തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരുടെ ആവേശവും ആരവവും സാക്ഷിയായി പുതിയ തൃശൂര്‍ ഡി.സി.സി പ്രസിഡന്‍റായി ഒ. അബ്ദുറഹ്മാന്‍കുട്ടി ചുമതലയേറ്റു. കെ. കരുണാകരന്‍ സപ്തതി സ്മാരകത്തില്‍ രാവിലെ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് അഡ്വ. വി. ബാലറാം കുട്ടിക്ക് ചുമതല കൈമാറി. തുടര്‍ന്നു ചേര്‍ന്ന സമ്മേളനത്തില്‍ ബാലറാം പങ്കെടുത്തില്ല. എം.എല്‍.എമാര്‍ അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ ഡി.സി.സി ഓഫിസിലെത്തിയില്ല. മുകള്‍നിലയിലെ സമ്മേളനഹാളിലും പുറത്തും പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞിരുന്നു. രാവിലെ പതിനൊന്നോടെ പഞ്ചവാദ്യത്തിന്‍െറ അകമ്പടിയില്‍ നേതാക്കള്‍ക്കൊപ്പം ഡി.സി.സിയിലെത്തിയ അബ്ദുറഹ്മാന്‍കുട്ടിയെ ഭാരവാഹികള്‍ എതിരേറ്റു. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് വി. ബാലറാം ചുമതല കൈമാറി. മുപ്പത് വര്‍ഷത്തിനുശേഷം എ പക്ഷത്തുനിന്ന് തൃശൂര്‍ ഡി.സി.സി പ്രസിഡന്‍റാവുന്ന ഒ. അബ്ദുറഹ്മാന്‍കുട്ടിയുടെ സ്ഥാനാരോഹണചടങ്ങില്‍ നിന്ന് ഐ ഗ്രൂപ്പ് പൂര്‍ണമായും വിട്ടുനിന്നു. എം.എല്‍.എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി. വിന്‍സന്‍റ്, കോര്‍പറേഷന്‍ മേയര്‍ ഐ.പി. പോള്‍ എന്നിവരൊന്നും സ്ഥലത്തെത്തിയില്ല. ടി.എന്‍.പ്രതാപന്‍ എം.എല്‍.എ യും അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായി. കെ. മുരളീധരന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എ. മാധവന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വി.എം.സുധീരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ്‍, കെ.പി. ധനപാലന്‍ എം.പി എന്നിവര്‍ സംസാരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍