Sat, 01/05/2013 - 00:14 ( 19 weeks 3 daysago)
എ.ഐ.എഫ്.എഫ് തെരഞ്ഞെടുപ്പ് ഫൗള്‍ പ്ളേയെന്ന് സംസ്ഥാന ഘടകങ്ങള്‍
ന്യൂദല്‍ഹി: അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) തെരഞ്ഞെടുപ്പ് നീതിപൂര്‍വമായിരുന്നില്ലെന്ന് വ്യക്തമാവുന്നു. ഫെഡറേഷന്‍ പ്രസിഡന്‍റായ കേന്ദ്രമന്ത്രികൂടിയായ പ്രഫുല്‍ പട്ടേലിനെ വീണ്ടും തെരഞ്ഞെടുത്തതിനെതിരെ 12 സംസ്ഥാന ഘടകങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ നല്‍കാന്‍ അഖിലേന്ത്യ നേതൃത്വം തയാറാവാതിരുന്നതാണത്രെ ഇവരെ ചൊടിപ്പിച്ചത്.
ഡിസംബര്‍ 20ന് എ.ഐ.എഫ്.എഫ് ആസ്ഥാനത്ത് നടന്ന വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കേരളത്തില്‍നിന്നുള്ള കെ.എം.ഐ. മത്തേര്‍ പുതിയ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്‍റാണ്. ഏകകണ്ഠമായാണ് പട്ടേല്‍ അടക്കമുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തതെന്ന് ഹൈകോടതി റിട്ട. ജഡ്ജിയായ റിട്ടേണിങ് ഓഫിസര്‍ ജസ്റ്റിസ് എസ്.കെ. അഗര്‍വാളും എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസും അവകാശപ്പെട്ടിരുന്നു. വയസ്സും കാലാവധിയും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാറിന്‍െറ കായിക നിയമാവലി പാലിച്ചായിരുന്നു തെരഞ്ഞെടുപ്പെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍, ഫെഡറേഷനിലെ ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലോടെ ഈ അവകാശവാദം പൊളിയുകയാണ്. ഇതിനു പുറമെ, മൂന്നിലൊന്ന് ഘടകങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഫെഡറേഷന് വാര്‍ഷിക ജനറല്‍ ബോഡി യോഗം വീണ്ടും വിളിച്ചുചേര്‍ക്കേണ്ടി വന്നേക്കും.
പൂരിപ്പിക്കാത്ത നാമനിര്‍ദേശ കടലാസുകളാണ് മിക്ക സംസ്ഥാന ഘടകങ്ങളും അയച്ചത്. അഖിലേന്ത്യാ കമ്മിറ്റിയില്‍ പ്രമുഖ സ്ഥാനങ്ങള്‍ നല്‍കാമെന്ന വാഗ്ദാനത്തിലായിരുന്നു ഇതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, നേതൃത്വം വാക്കുപാലിക്കാഞ്ഞതിനെ തുടര്‍ന്ന് ഇക്കൂട്ടര്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാറിന്‍െറ കായിക നിയമാവലി പിന്തുടരണമെന്ന് തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് ദല്‍ഹി ഹൈകോടതി എ.ഐ.എഫ്.എഫിനോട് നിര്‍ദേശിച്ചിരുന്നു. പട്ടേല്‍ പൂരിപ്പിക്കാത്ത നാമനിര്‍ദേശ കടലാസുകള്‍ ഒപ്പിട്ടു വാങ്ങിയതായി ആരോപിച്ച് അഭിഭാഷകന്‍ രാഹുല്‍ മെഹ്റ നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി.
തെരഞ്ഞെടൂപ്പ് ക്രമക്കേട് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെയും ബോക്സിങ് ഫെഡറേഷനെയും അതത് അന്താരാഷ്ട്ര കമ്മിറ്റികള്‍ സസ്പെന്‍ഡ് ചെയ്തിട്ട് അധികനാളായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍