12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

നാലു ദിവസമായി വിഷപ്പുക തിന്ന് പുന്നോല്‍

തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടിലുണ്ടായ അഗ്നി ബാധ നാല് ദിവസമായിട്ടും പൂര്‍ണമായും അണഞ്ഞില്ല. പ്ളാസ്റ്റിക്, ആശുപത്രി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് തീ പിടിച്ച് പുന്നോല്‍ പ്രദേശം വിഷപ്പുകമയമായിരിക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് തീ പിടിച്ചത്. ബുധനാഴ്ച വൈകിയും തീ പൂര്‍ണമായും അണയാത്തതിനെ തുടര്‍ന്ന് വിഷ പുക ശ്വസിച്ച് പ്രദേശ വാസികള്‍ ഗുരുതര ആരോഗ്യ ഭീഷണി നേരിടുകയാണ്.
തലശ്ശേരി, ഫയര്‍ഫോഴ്സ് യൂനിറ്റെത്തി മൂന്ന് തവണ തീയണച്ചെങ്കിലും ശക്തമായ പുക ഇപ്പോഴും ഉയരുകയാണ്. ദുര്‍ഗന്ധവും പുകയും കാരണം തലശ്ശേരി -കോഴിക്കോട് ദേശീയപാതയിലൂടെ മൂക്കു പൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. പുക കാരണം ബുധനാഴ്ച വൈകീട്ട് വാഹന ഗതാഗതം പോലും ദുഷ്കരമായിരുന്നു. പുകമയമായതിനെ തുടര്‍ന്ന് പുന്നോലിലെ മിക്ക കുടുംബങ്ങളും ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയതിനാല്‍ ഉള്ളിലുള്ള തീ പെട്ടെന്ന് അണയാന്‍ സധ്യതയില്ലെന്നാണ് ഫയര്‍ഫോഴ്സ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ന്യൂ മാഹി പഞ്ചായത്ത് അധികൃതരും തലശ്ശേരി നഗരസഭയും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.
തീ പിടിത്തത്തില്‍ നഗരസഭക്ക് ഒരു പങ്കുമില്ലെന്നും സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും നഗരസഭ അധ്യക്ഷ ആമിന മാളിയേക്കല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സംഭവത്തില്‍ നാല് ദിവസമായിട്ടും തലശ്ശേരി, ന്യൂ മാഹി പൊലീസ് കേസെടുത്തിട്ടില്ല. പ്രദേശ വാസികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിട്ടും ആരോഗ്യ വകുപ്പിന്‍െറ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല. പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള പ്രദേശവാസികള്‍ ഗുരുതരമായ ആരോഗ്യ ഭീഷണിയാണ് നേരിടുന്നത്. പ്രദേശവാസികളില്‍ കടുത്ത ചുമ, കണ്ണെരിച്ചില്‍, ശ്വാസ തടസ്സം, തലകറക്കം എന്നിവ അനുഭവപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടു പോലുമില്ല. പെട്ടിപ്പാലത്ത് മാലിന്യം തള്ളിയതിന്‍െറ തോതും തീരദേശ നിയമ ലംഘനവും നേരിട്ട് മനസ്സിലാക്കാന്‍ ഓംബുഡ്സ്മാന്‍ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് ഞായറാഴച ഇവിടെ തീപ്പിടിത്തമുണ്ടായത്. ട്രഞ്ചിങ് ഗ്രൗണ്ടില്‍ കൂട്ടിയിട്ട പ്ളാസ്റ്റിക് ടയര്‍ ഉല്‍പന്നങ്ങള്‍ക്ക് ബോധപൂര്‍വ്വം തീയിട്ടതാണെന്ന സംശയം പ്രദേശ വാസികള്‍ ഉന്നയിച്ചിരുന്നു. ഇത്രയും വിശാലമായ പ്രദേശത്ത് സ്വാഭാവികമായ രീതിയില്‍ തീപിടിത്തം ഉണ്ടാവില്ലെന്നും അതിനാല്‍ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും തലശ്ശേരി ഫയര്‍ഫോഴ്സ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ നടപടി സ്വീകരിക്കാത്ത ന്യൂമാഹി, നഗരസഭ അധികൃരുടെ നടപടിയില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ പ്രതിഷേധിച്ചു. തലശ്ശേരി നഗരസഭ പുന്നോലുകാരുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പുകമയമായ പ്രദേശത്ത്ജീവിക്കാന്‍ സാധ്യമല്ലാത്ത സ്ഥിതിയില്‍ പഞ്ചായത്ത്, നഗരസഭ ഓഫിസിലേക്ക് ജനങ്ങള്‍ താമസം മാറ്റും. മാലിന്യങ്ങള്‍ക്ക് തീയിട്ടതിനും കടല്‍ ഭിത്തി തകര്‍ത്ത് മാലിന്യങ്ങള്‍ കടലിലേക്ക് തള്ളിയതിനും നഗരസഭ അധികൃതര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com