ഏഴു മലയാള ചിത്രങ്ങള്‍; ഈവാരം റിലീസ് പൂരം!

ഏഴു മലയാള ചിത്രങ്ങള്‍; ഈവാരം റിലീസ് പൂരം!

പുതുവര്‍ഷത്തിലെ ആദ്യ വെള്ളിയാഴ്ച മലയാള സിനിമക്ക് റിലീസ് പൂരം. ആറു പുതിയ ചിത്രങ്ങളും ഒരു മൊഴിമാറ്റ ചിത്രവുമടക്കം ഏഴ് മലയാള സിനിമകളാണ് ജനുവരി നാലിന് തിയറ്ററുകളിലെത്തുന്നത്.
രാജീവ് രവി സംവിധാനം ചെയ്യുന്ന 'അന്നയും റസൂലും', ബാബു ജനാര്‍ദനന്റെ 'ലിസമ്മയുടെ വീട്', ഗിരീഷിന്റെ 'നി കൊ ഞാ ചാ', രാജേഷ് ടച്ച് റിവറിന്റെ 'എന്റെ', രാജേഷ് അമനക്കരയുടെ 'എന്‍ട്രി', നിഖില്‍ മേനോന്റെ 'മൈ ഫാന്‍ രാമു', തെലുങ്കില്‍ നിന്ന് മലയാളത്തിലേക്ക് എത്തുന്ന 'ഹായ് രാം ചരണ്‍' എന്നിവയാണ് 2013ലെ ആദ്യ റിലീസുകള്‍.
അന്നയും റസൂലും
പ്രമുഖ ഛായാഗ്രാഹകന്‍ രാജീവ് രവി ആദ്യമായി സംവിധാനം ചെയ്യുന്ന 'അന്നയും റസൂലും' പറയുന്നത് കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ്. റസൂലും അന്നയും തമ്മിലുള്ള മതങ്ങളുടെ അതിര്‍വരമ്പുകള്‍ കടന്നുള്ള പ്രണയം മനോഹരമായി പറയുകയാണ് ചിത്രത്തില്‍. രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കുന്നത്. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥയും സംഭാഷണവും.
ഫഹദ് ഫാസിലാണ് നായകന്‍. പ്രമുഖ തെന്നിന്ത്യന്‍ ഗായികയും നടിയുമായ ആന്‍ട്രിയ ജെറിമിയയാണ് നായിക. ആയിരത്തില്‍ ഒരുവന്‍, പച്ചക്കിളി മുത്തുച്ചരം തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ നായികയായിരുന്ന ആന്‍ട്രിയയുടെ വരാനിരിക്കുന്ന ചിത്രം കമല്‍ഹാസന്റെ 'വിശ്വരൂപ'മാണ്.
രഞ്ജിത്ത്, ആഷിഖ് അബു, പി. ബാലചന്ദ്രന്‍, ജോയി മാത്യൂ, എം.ജി ശശി എന്നീ അഞ്ച് സംവിധായകര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്. മറ്റൊരു സംവിധായകനായ വിനോദ് വിജയന്‍ സെവന്‍ ആര്‍ട്സ് മോഹന്റെ സഹകരണത്തോടെ ഡി കട്ട്സ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സണ്ണി വെയ്ന്‍, സ്രിന്‍ഡ അഷാബ്, സൌബിന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ക്യാമറ: മധു നീലകണ്ഠന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, എഡിറ്റിംഗ്: അജിത്കുമാര്‍.
തമിഴില്‍ പ്രശസ്തനായ സംഗീത സംവിധായകന്‍ കെ യാണ് ഈണങ്ങളൊരുക്കിയിരിക്കുന്നത്. പഴമയുടെ ചുവയുള്ള ഈണങ്ങള്‍ ചിത്രത്തിന്റെ പ്രത്യേകതയാണ്. മെഹബൂബ് -ബാബുരാജ് ടീം പണ്ട് ചുഴി എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ഗാനമായ 'കണ്ടു രണ്ട് കണ്ണ്' ചിത്രത്തില്‍ പുനരവതരിപ്പിക്കുന്നുണ്ട്. 'കായലിനകരികെ' എന്ന മെഹബൂബ് ഗാനവും ചിത്രത്തിലുണ്ട്. രണ്ടും ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്.
ലിസമ്മയുടെ വീട്
ബാബു ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന 'ലിസമ്മയുടെ വീടി'ലൂടെ മീരാ ജാസ്മിന്‍ ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. ബാബു ജനാര്‍ദനന്‍ തന്നെ തിരക്കഥയൊരുക്കിയ 'അച്ഛനുറങ്ങാത്ത വീടി'ന്റെ രണ്ടാംഭാഗമായാണ് ചിത്രമെത്തുന്നത്. ആദ്യഭാഗത്തിലേതുപോലെ കേരളീയ സമൂഹത്തെ പിടിച്ചുലച്ച ഒരു സ്ത്രീപീഡനക്കേസിനെ ആസ്പദമാക്കിയാണ് 'ലിസമ്മയുടെ വീടും' ഒരുക്കിയിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍.
സലീംകുമാര്‍, രാഹുല്‍ മാധവ്, ജഗദീഷ്, ബൈജു, ശ്രീരാമന്‍, പി.ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. വിനു തോമസാണ് സംഗീതമൊരുക്കുന്നത്. ഗ്രീന്‍ അഡ്വര്‍ടൈസിംഗ് പ്രൊഡക്ഷന്‍സിനുവേണ്ടി പി.ടി. സലീമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
നി കൊ ഞാ ചാ
യുവ താരങ്ങള്‍ മുഖ്യവേഷത്തിലെത്തുന്ന 'നി കൊ ഞാ ചാ' (നിന്നേം കൊല്ലും ഞാനും ചാവും) എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഗിരീഷാണ്. ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസുമാണ് നിര്‍മാതാക്കള്‍. സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്.
സെക്കന്റ് ഷോയിലൂടെ ശ്രദ്ധേയനായ സണ്ണി വെയ്നാണ് നായകന്‍. പ്രവീണ്‍ ജോ, സഞ്ജു, പൂജിത, പാര്‍വതി മേനോന്‍, രോഹിണി മിറിയം, മെറിന്‍ മാത്യൂ, സിജ റോസ് തുടങ്ങിയ പുതുമുഖങ്ങളാണ് മറ്റ് താരങ്ങള്‍.
ക്യാമറ: നീല്‍ ഡികുന, എഡിറ്റിംഗ്: മനോജ്, കലാസംവിധാനം: ഉണ്ണി കുറ്റിപ്പുറം, മേക്കപ്പ്: പി.വി ശങ്കര്‍.
എന്റെ
രാജേഷ് ടച്ച്റിവര്‍ സംവിധാനം ചെയ്യുന്ന 'എന്റെ' സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചര്‍ച്ചക്കെടുക്കുന്നത്. സിദ്ദിഖ്, അഞ്ജലി പാട്ടീല്‍ എന്നിവരാണ് മുഖ്യവേഷത്തില്‍. ഒരച്ഛന്റെയും മകളുടെയും ദുരന്തകഥയിലൂടെ സ്ത്രീ പീഡനവും സ്ത്രീ കടത്തും ചര്‍ച്ചചെയ്യുന്നു.
ഇക്കഴിഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ശ്രീലങ്കന്‍ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം നായിക അഞ്ജലി പാട്ടീല്‍ നേടിയിരുന്നു.
സാമൂഹിക പ്രവര്‍ത്തക ഡോ. സുനിതാ കൃഷ്ണനും എം. എസ്. രാജേഷും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ ലക്ഷ്മി മേനോന്‍, രത്നശേഖര്‍, അനൂപ് അരവിന്ദന്‍, നീനാ കുറുപ്പ്, സുനില്‍ കുടവട്ടുര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ക്യാമറ: രാമതുളസി, എഡിറ്റിംഗ്: ഡോണ്‍ മാക്സ്, കലാസംവിധാനം: രാജീവ് നായര്‍, സംഗീതം: ശരത്, പശ്ചാത്തല സംഗീതം: ശന്തനു മൊയിത്ര.
എന്‍ട്രി
രാജേഷ് അമനക്കര സംവിധാനം ചെയ്യുന്ന 'എന്‍ട്രി' ശ്രദ്ധനേടുന്നത് ടി.വി. അവതാരകയായ രഞ്ജിനി ഹരിദാസിന്റെ നായികവേഷത്തോടെയാണ്. ശ്രേയ എന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് രഞ്ജിനി എത്തുന്നത്.
ബാബുരാജ്, സുരേഷ് കൃഷ്ണ, ഭഗത് മാനുവല്‍, അശോകന്‍, കണ്ണന്‍ പട്ടാമ്പി, സിജ റോസ് എന്നിവരാണ് മറ്റ് താരങ്ങള്‍. മെജോ ജോസാണ് ചിത്രത്തിന് ഈണങ്ങളൊരുക്കിയത്. അതുല്യാ പ്രൊഡക്ഷന്‍സിന് വേണ്ടി അതുല്യാ അശോകാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മൈ ഫാന്‍ രാമു
ഗായകനായ നിഖില്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മൈ ഫാന്‍ രാമു'. നിഖിലും സൈജു കുറുപ്പും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.
രാജീവ് പിള്ള, സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, ഗിന്നസ് പക്രു, റിയാസ് ഖാന്‍, തുടങ്ങിയവരാണ് അഭിനേതാക്കള്‍. നിര്‍മാണം: ശശി അയ്യഞ്ചിറ, സംഗീതം: സഞ്ജീവ് തോമസ്, ഗാനങ്ങള്‍: ചിറ്റൂര്‍ ഗോപി, ക്യാമറ: പ്രജിത്ത്, എഡിറ്റര്‍: സംജിത്ത്, വസ്ത്രാലങ്കാരം: കുമാര്‍ എടപ്പാള്‍.
ഹായ് രാംചരണ്‍
ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജ നായകനായ തെലുങ്ക് ചിത്രം 'ഓറഞ്ചി'ന്റെ മലയാളം മൊഴിമാറ്റമാണ് 'ഹായ്രാംചരണ്‍'. ജെനീലിയ ഡിസൂസയാണ് നായിക. പ്രഭു, പ്രകാശ്രാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ബൊമ്മാരില്ലു ഭാസ്കറാണ് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഹാരിസ് ജയരാജാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus