള്ളൂവെന്നും വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com