കിളിമാനൂര്‍: റിട്ട. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍െറ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. 16 വര്‍ഷത്തിന് ശേഷം പ്രതികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുമ്പോട് ഗീതാഭവനില്‍ നാരായണപിള്ളയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളാണ് നീങ്ങുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടതായി കരുതുന്ന അനില്‍കുമാറിനെ നിലമ്പൂര്‍ പൊലീസാണ് പിടികൂടിയത്.
മടവൂര്‍ തുമ്പോട് പാറയില്‍ അനില്‍കുമാര്‍ മതം മാറി മുഹമ്മദ് ഇസ്മാഈല്‍ എന്ന പേര് സ്വീകരിച്ച് പെരിന്തല്‍മണ്ണയില്‍ താമസിച്ചുവരികയായിരുന്നു. തടി മോഷണക്കേസിലാണ് അനില്‍കുമാറും മറ്റ് രണ്ടുപേരും നിലമ്പൂരില്‍ പിടിയിലായത്. 1996 ആഗസ്റ്റ് എട്ട് മുതല്‍ കാണാതായ തുമ്പോട് ഗീതാഭവനില്‍ നാരായണപിള്ളയുടെ (50) മൃതദേഹം അഴുകിയ നിലയില്‍ ആഗസ്റ്റ് 15ന് തുമ്പോട് കിണറ്റില്‍ കാണുകയായിരുന്നു. കുടവൂരിലുണ്ടായിരുന്ന വസ്തു വിറ്റ് സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് ചിട്ടി ബിസിനസ് നടത്തിവരികയായിരുന്നു നാരായണപിള്ള. മരണത്തില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സംശയമുണ്ടായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പള്ളിക്കല്‍ പൊലീസ് കേസെടുക്കുകയും പിന്നീട് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. അനില്‍കുമാര്‍ പിടിയിലായതോടെ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.നാരായണപിള്ള മരിച്ചതോടെ ഭാര്യ ഗീതാനായര്‍ക്ക് മാനോനില തെറ്റി. പറക്കമുറ്റാത്ത മൂന്ന് കുട്ടികളും മാതാവും അവരുടെ മാതാവുമായി ഏറെ ബുദ്ധിമുട്ടിയായിരുന്നു ജീവിതം. നാവായിക്കുളം തൃക്കോവില്‍വട്ടത്താണിപ്പോള്‍ താമസിക്കുന്നത്.
തുമ്പോട്ടും മടവൂരുമുള്ള നിരവധി പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നാരായണപിള്ളയെ കാണാതായ ദിവസം ആലിന്‍െറമൂട് ജങ്ഷനില്‍ വാക്കേറ്റവും അടിപിടിയും നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍