പത്തനംതിട്ട: പുളിക്കീഴ് പമ്പാ ഷുഗര്‍ ഫാക്ടറി ബോട്ട്ലിങ് യൂനിറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ബ്ളോക് പഞ്ചായത്തംഗമായ കോണ്‍ഗ്രസ് നേതാവ് കബളിപ്പിച്ചതായി പരാതി. തിരുവല്ല വളഞ്ഞവട്ടം കൊല്ലംപറമ്പില്‍ ഷൈലമ്മ, വളഞ്ഞവട്ടം ചക്കുംമൂട്ടില്‍ ലിസി സണ്ണി, വളഞ്ഞവട്ടം മാലിപ്പുറത്ത് പൊന്നമ്മ, വളഞ്ഞവട്ടം മുന്നൂറ്റിപ്പറമ്പില്‍ മണിയമ്മ, വളഞ്ഞവട്ടം മാംതെക്ക് കോളനിയില്‍ സുമ എന്നിവരാണ് പരാതിക്കാര്‍. തങ്ങളുടെ കൈയില്‍ നിന്ന് 10,000 രൂപ വീതം വാങ്ങിയതായി ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബ്ളോക് അംഗം കൂടാതെ തോട്ടപ്പുഴശേരി എ.ഡി.എസ് ഭാരവാഹികളില്‍ ചിലരും തട്ടിപ്പിന് കൂട്ടുനിന്നതായി ഇവര്‍ ആരോപിച്ചു. ബോട്ട്ലിങ് യൂനിറ്റിലേക്ക് ലേബലിനും അനുബന്ധ ജോലിയിലേക്കും ക്വട്ടേഷന്‍ വ്യവസ്ഥയില്‍ തൊഴിലാളികളെ എടുക്കുന്നത് കുറിയിട്ടാണ്. ഇത്തവണ തോട്ടപ്പുഴശേരി പഞ്ചായത്ത് എ.ഡി.എസിനാണ് കുറിവീണത്. എന്നാല്‍, ധാരണ പ്രകാരം കഴിഞ്ഞ പ്രാവശ്യം ജോലി ചെയ്തിരുന്ന 22 പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്തു. 10,000 രൂപ വീതം നല്‍കിയാല്‍ ജോലി തുടരാന്‍ അനുവദിക്കാമെന്നും സ്ഥിരമാക്കാമെന്നും പറഞ്ഞ് പണം വാങ്ങുകയായിരുന്നെന്ന് പരാതിക്കാര്‍ പറയുന്നു. കഴിഞ്ഞ മാസമാണ് പണം നല്‍കിയത്. എന്നാല്‍, തങ്ങള്‍ കൊടുത്തതിലും കൂടുതല്‍ രൂപ വാങ്ങി മറ്റ് ചിലരെ ജോലിക്ക് നിയമിച്ചതായും ഇവര്‍ ആരോപിച്ചു. തിരുവല്ല, പുളിക്കീഴ് പൊലീസ് സ്റ്റേഷനുകളില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കോണ്‍ഗ്രസിന്‍െറ തിരുവല്ലയിലെ മുതിര്‍ന്ന നേതാക്കളോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് അവര്‍ പറഞ്ഞു. ബ്ളോക് അംഗത്തിനെതിരെ റോഡ് പണിയിലെ അഴിമതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടന്നുവരികയാണെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍