പെരുമ്പാവൂര്‍: ആറുവയസ്സുകാരി മകളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പിതാവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വേങ്ങൂര്‍ പഞ്ചായത്ത് തണ്ണിക്കോട്ട് വീട്ടില്‍ കോരയാണ് (52)അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ മാതാവ് അശമന്നൂര്‍ പരുത്തിയേലി വീട്ടില്‍ ബീനാ പോള്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
നവംബര്‍ 22ന് നല്‍കിയ പരാതിയില്‍ അന്വേഷണം കുറുപ്പംപടി പൊലീസിന് കൈമാറിയെങ്കിലും അറസ്റ്റിന് താമസം നേരിടുകയാണെന്നും അന്വേഷണം തൃപ്തികരമല്ലെന്നും മാതാവ് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രി ഇടപെട്ട് റൂറല്‍ എസ്.പിക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. പ്രതിക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
പെരുമാറ്റത്തിലെ മാറ്റങ്ങളും മാനസിക അസ്വാസ്ഥ്യവും ശ്രദ്ധയില്‍പ്പെട്ട മാതാവ് കുട്ടിയില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. ശാരീരിക പീഡനത്തിന് പുറമെ കുട്ടിക്ക് മദ്യം നല്‍കാറുണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്. പ്രതി ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അപേക്ഷ പരിഗണിച്ചില്ല. ഇതോടെ പ്രതി സംസ്ഥാനം വിടുകയായിരുന്നു.
കോര വിവാഹശേഷവും പരസ്ത്രീ ബന്ധം തുടരുന്നതിനാല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്ന് ബീന പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടു പെണ്‍കുട്ടികളുമായി പെരുമ്പാവൂരില്‍ വാടക വീട്ടിലാണ് ബീനയുടെ താമസം. എന്നാല്‍, കോര ഇടക്കിടെ കുട്ടികളെ കാണാന്‍ വരികയും നെല്ലിമോളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. എന്നാല്‍, കോരയും ബീനയും നിയമപരമായി വിവാഹിതരല്ലെന്ന് പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ.ഹരികൃഷ്ണന്‍, കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ മാരായ ശശീന്ദ്രന്‍, മുഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോരയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍