ചെങ്ങന്നൂര്‍: കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം ഇരട്ടപ്പാത 2015ല്‍ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി കോട്ല ജയസൂര്യപ്രകാശ് റെഡ്ഢി. ഇതിനായി വേണ്ടിവരുന്ന 800 കോടി അടുത്ത രണ്ടുവര്‍ഷത്തെ ബജറ്റുകളില്‍ ഉണ്ടാകേണ്ടതുണ്ട്. കേരളത്തിന്‍െറ പ്രത്യേകത കണക്കിലെടുത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടി റെയില്‍വേ ക്രോസുകളില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കായംകുളം-ചെങ്ങന്നൂര്‍ ഇരട്ടപ്പാതയുടെ സമര്‍പ്പണം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും. കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്നും ചില സര്‍വീസുകള്‍ നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍-തിരുവല്ല ഇരട്ടപ്പാത ഈ വര്‍ഷവും അവിടെനിന്ന് ചിങ്ങവനം വരെ 2014ലും പൂര്‍ത്തീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ഡാനി തോമസ് അറിയിച്ചു. എറണാകുളം മുതല്‍ മുളന്തുരുത്തി വരെയുള്ള കമീഷനിങ് കഴിഞ്ഞു. പിറവം മുതല്‍ കുറുപ്പന്തറ ഇരട്ടപ്പാത 2014ല്‍ പൂര്‍ത്തിയാകും. ചിങ്ങവനം മുതല്‍ കുറുപ്പന്തറ വരെയുള്ള ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്ക് എസ്റ്റിമേറ്റ് തയാറായിട്ടില്ലെങ്കിലും 2015ല്‍ പണി പൂര്‍ത്തിയാക്കും. കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ, ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ശോഭ വര്‍ഗീസ്, മാവേലിക്കര നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. മുരളീധരന്‍, ദക്ഷിണറെയില്‍വേ അഡീഷനല്‍ ജനറല്‍ മാനേജര്‍ ഡോ. ജി. നാരായണന്‍,തിരുവനന്തപുരം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍