കോഴിക്കോട്: 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പണം നല്‍കിയ വിവരം മറച്ചുവെച്ച് മുസ്ലിംലീഗ് നിയമക്കുരുക്കിലായി. ലീഗിന്‍െറ 24 സ്ഥാനാര്‍ഥികള്‍ക്കായി എ.ഐ.സി.സി നല്‍കിയ രണ്ടു കോടി 40 ലക്ഷം രൂപയെ കുറിച്ച് തെരഞ്ഞെടുപ്പ് കമീഷന് മുസ്ലിം ലീഗ് നല്‍കിയ കണക്കില്‍ മിണ്ടാട്ടമില്ല. കോണ്‍ഗ്രസിനു പുറമെ മറ്റെല്ലാ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും 10 ലക്ഷം രൂപ വീതം എ.ഐ.സി.സി നല്‍കിയിരുന്നു. എ.ഐ.സി.സി ട്രഷറര്‍ മോത്തിലാല്‍ വോറ തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ കണക്കനുസരിച്ച് 140 മണ്ഡലങ്ങളിലേക്ക് 14 കോടി രൂപ കൊടുത്തു. കോണ്‍ഗ്രസിന്‍െറയും കേരള കോണ്‍ഗ്രസിന്‍െറയും എം.എല്‍.എമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനു സമര്‍പ്പിച്ച കണക്കുകളില്‍ എ.ഐ.സി.സിയില്‍നിന്ന് ലഭിച്ച 10 ലക്ഷം രൂപ വരവു വെച്ചിട്ടുണ്ട്. എന്നാല്‍, ലീഗ് എം.എല്‍.എമാരുടെ കണക്കില്‍ മുസ്ലിംലീഗ് നല്‍കിയ പണമേ ഉള്ളൂ.
കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ലീഗ് എം.എല്‍.എമാരുടെ കണക്ക് പരിശോധിക്കുമ്പോള്‍ പൊരുത്തക്കേട് വ്യക്തമാകും. ലീഗ് ഒഴികെ പാര്‍ട്ടികളുടെ എം.എല്‍.എമാര്‍ നല്‍കിയ കണക്കനുസരിച്ച് അവരുടെ തെരഞ്ഞെടുപ്പ് ചെലവ് പൂര്‍ണമായും വഹിച്ചത് കോണ്‍ഗ്രസാണ്.
ഉദാഹരണത്തിന് പാലാ മണ്ഡലത്തില്‍ ജയിച്ച കെ.എം. മാണി ആകെ ചെലവഴിച്ചത് 9,34,884 രൂപ! യോഗങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും മറ്റും 56027 രൂപ. പോസ്റ്റര്‍, മൈക്ക് തുടങ്ങിയവക്ക് 2,13,410 രൂപ. പത്രപരസ്യങ്ങള്‍ക്ക് 12,100. വാഹനച്ചെലവ് 2,82,047. ഗേറ്റുകള്‍, കട്ടൗട്ടുകള്‍, ബാനറുകള്‍ തുടങ്ങിയവക്ക് 1,42,529. നേതാക്കന്മാരുടെ മണ്ഡല സന്ദര്‍ശനത്തിന് 49,000. മറ്റ് പ്രചാരണ ചെലവുകള്‍ക്ക് 59,500. പലവക ചെലവ് 1,20,271. ആകെ ചെലവ് പത്തുലക്ഷത്തില്‍ താഴെ. വരവിനത്തില്‍ കോണ്‍ഗ്രസില്‍നിന്നു 10 ലക്ഷം രൂപ കിട്ടിയതായി തെരഞ്ഞെടുപ്പ് കമീഷനു നല്‍കിയ കണക്കില്‍ പറയുന്നു. എന്നുവെച്ചാല്‍ സ്വന്തം പാര്‍ട്ടിക്ക് ഒരു പൈസ ബാധ്യത വരുത്താതെ കോണ്‍ഗ്രസിന്‍െറ ചെലവില്‍ മാണി തെരഞ്ഞെടുപ്പ് നേരിട്ടു എന്നു സാരം. തെരഞ്ഞെടുപ്പിനു വേണ്ടി കേരള കോണ്‍ഗ്രസ് പിരിച്ചെടുത്ത ലക്ഷങ്ങള്‍ എവിടെ പോയി എന്ന ചോദ്യം ഉയരുക സ്വാഭാവികം.
പി.ജെ. ജോസഫിന്‍െറ തെരഞ്ഞെടുപ്പ് ചെലവ് 12,11,668 രൂപയാണ്. അതില്‍ പത്തുലക്ഷവും വഹിച്ചത് കോണ്‍ഗ്രസാണെന്ന് ജോസഫ് സമര്‍പ്പിച്ച കണക്കുകളില്‍ പറയുന്നു. കേരള കോണ്‍ഗ്രസിന്‍െറ ഒമ്പത് എം.എല്‍.എമാരും ഇതേപോലെ 10 ലക്ഷം രൂപ വീതം എ.ഐ.സി.സിയില്‍നിന്ന് ലഭിച്ചതായി വരവു ചെലവു കണക്കില്‍ ‘സത്യസന്ധമായി’ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ലീഗിന്‍െറ ഒരു എം.എല്‍.എയും കോണ്‍ഗ്രസിന്‍െറ ഒരു കൈ സഹായം കണക്കില്‍ കാണിച്ചിട്ടില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങരയില്‍ ആകെ ചെലവഴിച്ചത് 13,99,784 രൂപ. അതില്‍ 12,50,000 രൂപ തന്നത് മുസ്ലിം ലീഗ് കമ്മിറ്റിയാണെന്നാണ് കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ കണക്കില്‍ പറയുന്നത്. യു.ഡി.എഫ് കമ്മിറ്റി, കെ.എം.സി.സി, എസ്.ടി.യു തുടങ്ങിയവരാണ് ബാക്കി തുക കൊടുത്തത്. കണക്കിലെവിടെയും കോണ്‍ഗ്രസ് നല്‍കിയ പത്തു ലക്ഷമില്ല.
ഇതേസമയം, ആര്‍.എസ്.പി-ബിയുടെ ഏക എം.എല്‍.എയും മന്ത്രിയുമായ ഷിബു ബേബി ജോണിന്‍െറ കണക്കില്‍ കോണ്‍ഗ്രസ് കൊടുത്ത 10 ലക്ഷമുണ്ട്. ആകെ ചെലവ് 11,65,484 രൂപയേ ഉള്ളൂ.
കേരള കോണ്‍ഗ്രസ്-ബിയുടെ ഏക എം.എല്‍.എയും മന്ത്രിയുമായ കെ.ബി. ഗണേഷ്കുമാര്‍ ആകെ ചെലവഴിച്ചത് 10,10,217 രൂപ. ഗണേഷ്കുമാറിന്‍െറ കണക്കുപ്രകാരം കോണ്‍ഗ്രസ് എട്ട് ലക്ഷമേ കൊടുത്തിട്ടുള്ളൂ. മറ്റെല്ലാ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും 10 ലക്ഷം വീതം കൊടുത്ത കോണ്‍ഗ്രസ് ഗണേഷിന് മാത്രം രണ്ട് ലക്ഷം രൂപ കുറച്ചത് യു.ഡി.എഫ് അന്വേഷിക്കട്ടെ.
ഇതാദ്യമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും എ.ഐ.സി.സി പണം നല്‍കുന്നത്. മുമ്പൊക്കെ തെരഞ്ഞെടുത്ത ഏതാനും മണ്ഡലങ്ങളിലേ ഘടകകക്ഷികള്‍ക്ക് പണം കൊടുത്തിരുന്നുള്ളൂ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് എ.ഐ.സി.സി കൊടുത്ത 10 ലക്ഷത്തിനു പുറമെ കെ.പി.സി.സിയുടെ വിഹിതവും നല്‍കിയിരുന്നു. കോണ്‍ഗ്രസിന്‍െറ കണക്കില്‍ വകയിരുത്തിയ പണം ലീഗിന്‍െറ കണക്കില്‍ വരാതിരുന്നത് നിയമ പ്രശ്നങ്ങളിലേക്ക് വഴിതെളിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍