12:30:26
04 Oct 2015
Sunday
Facebook
Google Plus
Twitter
Rssfeed

സി.പി.എമ്മിന്റെ ഭൂസമരം

സി.പി.എമ്മിന്റെ ഭൂസമരം

ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാരംഭിച്ച ഭൂസമരം അതിന്റെ സംഘാടനമികവുകൊണ്ട് ശ്രദ്ധിക്കപ്പെടും. എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമുള്ള പാര്‍ട്ടിക്ക് ഇത്തരമൊരു ഇവന്റ് മാനേജ് ചെയ്യുന്നതില്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും കാണില്ല. അതേസമയം, സമരത്തിന്റെ ഈ പൊലിമക്കപ്പുറത്ത് കേരളത്തിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട നിര്‍ണായകമായ പല യാഥാര്‍ഥ്യങ്ങളെയും അഭിമുഖീകരിക്കാന്‍ സി.പി.എമ്മിന് കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു.
2008ല്‍ ചെങ്ങറ സമരത്തിന്റെയും മൂന്നാര്‍ ഓപറേഷന്റെയും പശ്ചാത്തലത്തിലാണ് ഭൂമിയെക്കുറിച്ച ചര്‍ച്ച കേരളത്തില്‍ അടുത്ത കാലത്ത് ഏറ്റവും സജീവമായത്. 'രണ്ടാം ഭൂപരിഷ്കരണം' എന്നൊരു ആശയം അക്കാലത്ത് പ്രധാന ചര്‍ച്ചയായിരുന്നു. ചെങ്ങറ സമരത്തെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കാനായിരുന്നു, പിണറായി/വി.എസ് പക്ഷ ഭേദമില്ലാതെ പാര്‍ട്ടിയുടെ തീരുമാനം. അക്കാലത്ത് പുറത്തിറക്കിയ സംസ്ഥാന കമ്മിറ്റി പ്രമേയത്തില്‍ രണ്ടാം ഭൂപരിഷ്കരണ വാദത്തെ തീവ്രവാദികളുടെ ആശയം എന്നാണ് സി.പി.എം വിശേഷിപ്പിച്ചത്. 'ഭൂപരിഷ്കരണം; ഇനിയെന്ത്?' എന്ന പേരില്‍, പാര്‍ട്ടിപ്രമേയത്തെ വിശദീകരിച്ചുകൊണ്ട്, ഡോ. തോമസ് ഐസക് ഒരു പുസ്തകവുമെഴുതുകയുണ്ടായി.
അങ്ങനെയൊരു നിലപാട് സ്വീകരിച്ച പാര്‍ട്ടി ഇപ്പോള്‍ പൊടുന്നനെ പുതിയൊരു ഭൂസമരവുമായി രംഗത്തിറങ്ങിയതിന്റെ പിന്നിലെന്ത് എന്ന അന്വേഷണം കൗതുകമുണര്‍ത്തുന്നതാണ്. ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പുതുതായുണ്ടാകുന്ന ഉണര്‍വുകളെയും ഭൂമിക്കായുള്ള മുറവിളികളെയും പ്രതിരോധിക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് പുതിയ ഭൂസമരത്തിന് പിറകിലെന്ന വിശകലനം പ്രസക്തമാണ്. വെറും കാലാള്‍പ്പടയായി ഉപയോഗിച്ച് ഇടതുപക്ഷം ഇക്കലമത്രയും തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന തിരിച്ചറിവ് ദലിത് വിഭാഗങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ട്. ഈ തിരിച്ചറിവിനെ പ്രതിനിധാനംചെയ്യുന്ന പുതിയൊരു ബുദ്ധിജീവിനിര അവര്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. അവരുടെയെല്ലാം പ്രയത്നങ്ങളുടെ ഫലമായി പുതിയ സംഘടനാരൂപങ്ങളും ദലിതുകളെ കേന്ദ്രീകരിച്ച് ഉയര്‍ന്നുവരുന്നു. തങ്ങള്‍ പ്രതീക്ഷിക്കാത്ത സാമൂഹിക മേഖലകളില്‍നിന്ന് രൂപംകൊണ്ട പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഭൂപ്രശ്നത്തെ ഗൗരവത്തില്‍ അഭിമുഖീകരിക്കുന്നതും സി.പി.എമ്മിനെ ചിന്തിപ്പിച്ചിട്ടുണ്ടാവും. ഈ പശ്ചാത്തലത്തിലാണ് പട്ടികജാതി ക്ഷേമസമിതി എന്ന പേരില്‍ പുതിയൊരു ജാതിസംഘടന രൂപവത്കരിക്കാനും ഭൂസമരവുമായി രംഗത്തുവരാനും സി.പി.എം സന്നദ്ധമായത്.
ഭൂരഹിതരായ കുറച്ചുപേര്‍ക്ക് കുടില്‍ കെട്ടാന്‍ ഏതാനും സെന്റ് ഭൂമി നേടിക്കൊടുക്കാന്‍ സാധിക്കുമെങ്കില്‍ പുതിയ സമരം നല്ലതുതന്നെ. പക്ഷേ, കേരളത്തിലെ ഭൂബന്ധങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ഈ സമരവും പരാജയപ്പെടുന്നുവെന്നതാണ് പ്രശ്നം. വന്‍കിട തോട്ടഭൂമികളെ ഭൂപരിഷ്കരണത്തില്‍നിന്നൊഴിവാക്കിയ പിഴവ് ഒന്നാം ഇ.എം.എസ് മന്ത്രിസഭയുടെ കാലം മുതല്‍ നിലനില്‍ക്കുന്നുണ്ട്. പുതിയ ഭൂസമരത്തിലും കുത്തകക്കാരുടെ കൈയിലുള്ള തോട്ടഭൂമിയെക്കുറിച്ച നിലപാട് പറയാന്‍ സി.പി.എമ്മിന് സാധിച്ചിട്ടില്ല. അന്നത്തെ പിഴവ് ഇന്നും ശക്തമായി തുടരുന്നുവെന്നര്‍ഥം.
ഇനി, കൈവിട്ടുപോകുന്ന ദലിത് ജനവിഭാഗത്തെ പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്താനാണ് ഈ സമരമെങ്കില്‍ അതും ഉപകാരപ്പെടുമെന്ന് തോന്നുന്നില്ല. കാരണം, കിടപ്പാടത്തിനായി മിച്ചഭൂമി എന്നതല്ല ദലിതന്‍ ഇന്ന് ഉയര്‍ത്തുന്ന മുദ്രാവാക്യം. മറിച്ച്, മണ്ണില്‍ പണിയെടുക്കുന്നവന് കൃഷിഭൂമി എന്നതാണ്. ഈ ആവശ്യത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്തിടത്തോളം ദലിത് അസ്വസ്ഥതകളെ പരിഹരിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല.
തലചായ്ക്കാനുള്ള കുടിലുകെട്ടാനും പ്രിയപ്പെട്ടവരുടെ മൃതദേഹം അടക്കാനും ഒരു സെന്റ് പോലുമില്ലാത്ത ജനലക്ഷങ്ങളുള്ള സംസ്ഥാനമാണ് നമ്മുടേത്. ഇത്തരക്കാരുടെ പ്രശ്നങ്ങളെ രാഷ്ട്രീയ ചര്‍ച്ചയുടെ കേന്ദ്ര സ്ഥാനത്ത് കൊണ്ടുവരാനും ഭൂബന്ധങ്ങളെക്കുറിച്ച പുതിയ സംവാദങ്ങള്‍ക്ക് തുടക്കംകുറിക്കാനും സാധിക്കുമെങ്കില്‍ സി.പി.എം സമരം നല്ലതുതന്നെ. അതേസമയം, യഥാര്‍ഥ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതില്‍ സമരം പരാജയപ്പെടുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇതെല്ലാം മനസ്സിലാവുന്ന ഒരു തലമുറ ദലിത് സമൂഹത്തിലും ഭൂരഹിത വിഭാഗങ്ങളിലുമുള്ളതിനാല്‍ വലിയ രാഷ്ട്രീയ നേട്ടമൊന്നും സി.പി.എം പ്രതീക്ഷിക്കുകയും വേണ്ട.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus