പാപ്പിനിശ്ശേരി: വര്‍ധിച്ചുവരുന്ന തെരുവുനായ്ക്കളുടെ ഭീഷണി ഫലപ്രദമായും ശാസ്ത്രീയമായും നേരിടാന്‍ പുതിയ പദ്ധതിയുമായി പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്. എ.ബി.സി (ആനിമല്‍സ് ബര്‍ത്ത് കണ്‍ട്രോള്‍) എന്ന പേരില്‍ ആവിഷ്കരിക്കുന്ന പദ്ധതി ജനകീയ പങ്കാളിത്തത്തോടെ ജനുവരി അവസാനവാരം നടപ്പാക്കും.
തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പ്രജനനം തടയല്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. അലഞ്ഞുതിരിയുന്ന നായ്ക്കളെ വന്ധ്യംകരിക്കുകയാണ് ആദ്യപടി. ആനിമല്‍സ് ബര്‍ത്ത് കണ്‍ട്രോള്‍ നിയമം 2001 ലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇത് നടപ്പാക്കുക.
അലഞ്ഞുതിരിയുന്നവക്കും വളര്‍ത്തുനായ്ക്കള്‍ക്കും പേവിഷബാധ തടയാനുള്ള കുത്തിവെപ്പുകള്‍ നല്‍കും. ഇതിനുപുറമെ ഉടമകള്‍ക്ക് ലൈസന്‍സും ഏര്‍പ്പെടുത്തും. വാക്സിനേഷന്‍ നല്‍കി അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാലേ ലൈസന്‍സ് നല്‍കൂ.
ശാസ്ത്രീയമായ സംവിധാനങ്ങളോടെയാണ് നായ്ക്കളെ പിടികൂടുക. പരിക്കോ പോറലോ ഏല്‍ക്കാതെ നായപിടിക്കാന്‍ തെരഞ്ഞെടുത്ത വളന്‍റിയര്‍മാര്‍ക്ക് വേള്‍ഡ് വൈല്‍ഡ് ലൈഫിന്‍െറ പരിശീലനം നല്‍കും. വിവിധ പ്രദേശങ്ങളില്‍ നിന്ന് ഏതാനും പേര്‍ സന്നദ്ധ സേവനത്തിന് മുന്നോട്ടുവന്നതായി മൃഗാശുപത്രി സര്‍ജന്‍ ഡോ. രമേഷ് കുമാര്‍ പറഞ്ഞു.
മൃഗാശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലാണ് വന്ധ്യംകരണവും കുത്തിവെപ്പും നടത്തുക. ശസ്ത്രക്രിയക്ക് വിധേയമാക്കുന്നവയുടെ മുറിവ് ഉണങ്ങുന്നതുവരെ മൃഗാശുപത്രിയില്‍ താമസിപ്പിക്കാനുള്ള സൗകര്യവുമുണ്ടാക്കും. തുറസായ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് നായ്ക്കളുടെ പ്രജനനം വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്. അതിനാല്‍ ശുചിത്വ സന്ദേശവുമായി സന്നദ്ധ പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്. നായ്ക്കളുടെ കണക്കെടുപ്പിന് പ്രാദേശിക സമിതികളാണ് സഹായം ചെയ്യുന്നത്.
സമീപകാലത്തായി പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും നാല്‍ക്കാലികള്‍ക്കുമെല്ലാം പേവിഷബാധയേറ്റ സംഭവം ഉണ്ടായിട്ടുണ്ട്. ഇതത്തേുടര്‍ന്നാണ് പുതിയ വര്‍ഷത്തെ വികസന പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയത്.
കേന്ദ്ര മൃഗക്ഷേമ ബോര്‍ഡും പഞ്ചായത്ത് സമിതിയുമാണ് പദ്ധതിക്ക് ധനസഹായം നല്‍കുന്നത്. നായ്ക്കളുടെ സ്വാഭാവികമായ പ്രജനന കാലത്തിന് മുമ്പുതന്നെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. രമേഷ് കുമാര്‍ പറഞ്ഞു. ജനകീയ പങ്കാളിത്തത്തിനായി വിവിധ സ്ഥലങ്ങളില്‍ എന്‍.ജി.ഒകള്‍ രൂപവത്കരിക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍