ശബരിമല: ദേവസ്വം മന്ത്രിയും ആരോഗ്യമന്ത്രിയും ഒരാളായിട്ടും ശബരിമലയില്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ സൗകര്യങ്ങളുടെ പോരായ്മ കാരണം ഹൃദ്രോഗ മരണം വര്‍ധിക്കുന്നു. ഈ മണ്ഡലകാലത്ത് 25 ല്‍ അധികം തീര്‍ഥാടകരും മരിച്ചത് ഹൃദയാഘാതം മൂലമാണ്. കൂടുതല്‍ രോഗികള്‍ എത്തിയാല്‍ ചികിത്സ നല്‍കാനാകുന്ന സംവിധാനം ഒന്നും പമ്പയിലെയും സന്നിധാനത്തെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ല.
ഹൃദയാഘാതവുമായി വരുന്നവരെ ചികിത്സിക്കാന്‍ അത്യാധുനിക സംവിധാനങ്ങളായ ഡി ഫിബ്രുലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍, വെന്‍റിലേറ്റര്‍ എന്നിവ രണ്ട് ആശുപത്രിയിലും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
പമ്പ ഗവ.ആശുപത്രിയില്‍ ഇവയൊക്കെ ഉണ്ടെങ്കിലും രോഗികള്‍ക്ക് ഇതിന്‍െറ പൂര്‍ണ പ്രയോജനം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്ന രോഗികള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയക്കുകയാണ് പതിവ്. ദൂരം കൂടുതല്‍ കാരണം പല രോഗികളും യാത്രാമധ്യേ മരിക്കാനും ഇടയാകുന്നു.
പമ്പ,സന്നിധാനം ഗവ.ആശുപത്രികളുടെ പ്രധാന പ്രശ്നം സ്ഥലപരിമിതിയാണ്. പമ്പയില്‍ 15 കിടക്കകള്‍ മാത്രമാണുള്ളത്. ഐ.സി.യു ഇവിടെ ക്രമീകരിച്ചിട്ടുണ്ടെങ്കിലും എ.സിയോ മറ്റ് അടിസ്ഥാന സൗകര്യമോ ഏര്‍പ്പെടുത്തിയിട്ടില്ല. ഈ മണ്ഡലകാലം ആരംഭിച്ച് ജനുവരി ഒന്ന് പിന്നിടുമ്പോള്‍ 1,08,400ല്‍ അധികം പേരാണ് ഇവിടെ ചികിത്സക്ക് എത്തിയത്. കൂടുതല്‍ പേര്‍ എത്തുമ്പോള്‍ ജീവനക്കാര്‍ക്ക് നിന്ന് തിരിയാന്‍ കഴിയുന്നില്ല.സന്നിധാനം ഗവ.ആശുപത്രി വളരെ പഴക്കം ചെന്ന കെട്ടിടത്തിലാണ്. രോഗികളുടെ വര്‍ധന കാരണം ആശുപത്രിക്ക് മുന്നില്‍ ഷീറ്റിട്ട് രോഗികളെ കിടത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്. പമ്പ മുതല്‍ സന്നിധാനം വരെ രണ്ട് കാര്‍ഡിയോളജി സെന്‍റര്‍ ഉള്‍പ്പെടെ എട്ട് ആശുപത്രികള്‍ ഉണ്ട്. എന്നാല്‍, പമ്പയില്‍ പരിമിതമായ സൗകര്യം ദേവസ്വം ബോര്‍ഡും സര്‍ക്കാറും ഒരുക്കിയിരിക്കുന്നതാണ് തീര്‍ഥാടകരെ വലക്കുന്നത്. ഇവിടെ പുതിയ ബഹുനില കെട്ടിടം നിര്‍മിച്ച് മെഡിക്കല്‍ കോളജിന്‍െറ നിലവാരത്തിലുള്ള ചികിത്സാ സംവിധാനം ഒരുക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. പമ്പയില്‍ 15 കോടി ചെലവില്‍ ആശുപത്രി സമുച്ചയം നിര്‍മിക്കുമെന്ന് മന്ത്രി ശിവകുമാര്‍ പറയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍