തിരുവനന്തപുരം: മുനിസിപ്പല്‍ കെട്ടിടനിര്‍മാണ ചട്ടം പരിഷ്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്തുകളിലെ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സമിതിയെ നിയോഗിക്കും. മുനിസിപ്പല്‍ ചട്ട ഭേദഗതിക്കുള്ള സമിതിയെയാണ് ഇതും ഏല്‍പ്പിക്കുക. ഫ്ളാറ്റുകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലക്കും വന്‍ ആനുകൂല്യങ്ങളും ഇളവുകളും നല്‍കുന്നതാണ് പുതിയ ചട്ടങ്ങള്‍. ദ്വീപുകളില്‍ കെട്ടിടനിര്‍മാണം അനുവദിക്കുന്നത് ദൂരവ്യാപക പ്രത്യാഘാമുണ്ടാക്കും.
1999ല്‍ നിലവില്‍വന്ന കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ മുന്‍സര്‍ക്കാര്‍ കൊണ്ടുവന്ന ചില വ്യവസ്ഥകള്‍ ഒഴിവാക്കിയതായി മന്ത്രി മഞ്ഞളാംകുഴി അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥല-കെട്ടിട വിസ്തീര്‍ണാനുപാതം (എഫ്.എ.ആര്‍) വര്‍ധിപ്പിച്ചു. അധിക എഫ്.എ.ആറിന് നിലവിലുണ്ടായിരുന്ന ഫീസ് 1000ത്തില്‍നിന്ന് 3000 രൂപയാക്കി. വാസസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഓഫിസ് കെട്ടിടങ്ങള്‍, വാണിജ്യകെട്ടിടങ്ങള്‍, വ്യവസായ കെട്ടിടങ്ങള്‍, സ്റ്റോറേജുകള്‍ തുടങ്ങി 12 വിഭാഗങ്ങളിലും വിസ്തീര്‍ണാണുപാതത്തില്‍ മാറ്റം വരുത്തി. സാധാരണ വീടുകള്‍ ഉള്‍പ്പെടുന്ന റസിഡന്‍ഷ്യല്‍ എ ഒന്ന് വിഭാഗത്തില്‍ അധിക ഫീസില്ലാതെ വീസ്തീര്‍ണാനുപാതത്തിന്‍െറ മൂന്നിരട്ടിയും അധിക ഫീസോടെ നാലിരട്ടിവരെയും നിര്‍മാണം അനുവദിക്കും. ഇത്തരത്തില്‍ ഓരോ വിഭാഗത്തിലും മാറ്റം വരും. വാസസ്ഥല കെട്ടിടങ്ങളിലേക്കുള്ള വഴിയുടെ വീതിയിലും മാറ്റം വരും. 8000 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് അഞ്ച് മീറ്റര്‍ വീതിയുള്ള വഴി തുടരും. 8000 മുതല്‍ 18,000 വരെ ചതുരശ്ര മീറ്റര്‍ കെട്ടിടത്തില്‍ വഴിക്ക് ആറ് മീറ്റര്‍ വരെ വീതി വേണം. 18,000 -24,000 ചതുരശ്ര മീറ്റര്‍ കെട്ടിടത്തില്‍ വഴി ഏഴ് മീറ്ററായി കുറച്ചു. 24,000ന് മുകളില്‍ 10 മീറ്റര്‍ ആയിരിക്കും വഴിയുടെ വീതി. വാണിജ്യ കെട്ടിടങ്ങളില്‍ 300 ചതുരശ്ര മീറ്റര്‍ വരെ 1.2 മീറ്ററും 300 -1500ല്‍ 3.6 മീറ്ററും 1500-6000ത്തില്‍ അഞ്ച് മീറ്ററും 6000 -12,000ത്തില്‍ ആറ് മീറ്ററും 12,000-18,000ത്തില്‍ ഏഴ് മീറ്ററും 18,000ന് മുകളില്‍ 10 മീറ്ററുമാണ് വഴിയുടെ വീതി.
വന്‍കിട പദ്ധതികളുടെ അനുമതിക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും. ഭൂമി വില ഉള്‍പ്പെടെ 100 കോടിയിലേറെ അടങ്കല്‍, രണ്ട് ഹെക്ടറില്‍ കൂടുതല്‍ സ്ഥലം, 500 പേര്‍ക്കെങ്കിലും ജോലി എന്നീ നിബന്ധനകള്‍ പാലിക്കുന്ന പദ്ധതികളാണ് ഇതില്‍ വരിക. പദ്ധതികള്‍ക്ക് ഒന്നര ഇരട്ടി അല്ലെങ്കില്‍ അഞ്ച് ഏതാണ് കുറവ് അത്രയും വിസ്തീര്‍ണാനുപാതം കൂടി നിര്‍മിക്കാന്‍ അനുമതി നല്‍കും.
റോഡ് ബന്ധമില്ലാത്ത ദ്വീപുകളിലെ കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കുന്ന ചട്ടം ഇതില്‍ ഉള്‍പ്പെടുത്തി. നിലവിലെ മറ്റ് നിയമങ്ങള്‍ ഇതില്‍ പാലിക്കും. ഉയര്‍ന്ന കെട്ടിടങ്ങള്‍ (ഹൈ റൈസ്) എന്ന നിര്‍വചനം 15 മീറ്റര്‍ മുതല്‍ എന്നത് ഒരു മീറ്റര്‍ കൂടി വര്‍ധിപ്പിച്ചു. ഇതിന്‍െറ നാല് ഭാഗത്തും അഞ്ച് മീറ്റര്‍ തുറസ്സായ സ്ഥലം വേണമെന്ന വ്യവസ്ഥ മാറ്റും. മുന്‍വശത്തും മറ്റൊരു വശത്തും മാത്രം ഇത്രയും തുറസായ സ്ഥലം മതിയെന്നാണ് ഭേദഗതി. സുരക്ഷാ വ്യവസ്ഥകളില്‍ മാറ്റമുണ്ടാകില്ല.
ദുര്‍ബല വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് അധിക ഫീസില്ലാതെ വിസ്തീര്‍ണാനുപാതം അഞ്ച് വരെ നല്‍കും. സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകള്‍ക്ക് അധിക ഫീസില്ലാതെ അനുപാതം നാല് വരെ അനുവദിക്കും. കെട്ടിടനിര്‍മാണങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഇ-ഫയലിങ് വഴി സ്വീകരിക്കും. പഴയ സ്കൂളുകളുടെ പുനരുദ്ധാരണ സമയത്ത് വിസ്തീര്‍ണം 5000 ചതുരശ്ര മീറ്ററില്‍ താഴെയാണെങ്കില്‍ വഴിയുടെ വീതി 3.6 മീറ്റര്‍ മതി. നിര്‍മാണ സമയത്തുള്ള ചെറിയ വ്യതിയാനങ്ങള്‍ ആവശ്യമുള്ളതിന്‍െറ അഞ്ച് ശതമാനമോ 25 സെന്‍റീമീറ്ററോ ഏതാണ് കുറവെന്ന് നോക്കി നഗരസഭാ സെക്രട്ടറിക്ക് റെഗുലറൈസ് ചെയ്യാം. കെട്ടിടനിര്‍മാണ അനുമതി നല്‍കാന്‍ നഗരസഭകള്‍ക്കും ജില്ലാ ടൗണ്‍ പ്ളാനര്‍മാര്‍ക്കുമുണ്ടായിരുന്ന പരിധി ഉയര്‍ത്തി. വലിയ കെട്ടിടങ്ങള്‍ക്ക് മാത്രം ചീഫ് ടൗണ്‍പ്ളാനറെ സമീപിച്ചാല്‍ മതി. പൊതു ആവശ്യത്തിനുള്ള കെട്ടിടനിര്‍മാണത്തിന് ഇളവ് നല്‍കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, മുനിസിപ്പാലിറ്റി എന്നിവക്ക് സൗജന്യമായി ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് ഇളവ് നല്‍കും.
ഫ്ളാറ്റുകളുടെ പാര്‍ക്കിങ് സ്ഥലം വര്‍ധിപ്പിച്ചു. പാര്‍ക്കിങ് ആവശ്യത്തിന്‍െറ 50 ശതമാനം വരെ യന്ത്രവത്കൃത പാര്‍ക്കിങ് അനുവദിക്കും. സിനിമാ തിയറ്റുകള്‍ ഉപയോഗം മാറ്റുമ്പോള്‍ നിലവിലെ സീറ്റിന്‍െറ മൂന്നിലൊന്നോ 200 ഓ ഏതാണ് കൂടുതല്‍ അത്രയും വലിപ്പമുള്ള തിയറ്റര്‍ നിലനിര്‍ത്തണം. ലൈസന്‍സുള്ള എന്‍ജിനീയര്‍, ആര്‍ക്കിടെക്റ്റ് തുടങ്ങിയവരുടെ ലൈസന്‍സ് ഫീസില്‍ വര്‍ധന വരുത്തും. നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന ലൈസന്‍സികള്‍ക്കെതിരെ സസ്പെന്‍ഷന്‍ അടക്കം നടപടിയെടുക്കും. കെട്ടിട നിര്‍മാണ പെര്‍മിറ്റ് പുതുക്കല്‍ നടപടികളില്‍ ഇളവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍