പത്തനംതിട്ട: പണിമുടക്ക് ആഹ്വാനം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി അനുകൂല സര്‍വീസ് സംഘടനകള്‍ ധര്‍ണ നടത്തിയ സ്ഥലത്തേക്ക് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ അനൗണ്‍സ്മെന്‍റ് വാഹനം കടന്നുവന്നത് സംഘര്‍ഷത്തിന് ഇടയാക്കി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ കലക്ടറേറ്റ് പടിക്കലായിരുന്നു സംഭവം.
പങ്കാളിത്ത പെന്‍ഷനെതിരെയുള്ള പണിമുടക്കാഹ്വാനം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടക്കുമ്പോള്‍ അവിടേക്ക് പണിമുടക്ക് ആഹ്വാനവുമായി പ്രതിപക്ഷ സംഘടനകളുടെ മൈക്ക് അനൗണ്‍സ്മെന്‍റ് വാഹനം കടന്നുവന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
സെക്രട്ടേറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസന്നകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ടിരിക്കവെയാണ് അനൗണ്‍സ്മെന്‍റ് കടന്നുവന്നത്. തുടരെയുള്ള അനൗണ്‍സ്മെന്‍റ് ശല്യമായപ്പോള്‍ നിര്‍ത്തണമെന്ന് ധര്‍ണയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടെങ്കിലും അനൗണ്‍സ്മെന്‍റുകാര്‍ അനുസരിച്ചില്ല. ഇതേതുടര്‍ന്നാണ് ബഹളം ആരംഭിച്ചത്. ബഹളത്തിനിടെ അനൗണ്‍സ്മെന്‍റ് വാഹനത്തിന്‍െറ ഗ്ളാസ് എറിഞ്ഞ് തകര്‍ത്തതായും പറയുന്നു.
അനൗണ്‍സ്മെന്‍റ് വാഹനം ധര്‍ണ നടക്കുന്നിടത്തേക്ക് കടന്നുവന്ന് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ഭരണകക്ഷി സംഘടനകളുടെ പ്രവര്‍ത്തകരായ പി.എസ്. വിനോദ്കുമാര്‍, പി.എസ്. സന്തോഷ്കുമാര്‍, അബ്ദുല്‍ ഹാരിസ്, സുനില്‍ മംഗലത്ത് എന്നിവര്‍ ആരോപിച്ചു. അനൗണ്‍സ്മെന്‍റ് നടത്തിയവരെയും വാഹനവും കസ്റ്റഡിയില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി സര്‍വീസ് സംഘടനയില്‍പ്പെട്ടവര്‍ കലക്ടറേറ്റിന് മുന്നില്‍ റോഡും ഉപരോധിച്ചു. ഇതേതുടര്‍ന്ന് ഏറെനേരം ഇതുവഴി ഗതാഗതവും മുടങ്ങി.
സംഭവമറിഞ്ഞ് പത്തനംതിട്ട ഡിവൈ.എസ്.പി ചന്ദ്രശേഖരന്‍പിള്ള, സി.ഐ എം.എ. നസീര്‍ എന്നിവര്‍ സ്ഥലത്തെത്തി. അനൗണ്‍സ്മെന്‍റ് വാഹനം കസ്റ്റഡിയില്‍ എടുക്കാമെന്ന പൊലീസിന്‍െറ ഉറപ്പിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍