തൃശൂര്‍: രാജിഭീഷണിയും ഗ്രൂപ്പ് കണ്‍വെന്‍ഷനും സമാന്തരകമ്മിറ്റിയും കാട്ടി എ.ഐ.സി.സിയെ വിറപ്പിക്കാനിറങ്ങിയ ഐ ഗ്രൂപ്പ് മുട്ടുമടക്കി. എ ഗ്രൂപ്പ് നേതാവ് ഒ.അബ്ദുറഹ്മാന്‍കുട്ടി പ്രസിഡന്റായി വ്യാഴാഴ്ച ചുമതലയേല്‍ക്കും. ഡി.സി. സി ആസ്ഥാനമായ കെ.കരുണാകരന്‍ സപ്തതി മന്ദിരത്തില്‍ കയറ്റില്ലെന്നുവരെ പ്രഖ്യാപിച്ച ഐ ഗ്രൂപ്പ് നേതൃത്വം ചുമതലയേല്‍ക്കല്‍ ചടങ്ങിന് സാക്ഷികളാവും. അതോടെ തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായി.
ജില്ലയെ എ ഗ്രൂപ്പിനെ അട്ടിമറിച്ച പി.സി. ചാക്കോ എം.പി, കെ.പി. ധനപാലന്‍ എം.പി, മുതിര്‍ന്ന നേതാവ് വി.എം.സുധീരന്‍ എന്നിവരെ കൂടാതെ കെ.മുരളീധരനും ടി.വി.ചന്ദ്രമോഹനും എ ഗ്രൂപ്പ് നേതാവിന്റെ പ്രസിഡന്റ് പദവിയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ 10.30ന് നടക്കുന്ന പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ബുധനാഴ്ച രാത്രി ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ തീരുമാനമുണ്ടായെങ്കിലും പദവി കൈമാറേണ്ടതിനാല്‍ നിലവിലെ പ്രസിഡന്റ് വി.ബാലറാമിന് ചടങ്ങില്‍ പങ്കെടുത്തെ മതിയാകൂ. ചടങ്ങ് ബഹിഷ്കരിക്കരുതെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ബഹിഷ്കരണ തീരുമാനം നടപ്പാവാന്‍ സാധ്യത കുറവാണെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കി.
എന്നാല്‍ കെ.പി.വിശ്വനാഥന്‍ നേതൃത്വം നല്‍കുന്ന വിഭാഗം ചടങ്ങ് ബഹിഷ്കരിക്കും. ഡി.സി.സി പ്രസിഡന്റ് തീരുമാനത്തില്‍ മാറ്റങ്ങളുണ്ടാവില്ലെന്ന കെ.പി. സി.സിയുടെയും എ.ഐ.സി.സി വക്താവ് പി.സി.ചാക്കോയുടെയും പ്രഖ്യാപനവും പിന്നീട് കെ.പി.സി.സി യോഗത്തിന് ശേഷം മുഖ്യമന്ത്രിയും, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കിയതും ഐ ഗ്രൂപ്പിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. പ്രസിഡന്റ് പദവി എ ഗ്രൂപ്പിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് കഴിഞ്ഞ ദിവസം ഡി.സി.സി ഭാരവാഹി സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. അവരെല്ലാം വീണ്ടും തല്‍സ്ഥാനങ്ങള്‍ കൈക്കലാക്കാനുള്ള പരിശ്രമത്തിലാണ്്. ഇവരില്‍ ഭൂരിഭാഗവും വ്യാഴാഴ്ച ചടങ്ങിനെത്തും . നേരത്തെ ഇവര്‍ അബ്ദുറഹ്മാന്‍കുട്ടിയെ അംഗീകരിക്കില്ലെന്ന് പറഞ്ഞിരുന്നു.
ഐ ഗ്രൂപ്പിന് അവകാശപ്പെട്ട ഡി.സി.സി പ്രസിഡന്റ് സ്ഥാനം അവസാനനിമിഷം അട്ടിമറിച്ച് എ ഗ്രൂപ്പിന് നല്‍കിയതിനെതിരെ കടുത്ത ്രപതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഇതൊന്നും കെ.പി. സി.സി നേതൃത്വം ഗൗരവത്തിലെടുത്തില്ല. കഴിഞ്ഞ കെ.പി.സി.സി യോഗത്തില്‍ ഹൈകമാന്‍ഡ് പ്രഖ്യാപിച്ച എല്ലാവരും മൂന്നാം തീയതിക്കുള്ളില്‍തന്നെ സ്ഥാനമേല്‍ക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതോടെ ഐ ഗ്രൂപ്പ് പത്തി മടക്കി.
പ്രത്യക്ഷ പ്രശ്നങ്ങളൊഴിവാക്കാന്‍ സ്ഥാനാരോഹണ ചടങ്ങിന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അദ്ദേഹം ദല്‍ഹിക്ക് പോകുന്നതിനാല്‍ എത്തില്ല. കെ.മുരളീധരനോടൊപ്പം തൃശൂരില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനെതിരെ പരസ്യമായി പ്രതികരിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലും ചടങ്ങില്‍ പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍