മട്ടാഞ്ചേരി: കുടുംബ വഴക്കുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബീച്ച് റോഡില്‍ ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു. ആക്രമത്തില്‍ പരിക്കേറ്റ വൃദ്ധയടക്കം രണ്ടുപേരെ കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീച്ച് റോഡ് സൗദി പപ്പങ്ങാമുക്കില്‍ അഞ്ച് തൈക്കല്‍ വീട്ടില്‍ ഗ്രീഫന്‍െറ വീടാണ് പത്തംഗ സംഘം ആക്രമിച്ചത്. സംഭവത്തില്‍ ഗ്രീഫന്‍ (40), മാതാവ് അമ്മിണി (76) എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സഹോദരന്മാര്‍ തമ്മിലുള്ള വഴിതര്‍ക്കത്തെത്തുടര്‍ന്ന് ഒരു സംഘം ഗുണ്ടകള്‍ ചേര്‍ന്ന് വീട് കയറി കുടുംബാംഗങ്ങളെ മര്‍ദിക്കുകയും വീട് അടിച്ചുതകര്‍ക്കുകയുമായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
അക്രമം കണ്ട് ഭയന്ന് കുട്ടികള്‍ അലമുറയിട്ടപ്പോഴാണ് പരിസരവാസികള്‍ അറിയുന്നത്. പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഗ്രീഫനെ ആശുപത്രിയില്‍ കയറി മര്‍ദിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ പള്ളുരുത്തി സ്വദേശിയെ തോപ്പുംപടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍