കാസര്‍കോട്: ഇന്ത്യയിലെ കാര്‍ഷിക മേഖല കേന്ദ്ര സര്‍ക്കാര്‍ ബഹുരാഷ്ട്ര കുത്തകളുടെ സൗകര്യത്തിനനുസരിച്ചാണ് രൂപപ്പെടുത്തുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന സമ്മേളന ഭാഗമായി കോളിയടുക്കത്ത് സംഘടിപ്പിച്ച ‘കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളി’ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാറിന്‍െറ ഒത്താശയോടെ കുത്തക കമ്പനികള്‍ കാര്‍ഷികമേഖല കൊള്ളയടിക്കുകയാണ്. ലോക വ്യാപാര സംഘടനയുടെ തിട്ടൂരമനുസരിച്ചാണ് കേന്ദ്രത്തിന്‍െറ സാമ്പത്തിക നയം. കാര്‍ഷിക ഉല്‍പനങ്ങളുടെ വിലയിടിയുമ്പോള്‍ ഇതുപയോഗിച്ചുള്ള വ്യാവസായിക ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടുന്നു. ഇത് കുത്തകമുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കാനാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് കടബാധ്യത മൂലം 70 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കോടിയേരി ആരോപിച്ചു.
സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ.വി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ടി. നാരായണന്‍ സ്വാഗതം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍