12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

കുടിവെള്ളപ്രശ്നം നേരിടാന്‍ അടിയന്തര നടപടി -തിരുവഞ്ചൂര്‍

കോട്ടയം: വേനല്‍ രൂക്ഷമാകുംമുമ്പ് കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ എത്രയുംവേഗം കൂട്ടായ പരിശ്രമം നടത്തണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു. കെ.പി.എസ് മേനോന്‍ ഹാളില്‍ നടന്ന ജില്ലാതല വരള്‍ച്ചാ ദുരിതാശ്വാസ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള കുടിവെള്ള സംവിധാനം കാര്യക്ഷമമാക്കാന്‍ ഗ്രാമപഞ്ചായത്തുകളിലെ ജലസ്രോതസ്സുകളുടെ വിവരങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തിട്ടപ്പെടുത്തി ഒരാഴ്ചക്കകം കലക്ടര്‍ക്കും വകുപ്പ് തലത്തിലും നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന കുഴല്‍ക്കിണറുകളുടെ അറ്റകുറ്റപ്പണി വാട്ടര്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ പഞ്ചായത്തുകള്‍ക്ക് ഏജന്‍സികളെ ഏല്‍പ്പിക്കാം. പൊതുജലാശയങ്ങളില്‍ നിന്ന് വെള്ളം സുഗമമായി ലഭ്യമാക്കാന്‍ നിലവിലെ മോട്ടോറുകളും അനുബന്ധസാമഗ്രികളും ടാങ്കുകളും പ്രവര്‍ത്തനസജ്ജമാക്കുകയോ പുതിയവ സജ്ജീകരിക്കുകയോ ചെയ്യണം. മലിനമായിക്കിടക്കുന്ന ജലാശയങ്ങള്‍ ശുചീകരിക്കണം. താല്‍ക്കാലികമായി മുടങ്ങിയ ജലവിതരണ സംവിധാനങ്ങളുടെ ലിസ്റ്റ് കലക്ടര്‍ക്ക് നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
അറ്റകുറ്റപ്പണികള്‍ക്കായി തദ്ദേശഭരണസ്ഥാപനങ്ങള്‍ തനതു ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിക്കണം. അധികമായി വേണ്ടിവരുന്ന തുകയുടെ എസ്റ്റിമേറ്റ് വാട്ടര്‍ അതോറിറ്റിയുടെ സഹായത്തോടെ തയാറാക്കി ജനുവരി 10നകം വകുപ്പുമേധാവികള്‍ക്ക് സമര്‍പ്പിക്കണം. ജലസ്രോതസ്സുകളില്‍ നിന്ന് 100 മീറ്റര്‍ ദൂരത്തില്‍ 50 വീടുകളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ പൈപ്പ്ലൈന്‍ അവിടേക്ക് ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. മുടങ്ങിപ്പോയ ചെറുകിട കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
എം.എല്‍.എമാരായ സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, കെ. അജിത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാധ വി. നായര്‍, കലക്ടര്‍ മിനി ആന്‍റണി, കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com