പൊന്നാനി: നഗരസഭയില്‍ മാലിന്യ നീക്കം നിലച്ചിട്ട് മൂന്ന് ദിവസം പിന്നിട്ടതോടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗം ചേരും. ഭാരതപ്പുഴയോരത്ത് കുറ്റിക്കാട് ശ്മശാനത്തിനടുത്താണ് ഇതുവരെ നഗരസഭാ അധികൃതര്‍ മാലിന്യം തള്ളിയിരുന്നത്. ടണ്‍ കണക്കിന് മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്.
51 വാര്‍ഡുകളില്‍നിന്നുള്ള മാലിന്യമാണ് ലോറികളിലും മറ്റ് വാഹനങ്ങളിലുമായി ഭാരതപ്പുഴയോരത്ത് തള്ളിയിരുന്നത്.
ജനുവരി ഒന്ന് മുതല്‍ ഒരു കാരണവശാലും ഇവിടെ മാലിന്യം തള്ളാന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ച് ജനുവരി ഒന്നിന് ഗുഡ്സ് ഓട്ടോയില്‍ മാലിന്യം കൊണ്ടുവന്നത് നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.
പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നഗരസഭ രണ്ട് തവണ യോഗം വിളിച്ചെങ്കിലും തീരുമാനമായില്ല. മാലിന്യം കുമിഞ്ഞുകൂടിയതോടെ പകര്‍ച്ചവ്യാധികളും മറ്റും പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കി. ഇതോടെ നഗരസഭാ അധികൃതര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചിരിക്കുകയാണ്.
നഗരസഭയില്‍ മാലിന്യ പ്ളാന്‍റ് നിര്‍മിക്കാന്‍ നെയ്തല്ലൂരില്‍ സ്ഥലം കണ്ടെത്തിയെങ്കിലും നാട്ടുകാര്‍ എതിര്‍ത്തതോടെ നിര്‍മാണം തുടങ്ങാനായില്ല. വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ തുടങ്ങാന്‍ ഇതുവരെ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. പ്രശ്നത്തില്‍ അടിയന്തര ശാശ്വത പരിഹാരത്തിന് ശ്രമിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍