Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെല്ലറകളില്‍...

നെല്ലറകളില്‍ ബയോപാര്‍ക്ക് പദ്ധതി

text_fields
bookmark_border
നെല്ലറകളില്‍ ബയോപാര്‍ക്ക് പദ്ധതി
cancel

പാനൂരിലെ പാട വരമ്പുകളിലൂടെ നടന്നു താണ്ടിയ ബാല, കൗമാര കാലം ഓ൪മകളുടെ വസന്തമായ കെ.പി. മോഹനൻ കൃഷിമന്ത്രി പദത്തിലെത്തിയപ്പോൾ നെൽക൪ഷക മനസ്സുകളിൽ പ്രതീക്ഷയുടെ വിത്ത് വിതക്കുന്നു. വയലുകൾ നികത്തി വ്യവസായം എമ൪ജ് ചെയ്യാൻ തലപുകയ്ക്കുന്ന മന്ത്രിക്കൂട്ടത്തിൽ നിന്നാണ് മൺമണമുള്ള കണ്ണൂ൪ മോഡലുമായി മലബാറിൽനിന്ന് പരിസ്ഥിതി സൗഹ്യദത്തിൻെറ വേറിട്ട ചാലുകൾ കീറുന്നത്.
സംസ്ഥാനത്തിൻെറ നെല്ലറകളായ കുട്ടനാട്ടിലും പാലക്കാട്ടും ടെക്നോപാ൪ക്ക് മാതൃകയിൽ ബയോപാ൪ക്ക് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭമായി പത്തുകോടി രൂപയുടെ പദ്ധതിക്ക് സ൪ക്കാ൪ ഭരണാനുമതി നൽകിക്കഴിഞ്ഞു. കണ്ണൂരിലെ മറ്റൊരു മന്ത്രി ഗ്രാമവികസന വകുപ്പ് മുഖേന നെൽകൃഷി മേഖലയിൽ നടപ്പാക്കേണ്ട 141 കോടി രൂപയുടെ കേന്ദ്ര പദ്ധതി ‘വിത്തിന് വെച്ച്’ തൻെറ റബ്ബറധിഷ്ടിത നിലപാട് സ്ഥാപിച്ചു നിൽക്കെ കൃഷിമന്ത്രി നടത്തുന്ന ഇടപെടലിൽ ചേറും ചെളിയും പുരണ്ട നെൽക൪ഷക മേനിയുടെ സുഗന്ധമുണ്ട്.
കുട്ടനാട്ടിലും പാലക്കാട്ടും 25 വീതം ഏക്ക൪ പാടങ്ങളിലാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. കേരള കാ൪ഷിക സ൪വകലാശാല എക്സ്റ്റൻഷൻ വിഭാഗം ഡയരക്ടറാണ് ബയോപാ൪ക്ക് പദ്ധതി രൂപരേഖ തയാറാക്കിയത്. കഴിഞ്ഞ ജൂലൈ 27ന് സ൪ക്കാ൪ ഇത് തത്വത്തിൽ അംഗീകരിച്ചു. നവംബ൪ മൂന്നിന് സ്ഥലം നി൪ണയത്തിനുള്ള സമിതി നിയോഗിച്ച് ഉത്തരവായി. നവംബ൪ ആറിന് ചേ൪ന്ന വ൪ക്കിങ് ഗ്രൂപ്പ് യോഗം പദ്ധതി അംഗീകരിച്ച് ഭരണാനുമതിക്കായി മന്ത്രിസഭക്ക് സമ൪പ്പിച്ചു. ധനവകുപ്പ് റബ൪ അധിഷ്ടിതമായി കൃഷിമന്ത്രി വലിക്കുമ്പോൾ നീളുകയും പിടിവിടുമ്പോൾ ചുരുങ്ങുകയും ചെയ്തു. ഇതിനിടെ കൃഷി വകുപ്പിനെ കൊച്ചാക്കാനുള്ള നീക്കവും ഗ്രാമവികസന മന്ത്രിയുടെ നേതൃത്വത്തിൽ നടന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ‘വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓഡിനേഷൻ സമിതി’ എന്നൊരു സംവിധാനമുണ്ട്. പ്രാദേശികതലത്തിൽ തീരുമാനമാവാത്ത പ്രശ്നങ്ങളിൽ തീ൪പ്പ് കൽപ്പിക്കുന്ന സമിതിയാണിത്. ഗ്രാമവികസന, പഞ്ചായത്ത്, നഗരവികസന മന്ത്രിമാരും തദ്ദേശ സ്വംയംഭരണ സെക്രട്ടറിയും ഉൾപ്പെട്ടതാണ് ഘടന. തദ്ദേശ സ്വയംഭരണ വകുപ്പിന് മാത്രമായി മന്ത്രിയില്ല.
നവംബ൪ 21ന് സെക്രട്ടേറിയറ്റ് സൗത്ത് ബ്ളോക്ക് കോൺഫറൻസ് ഹാളിൽ ഗ്രാമവികസന മന്ത്രി കെ.സി. ജോസഫിൻെറ അധ്യക്ഷതയിൽ ചേ൪ന്ന സമിതി യോഗ മിനുട്സിൽ ‘ക്യഷിവകുപ്പിനെ പ്രതിനിധാനം ചെയ്ത് ആരും തന്നെ യോഗത്തിൽ പങ്കെടുത്തിട്ടില്ല എന്നത് ഗൗരവപൂ൪വം നിരീക്ഷിച്ചു. പ്രാദേശികാസൂത്രണത്തിൻെറ എല്ലാ തലങ്ങളിലും കൃഷിവകുപ്പിൻെറ സഹകരണമില്ലായ്മ പ്രകടമാണെന്നും അത് ഖേദകരമാണെന്നും അഭിപ്രായം ഉയ൪ന്ന് വന്നു’ എന്ന് രേഖപ്പെടുത്തി. ഇത് ഒരു അസാധാരണ നടപടിയാണ്. ബയോപാ൪ക്ക് ഭരണാനുമതി നൽകി ഉത്തരവിറങ്ങാൻ വീണ്ടും മാസമെടുത്തു. ഡിസംബ൪ ഏഴിനാണ് ഇത് സംബന്ധിച്ച് സ൪ക്കാ൪ അണ്ട൪ സെക്രട്ടറി ബി. ബീനാകുമാരി ഉത്തരവായത്.
വിത മുതൽ വിപണി വരെ എല്ലാ തലങ്ങളിലും ക൪ഷകന് സഹായകമാവുന്നതാവും പാ൪ക്ക്. നെല്ലധിഷ്ടിത മൂല്യവ൪ധിത ഉൽപ്പന്ന നി൪മാണം, ഭക്ഷ്യ ഭക്ഷ്യേതര ഉൽപ്പന്ന വ്യാപനം, മെച്ചപ്പെട്ട വിലയും സ്ഥിരതയും, കയറ്റുമതി തുടങ്ങിയവ ലക്ഷ്യമിടുന്നു. സ൪ക്കാ൪ നിയോഗിച്ച വിദഗ്ധ സമിതിയുടെ സ്ഥല നി൪ണയമാണ് ആദ്യം നടക്കുക. അസംസ്കൃത വസ്തുക്കളുടെ ലഭ്യത, 25 ഏക്കറിൽ കുറയാത്ത ഭൂമി, ശുദ്ധജല ഉറവിടം, കപ്പലിലേക്ക് ചരക്ക് എത്തിക്കാനുള്ള എളുപ്പ ഗതാഗത സൗകര്യം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് മാനദണ്ഡം. എല്ലാം പരിസ്ഥിതി സൗഹൃദവും നിയമ വിധേയവുമാവണം. കേരള കാ൪ഷിക സ൪വകലാശാലയാണ് പദ്ധതി നി൪വഹണ നോഡൽ ഏജൻസി. കൃഷിവകുപ്പ്, കേരള വ്യവസായ വികസന കോ൪പറേഷൻ, കിൻഫ്ര ,പാടശേഖര സമിതികൾ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുക. ടെക്നോപാ൪ക്ക് മാതൃകയിൽ സഹകരണ സംഘം രൂപവത്കരിക്കും. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകും. ഗവേണിങ് കൗൺസിലിനാവും മേൽ നോട്ടം. ഒമ്പതിൽ കുറയാത്തതും പന്ത്രണ്ടിൽ കവിയാത്തതുമായ അംഗങ്ങൾ അടങ്ങിയതാവും കൗൺസിൽ. കൗൺസിലിനെ സഹായിക്കാൻ ബോ൪ഡ് രൂപവത്കരിക്കും. മൂന്നിൽ കുറയാത്ത, പതിനഞ്ചിൽ കവിയാത്ത അംഗങ്ങളാണ് ബോ൪ഡിനുണ്ടാവുക.
ചീഫ് എക്സിക്യുട്ടീവ് ഓഫിസ൪, സാങ്കേതിക വിഭാഗം ജീവനക്കാ൪, രജിസ്റ്റാ൪, ഭരണ വിഭാഗം ജീവനക്കാ൪, അനിവാര്യമായ ജീവനക്കാ൪ എന്നിങ്ങിനെ നിയമിക്കും.
റോഡ്, ജലം, വൈദ്യുതി, വാ൪ത്താവിനിമയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് രണ്ടുകോടി രൂപ, കെട്ടിട നി൪മാണം ഒരു കോടി, പരിശീലനവും ച൪ച്ചകളും 50 ലക്ഷം, ഏകജാലക തീ൪പ്പാക്കൽ ഒരു കോടി, മാലിന്യ സംസ്കരണശാല ഒരു കോടി, ജലവിതരണ, ശുദ്ധീകരണ സംവിധാനങ്ങൾ 50 ലക്ഷം, കാ൪ഷിക സ൪വകലാശാലയുടെ ഭക്ഷ്യ ഗവേഷണ കേന്ദ്രം 1.50 കോടി, പാക്കിങ്, ലേബൽ പതിക്കൽ, ഉൽപ്പന്ന പരിശോധന, ഗുണനിലവാര പരിശോധന, ചരക്കുനീക്കം, വെയ൪ ഹൗസ്, ഗോഡൗൺ, വിൽപ്പന കൗണ്ട൪, പ്രദ൪ശനം, പാ൪ക്കിങ് തുടങ്ങിയ കാര്യങ്ങൾക്ക് രണ്ടുകോടി, സുരക്ഷ, ആരോഗ്യപരിരക്ഷ, ശിശുപരിപാലനം, കാൻറീൻ 50 ലക്ഷം എന്നിങ്ങിനെയാണ് 10 കോടിരൂപ വിനിയോഗിക്കേണ്ടത്.
കേന്ദ്ര സംസ്ഥാന സ൪ക്കാ൪ ഗ്രാൻറുകളാണ് പ്രവ൪ത്തനത്തിന് പ്രധാനമായി ആശ്രയിക്കുക. മറ്റ് ഉറവിടങ്ങളും തേടും. നെൽവയലുകൾ തരിശിടുന്ന അവസ്ഥ ഒഴിവാക്കുകയാണ് പാ൪ക്കിൻെറ പ്രധാന ലക്ഷ്യം. നെൽക൪ഷകന് ആ മേഖലയിൽ തുടരാൻ സൈ്ഥര്യം നൽകുന്ന രീതിയിലാവും പാ൪ക്കിൻെറ പ്രവ൪ത്തനം. വിളവെടുപ്പ് കാലത്തെ വിലത്തക൪ച്ച, കൊയ്ത്ത് യന്ത്രങ്ങളും തൊഴിലാളികളെയും ലഭിക്കാത്ത അവസ്ഥ, മെതിച്ചെടുത്ത നെല്ല് സൂക്ഷിക്കാനിടമോ വിപണിയോ കിട്ടാത്ത വിലാപം, അരിയാഹാരങ്ങൾക്കെതിരെ വിപണിയിൽ നടക്കുന്ന വിപരീത പ്രചാരണം തുടങ്ങിയവക്ക് പാ൪ക്ക് പരിഹാരം കാണും. വെയ൪ഹൗസ്, ഗോഡൗൺ സംവിധാനങ്ങളും വിപണന കേന്ദ്രങ്ങളും പ്രശ്നപരിഹാരത്തിനുള്ള സംവിധാനങ്ങളാണ്. മൂല്യവ൪ധിത ഉൽപ്പന്നങ്ങളുടെ നി൪മാണത്തിനുള്ള പരിശീലനം, വിപണനം, കയറ്റുമതി എന്നിവയിലൂടെ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക പാ൪ക്കിൻെറ ലക്ഷ്യമാണ്. അരിയുടെ ആഭ്യന്തര ആവശ്യം മുന്നിൽക്കണ്ട് നെല്ലൂൽപ്പാദനം വ൪ധിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story