Thu, 01/03/2013 - 08:21 ( 20 weeks 1 dayago)
കര്‍ണാടക പൊലീസിന്റെ 'തീവ്രവാദി' ഇന്ത്യന്‍ ടീമിലേക്ക്
(+)(-) Font Size
കര്‍ണാടക പൊലീസിന്റെ 'തീവ്രവാദി' ഇന്ത്യന്‍ ടീമിലേക്ക്

ന്യൂദല്‍ഹി: ഭംഗിവാക്കായി മധുരപ്രതികാരമെന്നോ, രണ്ടാം ജന്മമെന്നോ വിശേഷിപ്പിക്കാം ജമ്മു-കശ്മീരുകാരനായ യുവക്രിക്കറ്ററുടെ ദേശീയ ടീം പ്രവേശത്തെ. കശ്മീരിന് ചരിത്രമൂഹുര്‍ത്തമെങ്കില്‍ ഇന്ത്യ 'എ' ടീമിലേക്കുള്ള വിളി പര്‍വേസ് റസൂല്‍ എന്ന 23കാരന് ഭീതിയുടെ നാളുകളില്‍നിന്നും വീണ്ടെടുത്ത ജീവിതത്തിന് ദൈവം നല്‍കിയ സമ്മാനമാണ്. മൂന്നു വര്‍ഷം മുമ്പ് ബംഗളൂരു സിറ്റി കമീഷണര്‍ ശങ്കര്‍ ബിദ്രിയുടെ മുറിയില്‍ പൊലീസ്  അണിയിച്ച തീവ്രവാദി കുപ്പായത്തില്‍നിന്ന് ഇന്ത്യന്‍ കുപ്പായത്തിലേക്കുള്ള ദൂരം വെറുമൊരു മധുരപ്രതികാരമല്ല. കശ്മീരുകാരനെന്നതിനാല്‍ തീവ്രവാദിയായി മുദ്രകുത്തപ്പെട്ട ഒരു ക്രിക്കറ്റര്‍ പ്രകടനത്തിലൂടെ മറുപടി നല്‍കി അധികൃതരുടെ കണ്ണുതുറപ്പിച്ചപ്പോള്‍ കണ്ണുതള്ളിയത് സംശയദൃഷ്ടിയോടെ ഒരു ജനതയെ മുദ്രകുത്തുന്ന വ്യവസ്ഥക്ക്.
2009 ഒക്ടോബര്‍ 17ന് ജമ്മു-കശ്മീരിന്റെ അണ്ടര്‍ 22 ക്രിക്കറ്റ് ടീമംഗമായി ബംഗളൂരുവിലെത്തിയ ദിനമാണ് പര്‍വേസ് റസൂലിന്റെ ജീവിതം മാറ്റിമറിച്ചത്. സി.കെ. നായുഡു ട്രോഫിയില്‍ മത്സരിക്കാനായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ അതിഥികളായെത്തിയ പര്‍വേസും സംഘവും യാത്രാ ക്ഷീണമകറ്റാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെ കെ.എസ്.സി.എ കോംപ്ലക്സില്‍ വിശ്രമിക്കുന്നതിനിടെയാണ് കര്‍ണാടക പൊലീസ് പരിശോധനക്കായി ഇവിടെയെത്തുന്നത്. ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യില്‍ വിക്ടോറിയ-കേപ് കോബ്രാസും തമ്മിലെ മത്സരത്തിനുള്ള സുരക്ഷാ ജോലിയിലായിരുന്ന പൊലീസ് ജമ്മു-കശ്മീര്‍ കളിക്കാരുടെ ബാഗും പരിശോധനക്ക് വിധേയമാക്കി. എന്നാല്‍, പാഡും ബാറ്റും ജഴ്സികളുമടങ്ങിയ ബാഗില്‍ സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങളുണ്ടെന്ന പൊലീസ് വെളിപ്പെടുത്തല്‍ കളിക്കാരെ ഞെട്ടിച്ചു.
ടീമംഗങ്ങളായ പര്‍വേസ് റസൂലിന്റെയും മെഹ്റാജുദ്ദീനെയും കസ്റ്റഡിയിലെടുത്ത ശങ്കര്‍ ബിദ്രിയും സംഘവും രണ്ട് കൊടുംതീവ്രവാദികളെ പിടികൂടിയെന്നായിരുന്നു പുറംലോകത്തെ അറിയിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ ചാമ്പ്യന്‍സ് ലീഗ് ടീമംഗങ്ങളെ ഹോട്ടല്‍ മുറിയിലാക്കി, സ്റ്റേഡിയം മുഴുവന്‍ അരിച്ചുപെറുക്കി പരിശോധന. ഒടുവില്‍ രണ്ട് മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്. ഒരു ദിവസം മുഴുവന്‍ കളിക്കാരെ ചോദ്യം ചെയ്യലും ഫോറന്‍സിക് പരിശോധനയുമായി പിന്നെയും കോലാഹലം.
അപ്പോഴേക്കും ജമ്മുവില്‍നിന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയും മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും മറ്റും ഇടപെട്ടതോടെ കളിക്കാരെ വിട്ടയക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. തൊട്ടുപിന്നാലെ പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കളിക്കാര്‍ക്ക് ക്ളീന്‍ ചീട്ട് നല്‍കിയതോടെയാണ് മൂന്ന് ദിവസത്തെ 'തീവ്രവാദി' വേട്ട അവസാനിക്കുന്നത്. എന്നാല്‍, കളിക്കാരോട് ക്ഷമാപണം നടത്താനൊന്നും കര്‍ണാടക സര്‍ക്കാര്‍ തയാറായില്ല.
നാലു ദിവസത്തിനുശേഷം സി.കെ. നായുഡു ട്രോഫിയില്‍ ഗ്രൗണ്ടിലായിരുന്നു പര്‍വേസ് കണക്കുതീര്‍ത്തത്. കര്‍ണാടകക്കെതിരെ നടന്ന മത്സരത്തില്‍ 49 പന്തില്‍ 50 റണ്‍സടിച്ചെടുത്ത് ഉജ്ജ്വല ബാറ്റിങ് പ്രകടനം. ദേശീയ ടീമായി പിന്നെയുള്ള ലക്ഷ്യം. ഏറ്റവും ഒടുവില്‍ രഞ്ജി ട്രോഫിയിലെ പ്രകടനത്തിലൂടെ അതും  കൈപ്പിടിയിലൊതുക്കിയപ്പോള്‍ ജയിലഴിക്കുള്ളിലോ മറ്റോ ഒതുങ്ങി പോവാമായിരുന്ന ജീവിതം ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമെന്ന നിലയിലേക്കുയര്‍ന്നിരിക്കുന്നു. ഇംഗ്ളണ്ടിനെതിരായ ഇന്ത്യ 'എ' ടീമില്‍ ഇടം ലഭിച്ചുവെന്ന വാര്‍ത്തയെത്തിയപ്പോള്‍ 'ജീവിതത്തില്‍ ഇതുവരെ കേട്ടതില്‍ ഏറ്റവും സന്തോഷം നല്‍കുന്ന വാര്‍ത്ത'യെന്നായിരുന്ന പര്‍വേസിന്റെ പ്രതികരണം.
രഞ്ജി ക്രിക്കറ്റില്‍ ബാറ്റിലും ബൗളിലുമായി ജമ്മുവിനുവേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഈ 23കാരനുനേരെ കണ്ണുതുറക്കാന്‍ സെലക്ഷന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചത്. ഈ സീസണില്‍ രണ്ട് സെഞ്ച്വറികളോടെ 594 റണ്‍സും 33 വിക്കറ്റും. 17 ഫസ്റ്റ് ക്ളാസ് മത്സരങ്ങളില്‍നിന്ന് 1003 റണ്‍സും 46 വിക്കറ്റും. ഇതില്‍ അസമിനെതിരെ 41 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയത് ഉ ജജ്വല ബൗളിങ് പ്രകടനം. ഞായറാഴ്ച കളത്തിലിറങ്ങി ഇന്ത്യന്‍ കുപ്പായത്തിലെ ആദ്യ ജമ്മു-കശ്മീരുകാരനാവാനൊരുങ്ങുകയാണ് പര്‍വേസ്. ആബിദ് നബി, സുരേന്ദ്ര സിങ്, അബ്ദുല്‍ ഖയ്യൂം എന്നിവര്‍ ദേശീയ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ ഇടംനേടിയില്ല.
 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus