12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ചെങ്ങന്നൂര്‍-മാവേലിക്കര ഇരട്ട റെയില്‍പ്പാത ഉദ്ഘാടനം ഇന്ന്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍-മാവേലിക്കര റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതിന്‍െറ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി കോട്ട്ലാ ജയ്സൂര്യപ്രകാശ് റെഡ്ഡി നിര്‍വഹിക്കുമെന്ന് മാവേലിക്കര എം.പി കൂടിയായ കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച ലിഫ്റ്റിന്‍െറ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
മന്ത്രിയുടെ ചെങ്ങന്നൂര്‍ സന്ദര്‍ശനം റെയില്‍വേ സ്റ്റേഷന്‍െറ ഭാവി വികസനത്തെ സംബന്ധിച്ച് നിലവിലുളള നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. ചെങ്ങന്നൂര്‍ മുതല്‍ ചിങ്ങവനം വരെയുള്ള പാതയിരട്ടിപ്പിക്കല്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ചെങ്ങന്നൂര്‍-ശബരിമല നിര്‍ദിഷ്ട റെയില്‍പ്പാതയുടെ നിര്‍മാണത്തിന്‍െറ ആവശ്യകത മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. 2013-’14 വര്‍ഷത്തെ റെയില്‍വേ ബജറ്റ് തയാറാക്കുന്നതിന്‍െറ മുന്നോടിയായുള്ള ചെങ്ങന്നൂര്‍ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുള്ളതായും കൊടിക്കുന്നില്‍ പറഞ്ഞു.
ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം ഉപയോഗപ്രദമാക്കുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും ഇതിനൊപ്പം നടക്കും. കേന്ദ്രഭക്ഷ്യ സിവില്‍ സപൈ്ളസ് മന്ത്രാലയം സെന്‍ട്രല്‍ വെയര്‍ ഹൗസിന്‍െറ ശീതികൃത സ്റ്റോറേജ് സ്ഥാപിക്കുന്നതിന് ഈ സ്ഥലം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്കുവേണ്ടി റെയില്‍വേ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍, ചെറിയനാട് റെയില്‍ നീര്‍ പദ്ധതി എന്നിവ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകളും നടക്കും. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് എക്സലേറ്റര്‍ നിര്‍മാണത്തിലെ കാലതാമസം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ ഡിസ്പെന്‍സറി, നിലവില്‍ റെയില്‍വേ സ്റ്റേഷനിലെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടിക്കറ്റ് ബുക്കിങ് കൗണ്ടര്‍ എന്നിവ പ്രത്യേകം കെട്ടിടം നിര്‍മിച്ച് മാറ്റണം. ശബരിമല തീര്‍ഥാടകര്‍ക്കായി വി.ഐ.പി ലോഡ്ജ് നിര്‍മാണം എന്നിവയും പരിഗണിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടും. ഉച്ചക്ക് 12ന് മാവേലിക്കര റെയില്‍വേ സ്റ്റേഷന് സമീപം കല്ലുമലയില്‍ നിര്‍മിച്ച ഓവര്‍ ബ്രിഡ്ജിന്‍െറ ഉദ്ഘാടനവും സ്റ്റേഷനില്‍ രണ്ടാം പ്ളാറ്റ്ഫോം ഷെല്‍ട്ടറിന്‍െറ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
തുടര്‍ന്ന് മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍െറ സമഗ്രവികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മന്ത്രി പങ്കെടുക്കും. ചങ്ങനാശേരി-ചെങ്ങന്നൂര്‍-ചെറിയനാട്-മാവേലിക്കര എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തേണ്ട ട്രെയിനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മന്ത്രിക്ക് കൈമാറും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com