ഒറ്റപ്പാലം: സര്‍ക്കാര്‍ സ്റ്റേ ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച നഗരസഭാ മാര്‍ക്കറ്റ് കോംപ്ളക്സിലെ കടമുറികളുടെ ലേലം ജനുവരി 16ന് ഒറ്റപ്പാലത്ത് നടക്കും. രാവിലെ 11.30ന് ലക്ഷ്മി തിയറ്ററിലാണ് ലേലം. സെപ്റ്റംബര്‍ അഞ്ചിനാണ് നേരത്തെ ലേലം നടത്താന്‍ നിശ്ചയിച്ചിരുന്നത്. തലേന്ന് സ്റ്റേ പുറപ്പെടുവിച്ചതിന്‍െറ അടിസ്ഥാനത്തില്‍ മാറ്റിവെക്കുകയായിരുന്നു.
കടമുറികളുടെ ലേലം സംബന്ധിച്ചതുള്‍പ്പെടെയുള്ള 17 അജണ്ടകള്‍ പാസാക്കിയതാണ് സര്‍ക്കാര്‍ സ്റ്റേ ചെയ്തിരുന്നത്. ജൂലൈ 21ന് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെ ഈ അജണ്ടകളത്രയും പാസാക്കിയതായി പ്രഖ്യാപിച്ചതിനെതിരെ കൗണ്‍സിലര്‍ പി.എം.എ. ജലീല്‍ സര്‍ക്കാറിന് സമര്‍പ്പിച്ച പരാതി അന്വേഷിച്ച ഓംബുഡ്സ്മാനും ആരോപണം സ്ഥിരീകരിക്കുകയായിരുന്നു. അജണ്ടകള്‍ പാസാക്കിയത് അസാധുവാക്കിയ ഉത്തരവില്‍ മറ്റൊരു കൗണ്‍സില്‍ വിളിച്ചുകൂട്ടി മാറ്റത്തിരുത്തലുകള്‍ കൂടാതെ അജണ്ടകള്‍ വീണ്ടും അവതരിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഡിസംബര്‍ 18ന് അജണ്ടകള്‍ കൗണ്‍സിലിന്‍െറ അംഗീകാരത്തിനായി വീണ്ടും അവതരിപ്പിച്ചു. എന്നാല്‍, 16ാമത്തെ അജണ്ടയായ കടമുറി ലേലം സംബന്ധിച്ച ‘ബൈലോ’ മാറ്റിയത് വീണ്ടും വിവാദമായി. ‘ലേല പൊതുവ്യവസ്ഥകളും നിബന്ധനകളും’ എന്ന തിരുത്തല്‍ പ്രതിപക്ഷത്തിന്‍െറ വിയോജിപ്പിന് തുടക്കമായി. അച്ചടിപ്പിശകാണെന്ന വൈസ് ചെയര്‍മാന്‍െറ വിശദീകരണത്തില്‍ പ്രതിപക്ഷം വഴങ്ങാതെ വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്. പ്രതിപക്ഷത്തിന്‍െറ വിയോജിപ്പ് തുടരവെ ഭരണപക്ഷം വോട്ടിനിട്ട് അജണ്ടകള്‍ പാസാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍