12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

കാര്‍ഡിയാക് സെന്‍റര്‍ അയ്യപ്പന്മാര്‍ക്ക് ആശ്രയമാകുന്നു

ശബരിമല: ഹൃദയതാളം ക്രമംതെറ്റിയ ഇരുപതോളം അയ്യപ്പന്മാരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിച്ചതിന്‍െറ ധന്യതയിലാണ് സന്നിധാനത്തെ കാര്‍ഡിയാക് സെന്‍ററിലെ ഡോ.വാസുദേവനും സംഘവും.
ഹൃദയാഘാതം അനുഭവപ്പെടുന്നവരെ ഏത് അടിയന്തര സാഹചര്യത്തിലും പരിചരിക്കാന്‍ ഐ.സി.യു അടക്കം എല്ലാ ആധുനിക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിലയേറിയ സ്ട്രെപ്റ്റോകൈനസ് എന്ന ഇഞ്ചക്ഷനും ലഭ്യമാണ്. കൂടാതെ വെന്‍റിലേറ്റര്‍ സൗകര്യവും ഉണ്ട്.
ഹൃദയമിടിപ്പ് പോയവര്‍ക്ക് ഷോക്ക് നല്‍കുന്ന ഡിഫിബുലേറ്ററും ഇവിടെയുണ്ട്. ഇ.സി.ജിയില്‍ വ്യക്തമാകാത്ത എന്നാല്‍, സംശയം തോന്നിക്കുന്ന അയ്യപ്പന്മാര്‍ക്ക് ട്രോപ് ഐ എന്ന എന്‍സൈം ടെസ്റ്റിലൂടെ അസുഖം കണ്ടെത്തി ചികിത്സ നല്‍കും. ഇത്തരത്തില്‍ അഞ്ച് അയ്യപ്പന്മാരില്‍ നടത്തിയ ടെസ്റ്റില്‍ രണ്ടുപേരില്‍ ഹൃദ്രോഗം സ്ഥിരീകരിച്ചിരുന്നു.
ആയാസപ്പെട്ട് മലകയറുന്നവര്‍ക്കാണ് പ്രധാനമായും ഹൃദയാഘാതം അനുഭവപ്പെടുന്നതെന്ന് ഡോക്ടര്‍ പറയുന്നു. ആയതിനാല്‍ വിശ്രമിച്ച് മാത്രമേ മലകയറാവൂ. അമിതമായ കിതപ്പ്, നെഞ്ചിലെ അസ്വസ്ഥതകള്‍, നെഞ്ചെരിപ്പ്, അമിതക്ഷീണം, ഇടത് തോളിന് കഴപ്പ്, വേദന എന്നിവ തോന്നിയാല്‍ ഉടന്‍ കാര്‍ഡിയാക് സെന്‍ററില്‍ ചികിത്സ തേടണം. വൈകുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും.
തീര്‍ഥാടകര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത് ചികിത്സ തേടാന്‍ വൈകിയതിനാലാണ്. സമയത്തിന് കാര്‍ഡിയാക് സെന്‍ററില്‍ എത്തിച്ച ഒരാള്‍ക്കും അപകടം സംഭവിച്ചിട്ടില്ല -ഡോക്ടര്‍ പറയുന്നു.
സന്നിധാനത്തിന് പുറമെ അപ്പാച്ചിമേട്, നീലിമല,പമ്പ എന്നിവിടങ്ങളിലും കാര്‍ഡിയാക് സെന്‍ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
കാര്‍ഡിയാക് സെന്‍ററില്‍ എത്തുന്ന അയ്യപ്പന്മാര്‍ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കിയശേഷം തുടര്‍ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയക്കുകയാണ് പതിവ്.
ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ളാസ്റ്റി തുടങ്ങിയ ചികിത്സ ആവശ്യാനുസരണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com