12:30:26
05 Sep 2015
Saturday
Facebook
Google Plus
Twitter
Rssfeed

രക്തത്തിന്‍െറ താഴ്വരയില്‍നിന്ന്

നമ്മുടെ ലൈംഗികാതിക്രമ ചരിത്രത്തില്‍ ഒരു രക്തസാക്ഷി കൂടി കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. മഹത്തായ ഒരു രാജ്യത്തിന്‍െറ തലസ്ഥാന നഗരം പെണ്‍പിടിയന്മാരുടെയും കാപാലികരുടെയും പിടിയിലാണെന്ന് ലോകത്തിനു മുന്നില്‍ വിളിച്ചു പറയപ്പെടുന്നത് കേള്‍ക്കുന്നില്ലേ? ആ പെണ്‍കുട്ടിയോട് ഐക്യപ്പെടുന്ന യുവതയുടെ പ്രതികരണങ്ങള്‍ നിരത്തുകളെ പ്രകമ്പനം കൊള്ളിക്കുന്നു. എന്‍െറ വിദ്യാര്‍ഥികളും ആണ്‍സുഹൃത്തുക്കളും അവരെ ദല്‍ഹി സിസ്റ്റര്‍ എന്നു വിശേഷിപ്പിച്ച് മെസേജുകള്‍ അയക്കുന്നത് ലഭിക്കുമ്പോള്‍ അവര്‍ അവളെ ദല്‍ഹി ഗേള്‍ എന്നു വിശേഷിപ്പിച്ചില്ലല്ലോ എന്നോര്‍ത്ത് സമാധാനപ്പെടുന്നു. ഇതൊക്കെ എത്ര നാളത്തേക്ക് കാണും? അടുത്ത രക്തസാക്ഷിക്കുവേണ്ടി കാത്തിരിക്കേണ്ടതുണ്ടോ?
ഒരു ഗര്‍ഭപാത്രവും മാറിലൊരല്‍പം മാംസവും മിനുക്കമുള്ള തൊലിയും അവനേക്കാള്‍ അല്‍പം പേശീദാര്‍ഢ്യം കുറഞ്ഞ ശരീരവുമായി അവള്‍ നിരത്തിലൂടെ നടക്കുമ്പോള്‍ സഹോദരാ നീയവളെ തുറിച്ചുനോക്കുന്നതെന്താണ്? അവള്‍ നിനക്കൊപ്പം ബുദ്ധിപരമായ മികവ് പ്രകടിപ്പിക്കുമോയെന്ന് ആശങ്കപ്പെടുന്നതെന്താണ്? അവളുടെ മികവില്‍ അപവാദത്തിന്‍െറ കരിവാരിത്തേക്കുന്നതെന്തിനാണ്? ഒറ്റക്കൊരുത്തി അടുത്തിരുന്നാല്‍ നിന്‍െറ പുരുഷത്തം കാടുകേറുന്നതെന്തുകൊണ്ടാണ്? അവള്‍ നിന്‍െറ അമ്മയും പെങ്ങളും ഭാര്യയും സഹപ്രവര്‍ത്തകയും കൂട്ടുകാരിയും സഹജീവിയുമൊക്കെയല്ലേ? ലോകത്തിന്‍െറ നേര്‍പാതി അവളല്ലേ? അവളില്ലെങ്കില്‍ ലോകം നിന്നിലൊടുങ്ങിപ്പോകുമെന്ന് ചിന്തിക്കാന്‍ പുതുകാലത്തും നിനക്കാകുന്നില്ലല്ലോ ഉടപ്പിറന്നോനേ!
ബലാല്‍ക്കാരത്തിന് മനുഷ്യസംസ്കാരത്തോളം പഴക്കമുണ്ട്. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആഖ്യാനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ഇത്തരം അനുഭവങ്ങള്‍ വായിച്ചെടുക്കാന്‍ പാകത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്. ഒരുദാഹരണം ബൈബ്ളില്‍നിന്ന്. ബൈബ്ള്‍ പഴയനിയമഭാഗത്ത് ‘ന്യായാധിപന്മാര്‍’ എന്ന പുസ്തകത്തില്‍ 19ാം അധ്യായത്തില്‍ അതിക്രൂരമായ ഒരു ബലാല്‍ക്കാരത്തിന്‍െറ ആഖ്യാനമുണ്ട്. ഒരു നഗരത്തിലെ വിടന്മാരത്രയും പുണര്‍ന്ന് രക്തംതൂകി മരിച്ചുകിടക്കുന്ന ഒരു സ്ത്രീയെ അവിടെ വായിച്ചെടുക്കാം. ഏകദേശം മുവ്വായിരം വര്‍ഷം പഴക്കമുള്ള ഈ സംഭവം വായിക്കുമ്പോള്‍തന്നെ ആണ്‍കാമത്തെ കുറിച്ച് ഭയം തോന്നിയിരുന്നു. ഒപ്പം, അക്രമകാരിയായ ഈ ആണ്‍കാമം ഇതുവരെയും പ്രശ്നവത്കരിക്കപ്പെടുന്നില്ലല്ലോയെന്ന് ഞാന്‍ ആകുലപ്പെടുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് നാട്ടില്‍ കൊലചെയ്യപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹം കണ്ട ഒരു നാട്ടിന്‍പുറത്തുകാരി എന്നോടു പറഞ്ഞു: എന്‍െറ മോളേ, അതിനെ വെറുതെ കൊന്നാല്‍ പോരാരുന്നോ? ഇവന്മാര്‍ ഇങ്ങനെയൊരു കടുംകൈ അതിനോടു ചെയ്യണാരുന്നോ? അവര്‍ തൊണ്ട കനച്ച് ചോദിച്ചത് ഞാനിപ്പോഴും കേള്‍ക്കുന്നു. ബസ്സ്റ്റാന്‍ഡില്‍ പുതുതായെത്തിയ ഒരു ലൈംഗികത്തൊഴിലാളി ബലാല്‍ക്കാരം ചെയ്യപ്പെട്ടശേഷം കൊലചെയ്യപ്പെട്ടു. കൊലക്കു മുമ്പ് കൊലപാതകികള്‍ അവളുടെ ലൈംഗികാവയവത്തില്‍ മരക്കമ്പ് തറച്ചുവെക്കുകയും ചെയ്തു. അതികഠിനമായ വേദനയാല്‍ അവളെത്ര നേരം നിലവിളിച്ചിട്ടുണ്ടാകാം. നഗരകാന്താരത്തില്‍ അത് വിഫലമായിത്തീര്‍ന്നിരിക്കാം. ലൈംഗികത അധികാരവും അക്രമവുമായി വ്യാഖ്യാനിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നുവെന്നത് പുതുകാര്യമല്ല. നമ്മുടെ സമൂഹബോധത്തിലെ ക്രൂരനായ വിടനെ ആട്ടിപ്പുറത്താക്കാന്‍ പോയിട്ട് കൈയാമംവെച്ച് തടങ്കലിലിടാന്‍ പോലും നമുക്കു കഴിയുന്നില്ല. ഒരു പെണ്ണ് പകലോ രാത്രിയോ ഇറങ്ങി നടക്കുന്നത് സഹിക്കാന്‍ കഴിയാത്തവിധം സ്വേച്ഛാധിപതിയും ക്രൂരനുമായ പുരുഷന്‍ ഇന്നും മദിച്ചു നടക്കുന്നുണ്ടിവിടെ. അവനെ ഷണ്ഡീകരിച്ചതുകൊണ്ടു മാത്രമായില്ല. അത്തരം അവബോധത്തിന്‍െറ എല്ലാത്തരം പ്രകടനങ്ങളെയും തിരുത്തേണ്ടിയിരിക്കുന്നു.
നാട്ടില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കുപോലും ജീവിച്ചുപോകാന്‍ പറ്റാത്തവിധം കാമക്കോമരങ്ങള്‍ വര്‍ധിച്ചുവരുന്നത് ഇതിനോടൊപ്പം ചേര്‍ത്തുവെച്ച് ചിന്തിക്കണം. പൊടിക്കുഞ്ഞു മുതല്‍ വൃദ്ധകള്‍ വരെ ഭോഗവസ്തുവായി കരുതുന്നവരുടെ പെരുക്കം ഭയപ്പെടുത്തുന്നു. വീടിനടുത്തുപോലും അവള്‍ക്ക് സുരക്ഷയില്ലാതാകുന്നത് ഈ കെട്ടകാലത്തിന്‍െറ ദുരന്തമാണ്. ഞരമ്പ് ത്രസിപ്പിക്കുന്ന കാഴ്ചകള്‍ക്കും സുഖിപ്പിക്കുന്ന സ്പര്‍ശങ്ങള്‍ക്കും വേണ്ടി പിടഞ്ഞുനില്‍ക്കുന്ന ആള്‍ക്കാര്‍ നാട്ടില്‍ ഏറിയേറിവരുന്നു.
ഇത്തരം അതികാമികളും അക്രമികളും ആയവര്‍ക്കും അവര്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ക്കും നിയമപരമായ ശിക്ഷകള്‍ കാലതാമസം കൂടാതെ കൊടുക്കണം. ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ വര്‍ഷങ്ങള്‍തന്നെ കാത്തിരിക്കേണ്ടി വരുമ്പോള്‍ ലൈംഗികാതിക്രമം ഭദ്രമായി പരിപാലിക്കപ്പെടുന്നതായി ഇരക്കും വേട്ടക്കാരനും തോന്നും. ഇരയുടെ നിരാശയും സങ്കടവും ഭീകരമായിരിക്കും. വേട്ടക്കാരന്‍ ആനന്ദസാഗരത്തിലും. ഇതാണ് ആണ്‍കോയ്മയുടെ വിജയം. അക്രമങ്ങള്‍ക്ക് വേഗം ശിക്ഷകിട്ടുന്ന സംവിധാനം ഇനിയെന്നുണ്ടാകും. വരിയുടക്കപ്പെട്ട ഒരു നായയുടെ മോങ്ങല്‍ എന്‍െറ ബാല്യകാലത്തെ ഓര്‍മകളിലുണ്ട്. പിന്നീട് പെണ്‍പട്ടിയുടെ നേരെ നിസ്സംഗനായി ആ അല്‍സേഷ്യന്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ലൈംഗികാതിക്രമിയായ ആണിനെ നിസ്സംഗനാക്കാന്‍ ഷണ്ഡീകരണത്തിനു മുതിരുന്നത് സാംസ്കാരികമായി ഉന്നതി നേടിയ സമൂഹത്തിന് ലജ്ജാകരമായ കാര്യമാണ്. എങ്കിലും പുതുകാലം ഇതൊക്കെ ആവശ്യപ്പെടുന്നുണ്ട്. വധശിക്ഷ ആശാസ്യമല്ല. പരോളില്ലാത്ത തടവും സ്വയം തിരുത്തുന്നതിനാവശ്യമായ കൗണ്‍സലിങ്ങുമൊക്കെ ചെയ്ത് മാറ്റംവരുത്താമെന്ന് പ്രതീക്ഷിക്കാം. പ്രതീക്ഷ എപ്പോഴും നല്ലതുതന്നെ എന്ന് സമാധാനിക്കുന്നു.
ചിത്രകാരിയായ രതീദേവി പണിക്കര്‍ ദല്‍ഹിയില്‍ വെച്ച് 20 വര്‍ഷം മുമ്പ് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞതോര്‍ക്കുന്നു. ദല്‍ഹിയില്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് താമസസ്ഥലത്തേക്ക് പോകാന്‍ കയറിയ ബസില്‍ ആള്‍ക്കാര്‍ കുറഞ്ഞപ്പോള്‍ വണ്ടി ലക്ഷ്യം മാറ്റി മറ്റൊരു വഴിയിലേക്കിറങ്ങി ഓടിയപ്പോള്‍ ഒരു പരിചയവുമില്ലാതിരുന്ന ഒരു സഹയാത്രക്കാരന്‍ ബസുകാരോട് എതിരിട്ടതും കഷ്ടിച്ച് രക്ഷപ്പെട്ടതും ഇന്നും ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു എന്നാണവര്‍ പറഞ്ഞത്. 20 കൊല്ലം ഇന്നലെയാണെന്നാണ് 2012 ഡിസംബര്‍ നമ്മോടു പറയുന്നത്. മനുഷ്യരുടെ ആധുനികതയിലേക്കുള്ള ഓരോ കുതിപ്പിലും ലൈംഗികതയെ സംബന്ധിച്ച ധാരണകളില്‍ അവരെ പിന്നോട്ടുകൊണ്ടുപോകുന്നു എന്നത് പുതിയ കാലത്തിന്‍െറ ക്രൂരത സാക്ഷ്യപ്പെടുത്തുന്നു. ഏതായാലും, ഇന്നാട്ടിലെ ചെറുപ്പക്കാര്‍ ഇതിനോട് തീവ്രമായി പ്രതികരിക്കുന്നുണ്ടല്ലോ. അവരെ നയിക്കാന്‍ നേതാവും ഉച്ചഭാഷിണികളുമൊന്നുമില്ലെങ്കിലും ഒരു ലക്ഷ്യത്തിനായി അവര്‍ ഒന്നിക്കുന്നു. ഭരണകൂടത്തിന്‍െറ സംവിധാനങ്ങളേക്കാള്‍ അവര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു.
ആദിയില്‍ ദൈവം അവരെ ആണും പെണ്ണുമായാണ് സൃഷ്ടിച്ചത് എന്ന് വിശുദ്ധ പുസ്തകങ്ങള്‍തന്നെ പറയുന്നുണ്ടല്ലോ. ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ലൈംഗികതയും അത്യാവശ്യമായതിനാല്‍ അതും മനുഷ്യരാശിക്കൊപ്പം വ്യാഖ്യാനിക്കപ്പെട്ടു. പ്രേമവും കുടുംബവും ഒക്കെയായി അത് ആരോഗ്യകരമായ മാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍തന്നെ ബലാത്സംഗവും കൊലയും വ്യഭിചാരവുമൊക്കെയായി പ്രയോഗിക്കപ്പെടുകയും ചെയ്തു. ഈ വൈരുധ്യങ്ങള്‍ സംസ്കാരത്തിന്‍െറ ഏറ്റവും പുതുകാല ബോധത്തിലും സജീവമായിരിക്കുന്നു. ആകയാല്‍, സഹോദരാ/ഇച്ചായാ/ചേട്ടാ/ഇക്കാ/അണ്ണാ/അച്ഛാ/ബാപ്പാ/ഡാഡീ/അപ്പാ/മകനേ/അനിയാ/കൂട്ടുകാരാ ഞങ്ങളും ഈ ലോകത്തിന്‍െറ പാതി എടുത്തോട്ടെ. നിങ്ങള്‍ ഞങ്ങളെ തുറിച്ചു നോക്കരുതേ, പിടിച്ചിഴക്കരുതേ, കൊന്നു കൊലവിളിക്കരുതേ, വഴിനടത്തം നിരോധിക്കരുതേ, ഞങ്ങളുടെ സാന്നിധ്യമില്ലാത്ത നിന്‍െറ ലോകം എത്ര കഠിനമായിരിക്കും. നമുക്കിടയില്‍ പരസ്പരം അംഗീകരിക്കലിന്‍െറ വിശുദ്ധഭൂമി ഇനി എന്നാണുണ്ടാവുക? രക്തത്തിന്‍െറ ഈ ഭൂമിയില്‍നിന്ന് ഒരു രക്ഷ എന്നാണുണ്ടാവുക?


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus