തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ സംവരണം അട്ടിമറിച്ച് നിയമനം നടത്താന്‍ മുന്‍ വൈസ് ചാന്‍സലര്‍ എ. ജയകൃഷ്ണന്‍ ഇറക്കിയ വിജ്ഞാപനം തിരുത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. 28 വകുപ്പുകളിലായി 50 തസ്തികകളിലേക്ക് നിയമനം നടത്താനിറക്കിയ വിജ്ഞാപനത്തില്‍ സംവരണ തത്ത്വം അട്ടിമറിച്ചെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. എന്നാല്‍ ഈ അട്ടിമറിക്ക് കാരണമായ, മുന്‍ വി.സി സ്ഥാനമൊഴിയും മുമ്പ് തന്ത്രപരമായി പ്രാബല്യത്തില്‍ കൊണ്ടുവന്ന സിന്‍ഡിക്കറ്റ് തീരുമാനം ഇനിയും സര്‍വകലാശാല തിരുത്തിയിട്ടില്ല.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് വേണ്ടി അഡീഷനല്‍ സെക്രട്ടറി തയാറാക്കിയ വിശദമായ നിര്‍ദേശം ഇന്നലെ തന്നെ അടിയന്തരമായി സര്‍വകലാശാലക്ക് കൈമാറി. 17/09/2012ന് ഇറക്കിയ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ബോധ്യപ്പെട്ടതായും ഇതില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്. കേരള സര്‍വകലാശാലയുടെ 1977ലെ സ്റ്റാറ്റ്യൂട്ട് മൂന്നാം അധ്യായം മൂന്നാം വകുപ്പില്‍ പറയുംവിധം ആയിരിക്കണം അധ്യാപക നിയമനങ്ങള്‍ നടത്തേണ്ടത്. ഇതനുസരിച്ച് സര്‍വീസ് ചട്ടങ്ങളിലെ സംവരണ-റൊട്ടേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതനുസരിച്ച് അധ്യാപക നിയമനങ്ങള്‍ക്ക് ഒറ്റത്തസ്തിക പദവിയുള്ളതായി മനസ്സിലാകുന്നില്ല. ഈ വ്യവസ്ഥകള്‍ സുപ്രീംകോടതിയോ ഹൈക്കോടതികളോ ഇതുവരെ റദ്ദാക്കിയിട്ടുമില്ല. അതിനാല്‍ ഇതിന് വിരുദ്ധമായ വിജ്ഞാപനം തിരുത്തണം. സംവരണം ബാധകമല്ലാത്ത സ്റ്റാറ്റ്യൂട്ടറി പദവികളുള്ള ഒറ്റത്തസ്തിക വിഭാഗത്തില്‍ അധ്യാപക തസ്തിക ഉള്‍പ്പെടില്ലെന്നും നിര്‍ദേശത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വി.സി, പി.വി.സി, രജിസ്ട്രാര്‍ തുടങ്ങിയ സ്റ്റാറ്റ്യൂട്ടറി പദവികളുള്ള ഒറ്റത്തസ്തിക നിയമനങ്ങളില്‍ സംവരണം ബാധകമല്ല. എന്നാല്‍ ഈ വ്യവസ്ഥ അധ്യാപക തസ്തികകള്‍ക്ക് കൂടി ബാധകമാക്കി നിയമനം നടത്താനാണ് മുന്‍ വി.സി ഗൂഢനീക്കം നടത്തിയത്. ഇതനുസരിച്ച് 50 തസ്തികകളിലേക്ക് നിയമന വിജ്ഞാപനവും ഇറക്കി. പിന്നീട് സിന്‍ഡിക്കറ്റിന്റെ അംഗീകാരം നേടി. സിന്‍ഡിക്കറ്റിനെ കബളിപ്പിക്കുംവിധം മുന്‍ വി.സി നടത്തിയ രഹസ്യ നീക്കങ്ങളിലൂടെയാണ് ഈ ഭേദഗതിക്ക് അംഗീകാരം നേടാനായതെന്ന് ആരോപണമുണ്ടായിരുന്നു. 28 വകുപ്പിലെ നിയമനത്തിനുള്ള വിജ്ഞാപനത്തില്‍ സംവരണ തസ്തികകളെല്ലാം ഓപണ്‍ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
സംവരണം അട്ടിമറിക്കാനുള്ള ഈ നീക്കങ്ങള്‍ 'മാധ്യമം' പുറത്തുകൊണ്ടുവന്നതോടെ വന്‍ വിവാദമായി. സര്‍വകലാശാല തീരുമാനം റദ്ദാക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നു. സര്‍വകലാശാലക്കെതിരെ പരസ്യമായി രംഗത്തുവന്ന സിന്‍ഡിക്കറ്റ് അംഗം ഡോ. ആര്‍. ജയപ്രകാശ് തീരുമാനത്തിനെതിരെ സര്‍ക്കാറിന് കത്തും നല്‍കിയിരുന്നു. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ലോകായുക്തയില്‍ കേസ് നല്‍കി. ഇത് ഇന്ന് പരിഗണിക്കാനിരിക്കെയാണ് നിയമന വിജ്ഞാപനം തിരുത്താന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംവരണ അട്ടിമറി നീക്കത്തിന് മുന്‍ വി.സിയും സിന്‍ഡിക്കറ്റിലെ സംവരണ വിരുദ്ധരും ചേര്‍ന്ന് നടത്തിയ ഗൂഢനീക്കങ്ങള്‍ക്കേറ്റ വലിയ തിരിച്ചടിയാണ് സര്‍ക്കാര്‍ നിര്‍ദേശം. അതേസമയം അധ്യാപക നിയമനങ്ങളിലും ഒറ്റത്തസ്തിക വ്യവസ്ഥ പരിഗണിക്കാമെന്ന സിന്‍ഡിക്കറ്റ് തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് സിന്‍ഡിക്കറ്റ് തന്നെ റദ്ദാക്കണം. അല്ലാത്തപക്ഷം ഭാവിയില്‍ ഈ തീരുമാനം ഉപയോഗിച്ച് സംവരണം പാലിക്കാതെ നിയമനം നടത്താന്‍ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍