12:30:26
18 Apr 2014
Friday
Facebook
Google Plus
Twitter
Rssfeed

പാക് ക്രിക്കറ്റ് താരം മിയാന്‍ദാദിന്റെ ഇന്ത്യാ യാത്ര വിവാദത്തില്‍

പാക് ക്രിക്കറ്റ് താരം മിയാന്‍ദാദിന്റെ ഇന്ത്യാ യാത്ര വിവാദത്തില്‍
ജാവേദ് മിയാന്‍ദാദ്‌

ന്യൂദല്‍ഹി: പാകിസ്താന്‍െറ മുന്‍ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിന്‍െറ ഇന്ത്യയിലേക്കുള്ള വരവ് വിവാദത്തില്‍. 93 മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയും അധോലോക നേതാവുമായ ദാവൂദ് ഇബ്രാഹീമുമായി മിയാന്‍ദാദിനുള്ള കുടുംബ ബന്ധത്തെ ചൊല്ലിയാണ് എതിര്‍പ്പ്.
മിയാന്‍ദാദിന്‍െറ മൂത്തമകന്‍ ജുനൈദ് വിവാഹം ചെയ്തിരിക്കുന്നത് ദാവൂദിന്‍െറ മകള്‍ മഹ്റൂഖിനെയാണ്. മിയാന്‍ദാദിന് വിസ അനുവദിച്ചതിനെതിരെ ബി.ജെ.പിയും ശിവസേനയും രംഗത്തെത്തി. കോണ്‍ഗ്രസ് എം.പി ജഗദംബികപാലും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു.
വിസ അനുവദിച്ചത് ആഭ്യന്തര മന്ത്രാലയത്തിന്‍െറ ശിപാര്‍ശ പ്രകാരമാണെന്നും എല്ലാ വശങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദ് വിശദീകരിച്ചു. വിലക്ക് കല്‍പിക്കപ്പെട്ട വ്യക്തികളുടെ പട്ടികയില്‍ മിയാന്‍ദാദ് ഇല്ലെന്നും, അതിനാല്‍ നടപടിക്രമങ്ങള്‍ പാലിച്ചുള്ള അപേക്ഷ നിരസിക്കേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍ സിങ് വ്യക്തമാക്കി. മിയാന്‍ദാദിന് വ്യക്തിപരമായല്ല, മറിച്ച് മിയാന്‍ദാദ് അടക്കം പാക് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഭാരവാഹികള്‍ക്കാണ് വിസ അനുവദിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. വിവാദത്തോട് പ്രതികരിച്ച മിയാന്‍ദാദ്, ദാവൂദ് ഇബ്രാഹീമിന്‍െറ ബന്ധുക്കള്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്നിരിക്കെ അവരെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടി. വിസ ലഭിച്ചതില്‍ സന്തോഷമുണ്ട്. ഏകദിന മത്സരം കാണാനും അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാനും അനുമതി ലഭിച്ചതില്‍ സന്തോഷിക്കുന്നതായും മിയാന്‍ദാദ് തുടര്‍ന്നു.
നിലവില്‍ പാക് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഡയറക്ടര്‍ ജനറലായ മിയാന്‍ദാദ് ജനുവരി ആറിന് ദല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-പാക് ഏകദിന ക്രിക്കറ്റ് മത്സരം കാണുന്നതിന് വേണ്ടിയാണ് എത്തുന്നത്. ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന ദാവൂദ് ഇബ്രാഹീമിനെ കൈമാറാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ തയാറല്ലെന്നത് ചൂണ്ടിക്കാട്ടിയാണ് മിയാന്‍ദാദിന്‍െറ വരവിനെ ബി.ജെ.പിയും ശിവസേനയും എതിര്‍ക്കുന്നത്. ദാവൂദ് ഇബ്രാഹീമിന്‍െറ ബന്ധുവിന് വിസ അനുവദിച്ചത് ഇന്ത്യന്‍ ജനതയുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയാണെന്ന് ജഗദംബിക പാല്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus