കുമളി: തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്ന് ചില ഓട്ടോക്കാര്‍ വന്‍തുക ഈടാക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പെരിയാര്‍ കടുവാ സങ്കേതം ഡെ.ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍ പറഞ്ഞു.
തേക്കടിയിലെ വനംവകുപ്പ് ചെക്പോസ്റ്റില്‍ നിന്ന് ആമ പാര്‍ക്ക് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തതിന് 300 രൂപ ഈടാക്കിയതായി മുംബൈ സ്വദേശിയായ വിനോദ സഞ്ചാരി വനംവകുപ്പ് അധികൃതര്‍ക്ക് ബുധനാഴ്ച പരാതി നല്‍കിയിരുന്നു. വനംവകുപ്പ് അധികൃതര്‍ക്ക് ലഭിച്ച പരാതി വനപാലകര്‍ പിന്നീട് പൊലീസിന് കൈമാറി.
ഇതിന് പിന്നാലെയാണ് വിനോദ സഞ്ചാരികള്‍ ഓട്ടോ നിരക്കിന്‍െറ പേരില്‍ കബളിപ്പിക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. തേക്കടിയിലേക്ക് കുമളി ടൗണ്‍, ബസ്സ്റ്റാന്‍ഡ്, തേക്കടിയിലെ ചെക്പോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള കിലോമീറ്ററും നിരക്കും വ്യക്തമാക്കി ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് വനംവകുപ്പ് ആലോചിക്കുന്നത്. തേക്കടി ആമ പാര്‍ക്കിലേക്കുള്ള നിരക്ക് സംബന്ധിച്ച അവസാന തീരുമാനമെടുക്കുന്നതിനായി പൊലീസ്-പഞ്ചായത്ത്-മോട്ടോര്‍ വാഹന വകുപ്പ്-ഡ്രൈവേഴ്സ് യൂനിയന്‍ നേതാക്കള്‍ എന്നിവരുടെ യോഗം ഒരാഴ്ചക്കുള്ളില്‍ വിളിച്ചുചേര്‍ക്കും. നിരക്കുകള്‍ നിശ്ചയിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ച ശേഷം വീണ്ടും അമിത നിരക്ക് ഈടാക്കുന്നവരെ കണ്ടെ ത്താന്‍ വിനോദ സഞ്ചാരികള്‍ക്ക് ഫോണില്‍ ബന്ധപ്പെട്ട് പരാതി നല്‍കാനായി പ്രത്യേക ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തുമെന്ന് ഡെ. ഡയറക്ടര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍