12:30:26
04 Sep 2015
Friday
Facebook
Google Plus
Twitter
Rssfeed

പേരില്ലാതാകുന്നവര്‍

പേരില്ലാതാകുന്നവര്‍

കിരാതമായ അതിക്രമത്തിന്‍െറ ഇരയായതോടെ ആ യുവതിക്ക് എല്ലാം നഷ്ടമായി - സ്വന്തം പേരുപോലും. ശരിയായ പേര് വെളിപ്പെടുത്താന്‍ കഴിയാത്തതിനാല്‍ മാധ്യമങ്ങള്‍ അവള്‍ക്ക് അമാനത്ത്, നിര്‍ഭയ, ജാഗൃതി, ജ്യോതി എന്നിങ്ങനെ പ്രതീകാത്മകമായി പല പേരുകളും നല്‍കി. അനാമികയായി അവള്‍ നാടിന്‍െറ ഹൃദയത്തിലും ഓര്‍മയിലും ഇടം നേടി. പേരിലെന്തിരിക്കുന്നുവെന്ന് ചോദിച്ച വില്യം ഷേക്സ്പിയറിന്‍െറ പെരുമ നിലനില്‍ക്കുന്നത് ആ പേരില്‍ത്തന്നെയാണ്. പേരില്ലാതെ വാര്‍ത്തയുണ്ടാകുന്നില്ല. ശരിയായ പേരില്ലെങ്കില്‍ സാങ്കല്‍പികമായ പേരെങ്കിലും വേണം.
ലൈംഗികമായ അതിക്രമത്തിന്‍െറ ഇരയാകുന്നതോടെ സ്ത്രീയുടെ പേരും മുഖവും നഷ്ടപ്പെടുന്നു. അവര്‍ സൂര്യനെല്ലിയും വിതുരയും കവിയൂരുമായി മാറുന്നു. അവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന സൂചനകള്‍ പോലും നല്‍കാന്‍ പാടില്ല. അത്തരം വെളിപ്പെടുത്തലുകള്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 228 എ പ്രകാരം ശിക്ഷാര്‍ഹമാണ്. വിലക്ക് ലംഘിച്ച് ചില സൂചനകള്‍ നല്‍കിയതിന് രണ്ട് ദല്‍ഹി പത്രങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ടുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
സ്വകാര്യതയെ മുന്‍നിര്‍ത്തി 1983ലാണ് ക്രിമിനല്‍ നിയമം ഭേദഗതി ചെയ്തത്. ആത്മാവിനും മനസ്സിനും ഏല്‍ക്കുന്ന ക്ഷതമാണ് ബലാത്സംഗം. അതേല്‍പിക്കുന്ന ആഘാതത്തില്‍നിന്ന് മുക്തയാകുന്നതിന് സ്വകാര്യതയുടെ സംരക്ഷണം ആവശ്യമാണ്. പേര് വെളിപ്പെടുത്താവുന്ന സന്ദര്‍ഭങ്ങള്‍ നിയമത്തില്‍ത്തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിനു സഹായകമാകുമെങ്കില്‍ കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍െറ രേഖാമൂലമായ അനുവാദത്തോടെ പേര് പരസ്യപ്പെടുത്താം. പീഡിതയുടെ സമ്മതത്തോടെയും പേര് പരസ്യപ്പെടുത്താം. ഇരയുടെ മരണം സംഭവിച്ചാല്‍ അവളുടെ അടുത്ത ബന്ധുക്കള്‍ക്കും ഇതിനുള്ള സമ്മതം നല്‍കാം.
ഔദ്യാഗികരേഖകളെ അടിസ്ഥാനമാക്കി ഏതു വാര്‍ത്തയും പ്രസിദ്ധപ്പെടുത്താമെന്ന പൊതുതത്ത്വത്തില്‍നിന്നുള്ള വ്യതിചലനമാണിത്. കോടതി നടപടികളെ അടിസ്ഥാനമാക്കിയാണ് വാര്‍ത്തയെങ്കില്‍ കോടതിയുടെ അനുവാദം വേണം. ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും വിധി പ്രസിദ്ധീകരിക്കുന്നതിന് വിലക്കില്ല. എന്നാല്‍, വിധി ഏതു കോടതിയുടേതായാലും ബലാത്സംഗക്കേസുകളിലെ ഇരകളുടെ പേര് വിധിയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുറിവുകള്‍ സ്വാഭാവികമായി ഉണങ്ങുന്നതിനുള്ള പരിരക്ഷയാണ് നിയമവും കോടതികളും നല്‍കുന്നത്.
ദല്‍ഹിയിലെ പെണ്‍കുട്ടിയുടെ കാര്യത്തില്‍ രഹസ്യാത്മകത ആവശ്യത്തിലേറെയായി. അവള്‍ ആരാണെന്ന് അവളെ അറിയുന്നവര്‍ക്കെല്ലാം അറിയാം. അറിയാത്തവര്‍ പേരറിഞ്ഞതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. പേര് വെളിപ്പെടുത്തുന്നതിന് പിതാവ് സമ്മതം വാങ്ങിയാല്‍ നിയമതടസ്സം ഒഴിവാകും. ആ പേര് രാജ്യം അറിയട്ടെ. പങ്കിലമായ പേരായിട്ടാവില്ല രാജ്യം ആ പേരിനെ സ്വീകരിക്കുന്നത്. അപമാനം അവളുടേതല്ല, രാജ്യത്തിന്‍േറതാണ്. അപമാനിതര്‍ കുറ്റബോധത്തോടെ ആ പേര് ഓര്‍ത്തിരിക്കണം.
ലൈംഗിക പീഡനക്കേസുകളില്‍ ക്രിമിനല്‍ നിയമം കര്‍ക്കശമാക്കി കടുത്ത ശിക്ഷ ഉറപ്പു വരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ദല്‍ഹി ബസിലെ അക്രമികള്‍ക്ക് വധശിക്ഷ ഉറപ്പാണ്. ഗോവിന്ദച്ചാമിക്ക് ലഭിച്ചതും വധശിക്ഷയാണ്. അതിനപ്പുറം ഒരു ശിക്ഷയില്ല. ഏതു ശിക്ഷയും ഭരണഘടനക്ക് അനുസൃതമായിരിക്കണം. പ്രതികളുടെ ലൈംഗികക്ഷമത ഇല്ലാതാക്കണം എന്നും മറ്റുമുള്ള നിര്‍ദേശങ്ങള്‍ താല്‍ക്കാലികമായ വൈകാരികപ്രകടനം മാത്രമാണ്. അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധി നടപ്പാക്കിയ വരിയുടക്കലിന്‍െറ ഓര്‍മയിലാണ് കോണ്‍ഗ്രസുകാര്‍ ആവേശഭരിതരാകുന്നത്. കെടുകാര്യസ്ഥത നിമിത്തം പ്രതിരോധത്തിലായവര്‍ രക്ഷക്കുവേണ്ടി പലതും പറയും. ജെ.എസ്. വര്‍മയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ രൂപം കൊടുക്കാനിടയുള്ള നിയമത്തിന് ദല്‍ഹി യുവതിയുടെ പേര് നല്‍കണമെന്ന് ശശി തരൂര്‍ പറഞ്ഞത് നിയമനിര്‍മാണത്തെക്കുറിച്ചുള്ള അജ്ഞത നിമിത്തമാണ്. നിയമം വ്യക്തികളുടെ പേരില്‍ അറിയപ്പെടുന്നത് അമേരിക്കയില്‍ മാത്രമാണ്. പ്രസിദ്ധമായ ഹൈഡ് ആക്ട് തന്നെ ഉദാഹരണം. പക്ഷേ, അത് നിയമത്തിനു കാരണക്കാരനായ കോണ്‍ഗ്രസ് അംഗത്തിന്‍െറ പേരാണ്. വ്യക്തികളുടെ പേരില്‍ തപാല്‍മുദ്രയല്ലാതെ കറന്‍സിപോലും ഇറക്കാറില്ല. മഹാത്മാ ഗാന്ധിക്കു മാത്രമാണ് കറന്‍സിയില്‍ സ്ഥാനമുള്ളത്. ബല്ലിയയിലെ ധീരയായ യുവതിയുടെ പേരില്‍ ആവശ്യമെങ്കില്‍ ധീരതക്കുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താം.
ഇരയുടെ പ്രതികാരം സ്റ്റേറ്റ് ഏറ്റെടുത്തതോടെയാണ് സമൂഹം പരിഷ്കൃതമായത്. ഇക്കാര്യത്തില്‍ ഭരണകൂടത്തിനു സംഭവിക്കുന്ന വീഴ്ച ഗുരുതരമായ വിശ്വാസത്തകര്‍ച്ചക്ക് കാരണമാകും. ഇരകള്‍ക്കെതിരെ പീഡനം തുടരുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാന്‍ മാധ്യമങ്ങളുടെ ഇടപെടല്‍ ആവശ്യമാണ്. നീതിയുടെ നേത്രങ്ങള്‍ തുറക്കുന്നതിനു മാധ്യമങ്ങളിലെ ആരവം കാരണമാകും. ദല്‍ഹിയിലെ മാനഭംഗം സാധാരണ വാര്‍ത്തയായി മാധ്യമങ്ങള്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ അതങ്ങനെ അവസാനിക്കുമായിരുന്നു. നവമാധ്യമങ്ങളിലൂടെയുള്ള ജനകീയമായ ഇടപെടല്‍ കൂടിയായപ്പോള്‍ പ്രതികരണം ഭരണകൂടത്തെ ഭയപ്പെടുത്തിയ വെല്ലുവിളിയായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗികമായ അത്യാചാരങ്ങള്‍ക്കെതിരെയുള്ള സമൂഹത്തിന്‍െറ തീവ്രമായ പ്രതികരണമാണ് മാധ്യമങ്ങളില്‍ പ്രതിഫലിച്ചത്. വഴികളെല്ലാം അടച്ചാലും സൈബര്‍ വീഥികള്‍ തുറന്നുകിടക്കുമെന്ന പ്രഖ്യാപനമാണ് സോഷ്യല്‍ മീഡിയ നടത്തിയത്.
പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തനത്തില്‍ സന്ദിഗ്ധതകള്‍ അനിവാര്യമാണ്. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കാനാവില്ല. ജേണലിസം ക്ളാസുകളിലെപ്പോലെ ന്യൂസ് റൂമുകളിലും ഈ പ്രതിസന്ധി ഉണ്ടാകുന്നു. ധാര്‍മികതയും പ്രായോഗികതയും തമ്മില്‍ ഉണ്ടാകാനിടയുള്ള സംഘര്‍ഷം ന്യായീകരിക്കാവുന്ന വീഴ്ചകള്‍ക്ക് കാരണമാകും. അതിനപ്പുറം സെന്‍സേഷണലിസത്തില്‍ അഭിരമിക്കുന്ന മാധ്യമപ്രവര്‍ത്തനമാണ് വിമര്‍ശവിധേയമാകുന്നത്.
ദല്‍ഹി സംഭവത്തില്‍ പ്രശംസനീയമായ സംയമനമാണ് മാധ്യമങ്ങള്‍ പ്രകടിപ്പിച്ചത്. യുവതിയുടെ പ്രായം, ഫിസിയോതെറപ്പി വിദ്യാര്‍ഥിനിയാണെന്ന വിശേഷണം, പിതാവിന്‍െറ ജോലി, സ്വദേശം തുടങ്ങിയ വിവരങ്ങളിലൂടെ യാഥാര്‍ഥ്യപ്രതീതി സൃഷ്ടിച്ചെങ്കിലും സ്വകാര്യതയും മാന്യതയും നിലനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് മാധ്യമങ്ങള്‍ നടത്തിയത്. ശവസംസ്കാരത്തിന്‍െറ തത്സമയ സംപ്രേഷണം ചാനലുകള്‍ സ്വമേധയാ ഒഴിവാക്കിയതിനുശേഷമാണ് എല്ലാം രഹസ്യത്തില്‍ നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്. ജനാധിപത്യവിരുദ്ധമായ ഭീരുത്വം സര്‍ക്കാറിന്‍െറ മുഖമുദ്രയായിരിക്കുന്നു. പെണ്‍കുട്ടിയുടെ പേരും പടവും മറച്ചുവെക്കാന്‍ സര്‍ക്കാര്‍ തത്രപ്പെടുന്നത് സ്വകാര്യതയുടെ പേരിലല്ല. നിത്യമായ അസൗകര്യമായി ആ സ്മരണ സമൂഹത്തിന്‍െറ മനസ്സില്‍ നിലനില്‍ക്കുന്നതിന് വെളിപ്പെടുത്തപ്പെടുന്ന പേരും പരസ്യമാക്കപ്പെടുന്ന ചിത്രവും കാരണമാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു.
ദല്‍ഹി സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ആവശ്യമായ നിയമഭേദഗതികള്‍ ശിപാര്‍ശ ചെയ്യാന്‍ മുന്‍ ചീഫ് ജസ്റ്റിസ് ജെ .എസ്. വര്‍മയെ ആണ് നിയോഗിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍െറ തര്‍ക്കപരിഹാര അതോറിറ്റിയുടെ അധ്യക്ഷന്‍. മുംബൈ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ രീതി വിമര്‍ശത്തിനു കാരണമായതിന്‍െറ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങളിലെ ടെലിവിഷന്‍ സംപ്രേഷണത്തിന് അതോറിറ്റി ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു സംബന്ധിച്ച വ്യവസ്ഥകളും വര്‍മയുടെ പരിശോധനക്ക് വിഷയമായേക്കാം. ഇരയുടെ പേരും വിവരവും സമ്പൂര്‍ണമായി തമസ്കരിക്കുന്നതിനേക്കാള്‍ നല്ലത് സന്ദര്‍ഭോചിതമായ വെളിപ്പെടുത്തലായിരിക്കും. ചില ഘട്ടങ്ങളില്‍ വാര്‍ത്തയുടെ ശക്തിക്ക് ഇരയുടെ പേര് ആവശ്യമാകും. കഥയായാലും യാഥാര്‍ഥ്യമായാലും കഥാപാത്രത്തിന് പേരുണ്ടാകണം. ഔിത്യമാണ് നിയമത്തേക്കാള്‍ പ്രധാനമായുള്ളത്. സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി ആ കേസുമായി ബന്ധമില്ലാത്ത ഒരു സന്ദര്‍ഭത്തില്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. ഗുരുതരമായ കുറ്റമായിരുന്നു അത്. അറിയേണ്ടത് അറിയിക്കാനും അനാവശ്യമായത് മറച്ചുവെക്കാനും മാധ്യമങ്ങള്‍ക്ക് കഴിയണം. നിയമത്തിന്‍െറ കാര്‍ക്കശ്യത്തേക്കാള്‍ സ്വയം നിയന്ത്രണത്തിന്‍െറ മൃദുത്വമാണ് മാധ്യമപ്രവര്‍ത്തനത്തെ ആകര്‍ഷകമാക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus