12:30:26
07 Oct 2015
Wednesday
Facebook
Google Plus
Twitter
Rssfeed

ശ്രീനാരായണ ഗുരു ദൈവമോ?

ശ്രീനാരായണ ഗുരു ദൈവമോ?

ശ്രീനാരായണഗുരു ദൈവംതന്നെ എന്നാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. ഉമേഷ് ചള്ളിയില്‍ നിയമസഭാംഗമായി നാരായണ ഗുരുവിന്‍െറ പേരില്‍ സത്യപ്രതിജ്ഞ നടത്തിയത് കോടതിയില്‍ എത്തിയതിനെത്തുടര്‍ന്നാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന.
നാരായണഗുരുവിനെ ദൈവമാക്കുമ്പോള്‍ സംഭവിക്കുന്നത് അപകടകരമായ രണ്ട് അപരാധങ്ങളാണ്. ഒന്ന്, അദ്ദേഹത്തിന്‍െറ ദര്‍ശനത്തെ കള്ളമാക്കുന്നു. രണ്ട്, ഒരു സമൂഹത്തിന്‍െറ വിമോചന പോരാട്ട പ്രചോദന ദൗത്യത്തിന്‍െറ വീര്യം കെടുത്തുന്നു. തനിക്ക് ദിവ്യത്വമുണ്ടെന്ന് നാരായണഗുരു വിശ്വസിച്ചില്ല. വാദിച്ചുമില്ല. സര്‍വതിനും ഏകദൈവത്തോട് പ്രാര്‍ഥിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണനെ, ഗുരുവാക്കിയ അനുയായികള്‍ പിന്നെ അദ്ദേഹത്തെ ദേവനാക്കുകയായിരുന്നു. അങ്ങനെയാണ് ശ്രീനാരായണന്‍, ശ്രീനാരായണ ഗുരുദേവനായത്. വാസ്തവത്തില്‍ നാരായണഗുരു സ്വന്തം ദിവ്യത്വം അവകാശപ്പെട്ടില്ലെന്നു മാത്രമല്ല, സാക്ഷാല്‍ ദൈവമല്ലാത്ത മറ്റുള്ളവക്കൊന്നും ദിവ്യത്വമില്ലെന്നുമായിരുന്നു അദ്ദേഹം ആശയംകൊണ്ടും കര്‍മംകൊണ്ടും തെളിയിച്ചത്.
നാരായണഗുരു പഠിപ്പിച്ച പ്രാര്‍ഥന നോക്കൂ:
‘ദൈവമേ കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
അന്നവസ്ത്രാദി മുട്ടാതെ
തന്നുരക്ഷിച്ചു ഞങ്ങളെ,
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്ക് തമ്പുരാന്‍,
നീ സത്യം. ജ്ഞാനം, ആനന്ദം
നീതന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറൊ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.’
(ദൈവദശകം)
അനുകമ്പ തോന്നിക്കാനും ദൈവത്തോടു
പ്രാര്‍ഥിക്കുന്നു
‘ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകരാ നല്‍കുകുള്ളില്‍...’
(അനുകമ്പദശകം)
അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ (1888) നാരായണഗുരു, അതേവര്‍ഷം മണ്ണന്തല, കുളത്തൂര്‍ കോലോത്തുംകര (1892), കോഴിക്കോട് (1907), അതേവര്‍ഷം കണ്ണൂര്‍, തലശ്ശേരി (1908), വര്‍ക്കല ശിവഗിരി (1912) എന്നിവിടങ്ങളിലും ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തി. പിന്നീട് അദ്ദേഹം വിഗ്രഹപ്രതിഷ്ഠ നടത്തുകയുണ്ടായില്ല. കാരമുക്ക് ക്ഷേത്രത്തില്‍ വിഗ്രഹത്തിനു പകരം 1920ല്‍ വിളക്കാണ് സ്ഥാപിച്ചത്. 1921ല്‍ മുരുക്കുമ്പുഴ ക്ഷേത്രത്തില്‍ വിഗ്രഹത്തിനുപകരം സാരവാക്യങ്ങള്‍ എഴുതിവെച്ചു. അവ ഇങ്ങനെയായിരുന്നു: ‘സത്യം, ധര്‍മം, ദയ, ശാന്തി’. ചേര്‍ത്തല കളവങ്കോവ് ക്ഷേത്രത്തില്‍ (1927) കണ്ണാടിയും പ്രതിഷ്ഠിച്ചു. ശ്രീനാരായണ ഗുരുവിന്‍െറ ഈ രീതിയെപ്പറ്റി രണ്ടുതരം വ്യാഖ്യാനങ്ങളുണ്ട്. വിഗ്രഹാരാധനയില്‍നിന്ന് പയ്യെപ്പയ്യെ ജനങ്ങളെ വിമോചിക്കാനുള്ള അദ്ദേഹത്തിന്‍െറ ഒരു കൗശലമായിരുന്നു ഇതെന്നാണ് ഒന്ന്. രണ്ട്, സ്വന്തം ചിന്തയും അറിവും വളരുന്നതിനനുസരിച്ച് വിഗ്രഹാരാധനയില്‍നിന്ന് നാരായണഗുരു ക്രമേണ സ്വയം പിന്തിരിയുകയായിരുന്നുവെന്നും.
നാരായണഗുരുവിനെപ്പറ്റി സി. അച്യുതമേനോന്‍ എഴുതി: ‘...ഇവിടെ ഇതാ ഒരു മനുഷ്യന്‍ 19ാം നൂറ്റാണ്ടിന്‍െറ അവസാനഘട്ടത്തിലും 20ാം നൂറ്റാണ്ടിന്‍െറ ആദ്യ ദശകങ്ങളിലും കേരളത്തിന്‍െറ സാമൂഹിക ഘടനയെയാകെ പിടിച്ചുകുലുക്കുന്നു, കലക്കിമറിക്കുന്നു, മര്‍ദിതജന സമുദായമാസകലം അദ്ദേഹത്തിന്‍െറ സ്പര്‍ശമാത്രയില്‍ ഉണര്‍ന്നെഴുന്നേറ്റ് അടരാടി വിജയം വരിക്കുന്നു.’(ഗുരുദേവന്‍ ഓര്‍മകളിലെ സൂര്യതേജസ്സ്, എഡി: ഡോ. കെ.കെ. രാഹുലന്‍, പേജ്: 205). കേരള നവോത്ഥാന നായകരില്‍ പ്രഥമസ്ഥാനിയായ നാരായണഗുരുവിനെ ദൈവമാക്കി പൂജിക്കാന്‍ എളുപ്പമാണ്. അദ്ദേഹത്തിന്‍െറ ദര്‍ശനവും വിപ്ളവാത്മകമായ മാര്‍ഗനിര്‍ദേശങ്ങളും പ്രായോഗികമാക്കാന്‍ ഇത്തിരി വിയര്‍ക്കുകതന്നെ വേണം. കേരളത്തില്‍ ഇപ്പോള്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കടുത്ത ജാതി ഉച്ചനീചത്വങ്ങള്‍ക്ക് തെല്ല് ശമനമുണ്ടെന്നത് നേര്. തൊട്ടുകൂടായ്മയോ തീണ്ടിക്കൂടായ്മയോ പ്രകടമല്ല. പക്ഷേ, ദലിതനോ പിന്നാക്ക ഹിന്ദുവിനോ ക്ഷേത്രധികാരങ്ങളില്‍വേണ്ട പങ്ക് കിട്ടുന്നില്ല. സവര്‍ണരുമായി വിവാഹബന്ധത്തെപ്പറ്റി ചിന്തിക്കാനോ അവര്‍ക്ക് പറ്റില്ല. അന്ന് നാരായണ ഗുരു പാടേ നിര്‍മാര്‍ജനം ചെയ്യാന്‍ പൊരുതിയിരുന്ന അധാര്‍മികതകളും അനാചാരങ്ങളും അധ$സ്ഥിതിയും ജാതീയതയുമൊക്കെ ശക്തമായിത്തന്നെ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നു. എന്നിട്ടും അദ്ദേഹത്തിന്‍െറ അനുയായികള്‍ക്ക് താല്‍പര്യം നാരായണഗുരുവിനെ ദൈവമാക്കി പൂജിച്ച് സായുജ്യമടയാനാണ്. അദ്ദേഹത്തിന്‍െറ ദര്‍ശനം പ്രചോദനമാക്കി പൊരുതാനല്ല.
ഗുരുവിന്‍െറ നിര്‍ദേശങ്ങളില്‍ ചിലത്: -ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.
-മദ്യം വിഷമാണ് അത് കുടിക്കരുത്, ഉണ്ടാക്കരുത്, വില്‍ക്കരുത്.
-ഉത്സവത്തിനും കരിമരുന്നിനും മറ്റും പണം ചെലവഴിക്കരുത്.
ജാതി ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കലായിരുന്നില്ല നാരായണഗുരുവിന്‍െറ ലക്ഷ്യം. ജാതീയതതന്നെ ഇല്ലാതാക്കലായിരുന്നു. അദ്ദേഹം എഴുതി:
‘ഒരു ജാതിയില്‍നിന്നല്ലൊ പിറന്നിടുന്നു സന്തതി
നരജാതിയതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം.
നരജാതിയില്‍നിന്നത്രെ പിറന്നിടുന്നു വിപ്രനും
പറയന്‍ താനുമെന്നുള്ളത്തരം നരജാതിയില്‍?’
പൗരാണികരായ ശ്രീബുദ്ധനോ ശങ്കരാചാര്യര്‍ക്കോ ആധുനികരായ വിവേകാനന്ദസ്വാമി, മഹാത്മാഗാന്ധി എന്നിവര്‍ക്കോ സാധിക്കാതെ പോയ മൗലിക പരിഹാരമാണ് ജാതീയതയെ തള്ളിപ്പറയുന്നതിലൂടെ ശ്രീനാരായണ ദര്‍ശനം നല്‍കുന്നത്. മറ്റുള്ളവര്‍ വര്‍ണവ്യവസ്ഥയെയല്ല അതിന്‍െറ അളവുകോലുകളെയാണ് എതിര്‍ത്തത്. നാരായണഗുരു വര്‍ണവ്യവസ്ഥയെത്തന്നെ നിരാകരിച്ചു എന്നതാണ് അന്തരം.
സാക്ഷരതയിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്നിട്ടുനില്‍ക്കുന്ന കേരളം മദ്യപാനത്തിലും മുമ്പന്തിയില്‍തന്നെ. അമ്പലങ്ങളിലെ ഉത്സവങ്ങള്‍ക്കും വെടിക്കെട്ടുകള്‍ക്കും ചെലവഴിക്കുന്ന തുകക്ക് വല്ല നിയന്ത്രണവുമുണ്ടോ? അപകടങ്ങള്‍ സംഭവിക്കുമാറ് മത്സരിച്ചല്ലേ ഉത്സവങ്ങളിലെ വെടിക്കെട്ടുകള്‍. ശ്രീനാരായണ ഗുരുവിന്‍െറ ഉപദേശനിര്‍ദേശങ്ങള്‍ എന്തൊക്കെയുണ്ടോ അവക്കൊക്കെ വിരുദ്ധമായ ചെയ്തികളില്‍ ശ്രീനാരായണീയരുടെ പങ്കും ചെറുതല്ല.
നിലവിലെ അവസ്ഥയെ മാറ്റി പകരം സൃഷ്ടിക്കാന്‍ കരുത്തുപകരലായിരുന്നുവല്ലോ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ നാരായണഗുരു ചെയ്തത്. അദ്ദേഹത്തിന്‍െറ ആശയങ്ങളും കര്‍മങ്ങളും സാമൂഹിക പരിഷ്കരണത്തിന് പ്രചോദനമായിട്ടേ ശ്രീനാരായണ ദര്‍ശനം പഠിക്കുന്ന ആര്‍ക്കും തോന്നൂ. പക്ഷേ, അദ്ദേഹത്തിന്‍െറ അനുയായികളായ പിന്നാക്ക വിഭാഗവും അവരോടൊപ്പം മുന്നാക്ക വിഭാഗവും ഒരുപോലെ ഭക്തിപുരസ്സരം അദ്ദേഹത്തെ ദൈവമാക്കി പൂജിക്കാനാണ് ഇഷ്ടപ്പെടുന്നത്. അങ്ങനെയാവുമ്പോള്‍ പിന്നെ ചിന്തയുടെയും പ്രയത്നത്തിന്‍െറയും ആവശ്യമില്ലല്ലോ. ശ്രീനാരായണീയര്‍ക്ക് അധ്വാനം ഒഴിവായിക്കിട്ടി. മുന്നാക്ക വിഭാഗക്കാര്‍ക്കാകട്ടെ വെല്ലുവിളി ഒഴിവാകുകയും ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus