തലശ്ശേരി: ജില്ല സ്കൂള്‍ കലോത്സവത്തിന് ഇന്ന് തലശ്ശേരിയില്‍ തിരിതെളിയും. ജനുവരി ആറുവരെയാണ് മേള. മന്നം ജയന്തി പ്രമാണിച്ച് ബുധനാഴ്ച നിയന്ത്രിത അവധിയായതിനാലാണ് മേള മൂന്നുമുതല്‍ ആരംഭിക്കുന്നത്. ബ്രണ്ണന്‍ എച്ച്.എസ്.എസ്, ബി.ഇ.എം.പി, സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്, സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസ്, ഗവ. ഗേള്‍സ് എച്ച്.എസ്.എസ്, തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായി ആകെ 16 വേദികളിലാണ് മത്സരം നടക്കുക.
രാവിലെ പത്ത് മുതല്‍ രാത്രി എട്ടുവരെയാണ് മത്സരങ്ങളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം പുതുതായി 17 ഇനങ്ങള്‍ അധികം ഉള്‍പ്പെടുത്തി ആകെ 294 ഇനങ്ങളിലായാണ് മത്സരങ്ങള്‍. 15 ഉപജില്ലകളില്‍ നിന്നായി ആകെ 8183 വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരക്കും.
ആണ്‍കുട്ടികള്‍ക്ക് സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസിലും പെണ്‍കുട്ടികള്‍ക്ക് സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസിലുമാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. നഗരസഭ സ്റ്റേഡിയം ഗ്രൗണ്ടിലാണ് വാഹന പാര്‍ക്കിങ്ങിന് സൗകര്യം ഏര്‍പ്പെടുത്തിയത്.
മുഴുവന്‍ രചന മത്സരങ്ങളും അവസാന ദിവസമായ ആറിനാണ്. ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ പത്തിന് ബ്രണ്ണന്‍ എച്ച്.എസ്.എസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ അധ്യക്ഷത വഹിക്കും.
സമാപന സമ്മേളനം അഞ്ചിന് വൈകീട്ട് അഞ്ചിന് ബി.ഇ.എം.പി എച്ച്.എസ്.എസില്‍ മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ലോഗോ രൂപകല്‍പന ചെയ്ത ആര്‍ട്ടിസ്റ്റ് ശശികലക്ക് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉപഹാരം നല്‍കും. സുവനീര്‍ കെ.എം. ഷാജി എം.എല്‍.എ പ്രകാശനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള സമ്മാനദാനം നിര്‍വഹിക്കും. മത്സര ഫലങ്ങള്‍ www.schoolfestivalkannur2013.blogspot.com എന്ന ബ്ളോഗില്‍ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍