12:30:26
29 Aug 2015
Saturday
Facebook
Google Plus
Twitter
Rssfeed

കേരളം ഭ്രാന്താലയം ആവാതിരിക്കാന്‍

കേരളം ഭ്രാന്താലയം ആവാതിരിക്കാന്‍

കേരളത്തില്‍ സാമുദായിക സൗഹാര്‍ദത്തിന് ഊഷ്മളത കുറഞ്ഞുവരുകയാണെന്നും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ധ വര്‍ധിച്ചുവരുന്നതിന് തടയിടാനാവാതെ പോയാല്‍ താമസിയാതെ പണ്ട് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഭ്രാന്താലയമായി സംസ്ഥാനം മാറുമെന്നുമുള്ള കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുടെ മുന്നറിയിപ്പ് എല്ലാവര്‍ക്കുമുള്ളതാണ്. തീകൊണ്ടുള്ള കളി അവസാനിപ്പിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ വിപത്കരമായ അവസ്ഥാവിശേഷത്തിലേക്കായിരിക്കും സംസ്ഥാനം ചെന്നെത്തുകയെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുകയുണ്ടായി. പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് 136ാം മന്നം ജയന്തി സമ്മേളനവേദി ഇത്തരമൊരു അഭിപ്രായപ്രകടനത്തിന് തെരഞ്ഞെടുത്തത് ആകസ്മികമാവാന്‍ തരമില്ല. സാമുദായിക സൗഹാര്‍ദം തകരുന്നതില്‍ ആശങ്കപ്പെട്ട പ്രതിരോധമന്ത്രിക്ക് ഊന്നിപ്പറയാനുണ്ടായിരുന്നത് സമുദായനീതിയും സാമൂഹികനീതിയും ഉറപ്പാക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണം എന്നാണ്.
കേരളത്തിന്‍െറ സാമുദായികാന്തരീക്ഷം മുമ്പത്തെപ്പോലെ ഊഷ്മളമല്ല എന്ന എ.കെ. ആന്‍റണിയുടെ നിരീക്ഷണത്തോട് യോജിക്കുന്നവരായിരിക്കും കൂടുതല്‍. എന്തുകൊണ്ട് അമ്മട്ടിലൊരു സ്ഥിതിവിശേഷം സംജാതമായി എന്ന അന്വേഷണം കൊണ്ടെത്തിക്കുക രാഷ്ട്രീയ-സാമൂഹിക സംഘടനാ നേതൃത്വത്തിന്‍െറ അനവധാനതയിലും കുടുസ്സായ കാഴ്ചപ്പാടുകളിലുമായിരിക്കാം. മതേതര-ജനാധിപത്യക്രമം വേരുറച്ച ഒരു സാമൂഹിക വ്യവസ്ഥയില്‍ സമുദായ കൂട്ടായ്മകളുടെ പ്രസക്തി അതത് സമാജത്തിന്‍െറ സാമൂഹികവും സാംസ്കാരികവുമായ അഭ്യുന്നതിക്കായുള്ള ഭൂമിക ഒരുക്കുക എന്നതാണ്. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും വിവിധ മുസ്ലിം, ക്രൈസ്തവ സംഘടനകളുമെല്ലാം ഒരുവേള കര്‍മപഥം കണ്ടെത്തിയത് ഈ മേഖലകളിലാണെന്നതിന് ചരിത്രം സാക്ഷിയാണ്. എന്നാല്‍, സമീപകാലത്തായി സാമുദായിക മേധാവികള്‍ തങ്ങളുടെ പ്ളാറ്റ്ഫോം സമ്മര്‍ദരാഷ്ട്രീയ തന്ത്രങ്ങള്‍ക്കായി വിനിയോഗിക്കാന്‍ തുടങ്ങിയതാണ് അസ്വാസ്ഥ്യജനകമായ പ്രവണതകള്‍ക്ക് വഴിവെച്ചത് . അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കുമായുള്ള മത്സരത്തില്‍ സമുദായ കാര്‍ഡ് എടുത്തുപയറ്റാന്‍ തുടങ്ങിയപ്പോള്‍ ഇതര സമുദായങ്ങള്‍ക്കെതിരെ വാളോങ്ങുകയും സ്വസമുദായാംഗങ്ങളെ വിഭാഗീയമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയുംചെയ്യുന്ന തീര്‍ത്തും അക്ഷന്തവ്യമായ നീക്കങ്ങള്‍ പല ഭാഗങ്ങളില്‍നിന്നുമുണ്ടായി.
സമുദായനീതിയും സാമൂഹികനീതിയും പുലര്‍ന്നുകാണണമെന്നാഗ്രഹിച്ച മഹാരഥന്മാരുടെ അശ്രാന്ത പരിശ്രമഫലമാണ് നാമിന്ന് കാണുന്ന കേരളമെന്ന് വിസ്മരിച്ചതാണ് അപഭ്രംശത്തിന് കാരണം. അത്യന്തം നിന്ദ്യവും ഭീതിജനകവുമായ ജാതീകൃത ഉച്ചനീചത്വങ്ങള്‍ നിലനിന്ന ഹിന്ദു സമൂഹത്തില്‍ മാനവികതയുടെയും സാംസ്കാരിക സമേകതയുടെയും മൂല്യങ്ങള്‍ സന്നിവേശിപ്പിക്കാന്‍ ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും മറ്റും നടത്തിയ തീവ്രയത്നങ്ങളെ നിരര്‍ഥകമാക്കുന്ന നീക്കങ്ങള്‍ അവരുടെ അനുയായികളുടെ ഭാഗത്തുനിന്നുണ്ടാകുമ്പോള്‍ നമ്മുടെ നാട് പിറകോട്ട് ചലിക്കുക സ്വാഭാവികമാണ്. സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഭ്രാന്താലയത്തിലേക്കാണോ കേരളത്തിന്‍െറ തിരിച്ചുപോക്ക് എന്ന് പ്രതിരോധമന്ത്രിയെക്കൊണ്ട് ചോദിപ്പിച്ചത് ബന്ധപ്പെട്ടവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവര്‍ണരായ കീഴ്ജാതിക്കാരന്‍െറ ജീവിതം ദുസ്സഹമാക്കുകയും പൊതുനിരത്തും ക്ഷേത്രപരിസരവും അവന് നിഷേധിക്കപ്പെടുകയുംചെയ്ത മനുഷ്യത്വരഹിതമായ കാഴ്ച കണ്ടാണല്ലോ 1889ല്‍ മദിരാശിയില്‍ചെയ്ത ഒരു പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയ സദൃശ്യമാണ് കേരളത്തിന്‍െറ സാമൂഹികാവസ്ഥയെന്ന് വിലപിച്ചത്. പീഡനങ്ങള്‍ പെരുത്ത് ഏറ്റുവാങ്ങിയ പതിതരുമായി സ്നേഹസമ്പര്‍ക്കം പുലര്‍ത്തുകയും സവര്‍ണകുലജാതരുടെ വിലക്കു ലംഘിച്ച് അവരുമായി സൗഹൃദം ഊട്ടിവളര്‍ത്തുകയും ചെയ്ത്, മനുഷ്യത്വത്തിന്‍െറ അമരസ്പര്‍ശം കാട്ടിക്കൊടുത്ത ചട്ടമ്പിസ്വാമികളുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരില്‍നിന്നുപോലും ഇന്ന് ഐക്യത്തിന്‍െറ സ്വരമല്ല, ഭിന്നിപ്പിന്‍െറ അട്ടഹാസങ്ങളാണ് കേള്‍ക്കാന്‍ കഴിയുന്നത്. കേരളീയചരിത്രത്തിലെ ഒരു ദശാസന്ധിയില്‍ ഒരു സമൂഹം എന്ന നിലയില്‍ നായര്‍ വിഭാഗങ്ങള്‍ ഒട്ടനവധി വെല്ലുവിളികളെ അഭിമുഖീകരിച്ചപ്പോള്‍ അതിനെ ഉല്‍പതിഷ്ണുത്വത്തോടെ നേരിടുകയും സമാജത്തിന്‍െറ സാമൂഹികോല്‍ക്കര്‍ഷത്തിനായി ആയുസ്സും വപുസ്സും മാറ്റിവെക്കുകയും ചെയ്ത മന്നത്ത് പത്മനാഭന്‍െറ കാല്‍പാടുകളെയാണോ തങ്ങളിന്ന് അനുധാവനം ചെയ്യുന്നതെന്ന് സത്യസന്ധമായി ആത്മവിചിന്തനം നടത്തേണ്ടത് എന്‍.എസ്.എസിന്‍െറ ഇന്നത്തെ നേതൃത്വം തന്നെയാണ്. ശ്രീനാരായണ ഗുരുവിന്‍െറ സന്ദേശങ്ങളും എസ്.എന്‍.ഡി.പിയുടെ കര്‍മപരിപാടികളും തമ്മില്‍ വൈരുധ്യമുണ്ടാകുമ്പോള്‍ അകംപൊള്ളേണ്ടത് സഹസ്രശോഭിതമായ ആ വ്യക്തിത്വം കൈപിടിച്ചുയര്‍ത്തിയ ജനതതിക്കാവണം.
കേരളം ഭ്രാന്താലയമായി മാറാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തേണ്ടത് രാഷ്ട്രീയ, സാമൂഹിക, മതനേതൃത്വമല്ലാതെ മറ്റാരുമല്ല. മതേതര ജനാധിപത്യ സംസ്കൃതിയെ പരിപോഷിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാവേണ്ടവര്‍ കുടുസ്സായ ജാതിമത ചിന്തകളുടെ പേരില്‍ ജനത്തെ ഭിന്നധ്രുവങ്ങളില്‍ നിര്‍ത്തി വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വ്യഗ്രത കാട്ടുന്നതാണ് അനര്‍ഥങ്ങളുടെ മുഖ്യകാരണം. സ്വസമാജത്തിന്‍െറ ആത്മീയവും ഭൗതികവുമായ ഔത്യത്തിനുള്ള ഏതു ശ്രമവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നതില്‍ പക്ഷാന്തരമുണ്ടാവില്ല. ആധുനിക കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ ഇവിടത്തെ മത-സാംസ്കാരിക കൂട്ടായ്മകള്‍ അര്‍പ്പിച്ച സംഭാവനകള്‍ അനര്‍ഘങ്ങളാണെന്ന് എല്ലാവരും അംഗീകരിച്ച യാഥാര്‍ഥ്യമാണുതാനും. അതിനപ്പുറം, അധികാരരാഷ്ട്രീയത്തിന്‍െറ പങ്കുപറ്റുന്നതിലുള്ള കിടമത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ സമുദായനേതൃത്വം തെറ്റായ സന്ദേശങ്ങള്‍ കൈമാറുകയും നൂറ്റാണ്ടുകളുടെ പരിശ്രമഫലമായി വിപാടനംചെയ്ത നിഷേധാത്കമ വിചാരഗതി പുന$സ്ഥാപിക്കാന്‍ വഴിയൊരുക്കുകയുമാണ്. അത് കേരളത്തിന്‍െറ സകല ഈടുവെപ്പുകളെയും നശിപ്പിക്കുകയും നാം ശിരസ്സുയര്‍ത്തി അഭിമാനിക്കുന്ന സ്നേഹസൗഭ്രാത്രത്തിന്‍െറ പാരമ്പര്യത്തെ ഹനിക്കുകയുംചെയ്യുമെന്നാണ് എ.കെ. ആന്‍റണി ഉചിതമായ സമയത്ത് ഉണര്‍ത്തിയിരിക്കുന്നത്. ആ താക്കീതിന്‍െറ ഗൗരവം ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ മനസ്സുതുറക്കുമെന്ന് പ്രതീക്ഷിക്കട്ടെ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus