കണ്ണൂര്‍: മുല്ലക്കൊടി-നാണിശ്ശേരിക്കടവ് പാലം യാഥാര്‍ഥ്യത്തിലേക്ക്. പാലത്തിന്‍െറ വിശദമായ എസ്റ്റിമേറ്റും രൂപരേഖയും തയാറാക്കാന്‍ 15 ലക്ഷത്തോളം രൂപയുടെ ടെന്‍ഡര്‍ അംഗീകരിച്ചു. ഇതോടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അപ്രോച്ച് റോഡ് വീതികൂട്ടാനുള്ള മുഴുവന്‍ സ്ഥലത്തിനും അനുമതി പത്രമായി.
നേരത്തെ നിരവധി നിവേദനങ്ങളുടെ ഫലമായി 17 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. ടോക്കണ്‍ തുക നീക്കിവെച്ചതല്ലാതെ തുടര്‍ നടപടികളൊന്നുമായില്ല. ജയിംസ് മാത്യു എം.എല്‍.എയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായാണ് വീണ്ടും അനുമതിയായത്.
പാലം യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയാകുമിത്. വളപട്ടണം പുഴക്ക് കുറുകെയാണ് മുല്ലക്കൊടി-നാണിശ്ശേരി കടവുകളെ ബന്ധിപ്പിച്ച് പാലം പണിയുന്നത്.
കാസര്‍കോട് ജില്ലക്കാര്‍ക്കും ഏഴിമല നാവിക അക്കാദമിക്കും കണ്ണൂരിന്‍െറ വടക്കുഭാഗത്തുള്ളവര്‍ക്കും ഏറെ പ്രയോജനപ്പെടും.
പാലവും തളിപ്പറമ്പ്-മയ്യില്‍-മട്ടന്നൂര്‍ ബൈപാസ് റോഡും യാഥാര്‍ഥ്യമായാല്‍ അത്യുത്തര കേരളത്തിലെ യാത്രാസൗകര്യങ്ങളിലും ഏറെ പുരോഗതിയുണ്ടാകും. മട്ടന്നൂര്‍ വിമാനത്താവളത്തില്‍നിന്നും സമീപപ്രദേശങ്ങളില്‍നിന്നും പരിയാരം മെഡിക്കല്‍ കോളജ്, നാടുകാണി അപ്പാരല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് എളുപ്പ യാത്രക്ക് വഴിയൊരുക്കും. തളിപ്പറമ്പ്-കണ്ണൂര്‍-മട്ടന്നൂര്‍ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള മികച്ച ബദല്‍ മാര്‍ഗമായും ഈ റൂട്ട് മാറും.
തളിപ്പറമ്പ്-മയ്യില്‍ റൂട്ടിലെ യാത്ര 18 കി.മീറ്ററില്‍നിന്ന് എട്ട് കിലോമീറ്ററായി ചുരുങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍