12:30:26
29 Aug 2015
Saturday
Facebook
Google Plus
Twitter
Rssfeed

ഫോണിനെ കമ്പ്യൂട്ടര്‍ പോലെയാക്കാന്‍ ‘ഉബുണ്ടു’ വരുന്നു

ഫോണിനെ കമ്പ്യൂട്ടര്‍ പോലെയാക്കാന്‍  ‘ഉബുണ്ടു’ വരുന്നു

പുതുവര്‍ഷത്തില്‍ സ്മാര്‍ട്ട്ഫോണുകള്‍ കൂടുതല്‍ മിടുക്കരാകുമെന്നതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഏന്തായാലും ആശക്കുള്ള വകയുമായാണ് ഉബുണ്ടു എത്തുന്നത്. ലിനക്സ് അധിഷ്ഠിത സ്വതന്ത്ര സോഫ്റ്റ്വെയറായ ‘ഉബുണ്ടു’ സ്മാര്‍ട്ട്ഫോണിനുള്ള പുതിയ ഓപറേറ്റിങ് സിസ്റ്റമാണ് 2013ല്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ജനുവരി എട്ടിന് ലാസ്വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ ഈ സോഫ്റ്റ്വെയറില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ അവതരിപ്പിക്കും.

കമ്പ്യൂട്ടര്‍ ഡെസ്ക്ടോപ്പിലെ ആപ്ളിക്കേഷനുകള്‍ മൊബൈല്‍ ഹാന്‍ഡ്സെറ്റുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ ഉബുണ്ടു മൊബൈല്‍ ഒ.എസ്.
മാത്രമല്ല സ്ക്രീനില്‍ ക്ളിക് ചെയ്യുന്ന ഇപ്പോഴത്തെ രീതിക്ക് പകരം ആവശ്യമായ കമാന്‍ഡ് ടൈപ്പ് ചെയ്യുകയോ പറയുകയോ ചെയ്താല്‍ മതിയാകും. ഇതിനുള്ള ‘ഹെഡ് അപ് ഡിസ്പ്ളേ’ എന്ന ഓപ്ഷന്‍ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയിരുന്നു. വെബ് ബ്രൗസിങ്, എസ്.എം.എസ്, എം.എം.എസ്, ഫോട്ടോഗ്രഫി, ഇ-മെയില്‍, മീഡിയ എന്നിവയെയെല്ലാം ഉബുണ്ടു പിന്തുണക്കും.
ഒരുവര്‍ഷത്തിനകം ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വില്‍ക്കാനായി സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളുമായി ചര്‍ച്ചനടത്തുകയാണെന്ന് ഉബുണ്ടു സ്ഥാപകനായ മാര്‍ക്ക് ഷട്ടില്‍വര്‍ത്ത് അറിയിച്ചു. ഒരു ഫോണില്‍ പേഴ്സണല്‍ കമ്പ്യൂട്ടറിന്‍െറ എല്ലാ സൗകര്യങ്ങളും ലഭ്യമാകുക എന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറയുന്നു.അവസാന തലമുറ ആന്‍ഡ്രോയിഡ് ഹാന്‍ഡ്സെറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് പുതിയ ഉബുണ്ടുവിന്‍െറ രൂപകല്‍പന.
ഗൂഗിളിന്‍െറ ആന്‍ഡ്രോയിഡും ലിനക്സ് കെര്‍ണല്‍ അധിഷ്ഠിതമാണ്. അതിനാല്‍ നിലവിലുള്ള സോഫ്റ്റ്വെയര്‍ ഡ്രൈവുകളെ ഉപയോഗിച്ച് ഉബുണ്ടു ഹാര്‍ഡ്വെയറിനെ നിയന്ത്രിച്ചുകൊള്ളും. ഉടന്‍ വരാനിരിക്കുന്ന ബ്ളാക്ക്ബെറി 10 ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ജാവാ സ്ക്രിപ്റ്റിലുള്ള ക്യു.എം.എല്‍ എന്ന ഭാഷയുടെ ചട്ടക്കൂടാണ് ഫോണിലെ ടച്ച്സ്ക്രീന്‍ സേവനങ്ങള്‍ക്കായി ഉബുണ്ടു ഉപയോഗിച്ചിരിക്കുന്നത്. എച്ച്.ടി.എം.എല്‍ 5 എന്ന ഭാഷയിലെഴുതിയ വെബ് ആപ്ളിക്കേഷനുകളും ഇതില്‍ പ്രവര്‍ത്തിക്കും.
ആപ്ളിക്കേഷന്‍ നിര്‍മാതാക്കള്‍ക്കായി ഇതിന്‍െറ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് കിറ്റ് ഉടന്‍ പുറത്തിറങ്ങും.
സോഫ്റ്റ്വെയറിന്‍െറ കോഡ് സാംസങ്ങിന്‍െറ ഗ്യാലക്സി നെക്സസ് ഫോണിലെ ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിന് പകരമായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും.
ഫെബ്രുവരിയില്‍ നെക്സസ് ഫോണിനുള്ള ഫയല്‍ പുറത്തിറക്കും. തുടര്‍ന്ന് മറ്റ് ഹാന്‍ഡ്സെറ്റുകളിലും അവസാനം ടാബ്ലറ്റുകളിലും പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം.
ഡെസ്ക്ടോപ്പിലെ പോലെ ഉബുണ്ടു വണ്‍ എന്ന ക്ളൗഡ് സ്റ്റോറേജ് സര്‍വീസും ഫോണില്‍ ലഭ്യമാകുന്നതിനാല്‍ ഫയലുകള്‍ ഓട്ടോമാറ്റിക്കായി അപ്ലോഡ് ചെയ്യാന്‍ സാധിക്കും.
നാലുവശത്തും സൈ്വപ്
ഡോക്കില്‍വെച്ച് കീബോര്‍ഡും മൗസും ഘടിപ്പിച്ച് പി.സി പോലെ പ്രവര്‍ത്തിക്കാനും സാധിക്കും. നാലുവശത്തുനിന്നും പ്രവര്‍ത്തിക്കുന്ന ഗസ്ചര്‍, വിവിധ പ്രവൃത്തികള്‍ ഒരേസമയം ചെയ്യാനുള്ള ശേഷി, ഒരു ആപ്ളിക്കേഷനില്‍നിന്നും മറ്റൊന്നിലേക്ക് വേഗത്തില്‍ മാറാനുള്ള കഴിവ് എന്നിവയാണ് പ്രത്യേകതകള്‍.
ഹോം സ്ക്രീനിനെയും ഫേവറിറ്റ് ആപ്ളിക്കേഷനുകളും നിയന്ത്രിക്കാനും സൈഡ് പെയിന്‍ തുറക്കാനും ഇടതുമൂലയിലെ ചെറു സൈ്വപിലൂടെ കഴിയും. ഇടതുനിന്ന് വലത്തേക്കുള്ള പൂര്‍ണ സൈ്വപിലൂടെ എല്ലാ ആപ്ളിക്കേഷനുകളുമുള്ള സ്ക്രീന്‍ തുറക്കും. വലതുവശത്തെ പൂര്‍ണ സൈ്വപിലൂടെ അവസാനമെടുത്ത ആപ്ളിക്കേഷന്‍ കാണാം. താഴെ നിന്ന് മുകളിലേക്കുള്ള പൂര്‍ണ സൈ്വപിലൂടെ കോളുകള്‍, മെസേജുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ വരും.
ഉബുണ്ടു എന്‍ട്രിലെവല്‍ ഫോണിനുവേണ്ട സംവിധാനങ്ങള്‍:
1. ഒരുജിഗാഹെര്‍ട്സ് കോര്‍ട്ടക്സ് എ9 പ്രോസസര്‍
2. 512 എം.ബി മുതല്‍ ഒരു ജി.ബി വരെ റാം
3. നാല് മുതല്‍ എട്ട് വരെ ജി.ബി ഫ്ളാഷ് സ്റ്റോറേജ്
4. മള്‍ട്ടിടച്ച് സപ്പോര്‍ട്ട്
ഉബുണ്ടു ഹൈ എന്‍ഡ് ഫോണിനുവേണ്ട സംവിധാനങ്ങള്‍:
1. നാല് കോര്‍ എ9/ ഇന്‍റല്‍ ആറ്റം പ്രോസസര്‍
2. കുറഞ്ഞത് ഒരു ജി.ബി റാം
3. 32 ജി.ബി ഫ്ളാഷ് സ്റ്റോറേജ്
4. മള്‍ട്ടിടച്ച് സപ്പോര്‍ട്ട്
5. ഡെസ്ക്ടോപ്പ് കണ്‍വെര്‍ജന്‍സ്

ഉബുണ്ടുവിന്‍െറ കഥ

ഉബുണ്ടു ഒരു ആഫ്രിക്കന്‍ പേരാണ്. 2004 ഒക്ടോബര്‍ 20നാണ് ആദ്യ ഉബുണ്ടു വേര്‍ഷന്‍ പുറത്തിറങ്ങിയത്. ആറുമാസത്തിലൊരിക്കല്‍ പുതിയവേര്‍ഷന്‍ ഇറക്കാറുണ്ട് കമ്പനി. 2012 ഒക്ടോബറില്‍ ഇറക്കിയ ഉബുണ്ടു 12.10 ആണ് ഏറ്റവും പുതിയ വേര്‍ഷന്‍.
ഹാര്‍ഡ്വെയറിനെയും സോഫ്റ്റ്വെയറിനെയും ഒരുപോലെ പ്രവര്‍ത്തിപ്പിക്കുന്ന ഉബുണ്ടു ലിനക്സ് കെര്‍ണല്‍ അധിഷ്ഠിതമായ ജനകീയ സ്വതന്ത്ര ഓപറേറ്റിങ് സിസ്റ്റമാണ്. ദക്ഷിണാഫ്രിക്കന്‍ സംരംഭകനായ മാര്‍ട്ട് ഷട്ടില്‍വര്‍ത്തിന്‍െറ നേതൃത്വത്തില്‍ ലണ്ടനിലുള്ള കാനോനിക്കല്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഈ സംരംഭത്തിന് പിന്നില്‍. ലിനക്സ് പോലെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ഇതിന്‍െറ പിന്നണിയില്‍ ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരാണുള്ളത്.
ലോകമെമ്പാടും 20 ദശലക്ഷത്തിലധികം പി.സികള്‍ ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. വിന്‍ഡോസിനേക്കാള്‍ കുറഞ്ഞ ശേഷി മാത്രമേ വേണ്ടൂ എന്നതിനാല്‍ ഉബുണ്ടു പഴയ കമ്പ്യൂട്ടറിനെയും മികവോടെ പ്രവര്‍ത്തിപ്പിക്കും. മാത്രമല്ല, വൈറസുകളുടെ കളിയും ഉബുണ്ടുവിന്‍െറ അടുത്ത് ചെലവാകില്ല. 45000ഓളം ആപ്ളിക്കേഷനുകള്‍ ഉബുണ്ടുവിനുണ്ട്. എന്നാല്‍ അഡോബെ ഫോട്ടോഷോപ്പും ഓഫിസ് സ്യൂട്ടും അടക്കമുള്ളവ പ്രവര്‍ത്തിക്കില്ളെന്ന പോരായ്മയുണ്ട്. ഇതിന് പരിഹാരമായി പകരം ആപ്ളിക്കേഷനുകള്‍ ലഭ്യമാണെന്ന മെച്ചവുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus