12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ഭൂസമരത്തിന്‍െറ പിന്നാമ്പുറത്ത് കൊമ്പുകോര്‍ക്കലിന് അരങ്ങൊരുങ്ങുന്നു

ഭൂസമരത്തിന്‍െറ പിന്നാമ്പുറത്ത് കൊമ്പുകോര്‍ക്കലിന് അരങ്ങൊരുങ്ങുന്നു

തിരുവനന്തപുരം: ഭൂസമരത്തിന്‍െറ ‘പിന്നാമ്പുറത്ത്’ ഭൂപരിഷ്കരണത്തിന്‍െറ അവകാശത്തിനായി സി.പി.എമ്മും സി.പി.ഐയും വീണ്ടും കൊമ്പുകോര്‍ക്കുന്നു. എറണാകുളത്ത് കടമക്കുടിയില്‍ സമരം ഉദ്ഘാടനം ചെയ്യവേ വി.എസ്. അച്യുതാനന്ദന്‍ സി.പി.ഐ നേതാവ് സി. അച്യുതമേനോന് എതിരെ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കുന്നത്. സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ ’70 കളില്‍ നടത്തിയ ഭൂസമരത്തോട് അച്യുതമേനോന്‍ സര്‍ക്കാര്‍ പ്രതികൂല സമീപനമാണ് കൈക്കൊണ്ടതെന്നാണ് വി.എസ് കുറ്റപ്പെടുത്തിയത്. ‘സമരക്കാരെ കെ. കരുണാകരന്‍െറയും അച്യുതമേനോന്‍െറയും പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവെന്നും മിച്ച ഭൂമി ചൂണ്ടിക്കാട്ടി തരാന്‍ പറഞ്ഞു’വെന്നും വി.എസ് ആരോപിച്ചു.
വി.എസിന്‍െറ പരാമര്‍ശത്തോട് കടുത്ത അതൃപ്തിയാണ് സി.പി.ഐ നേതൃത്വത്തിനുള്ളത്. വി.എസ് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ പരസ്യമായി മറുപടി നല്‍കണമെന്നുമുള്ള അഭിപ്രായം നേതൃത്വത്തില്‍ ശക്തമാണ്. 1970 ജനുവരി ഒന്നിന് കുടികിടപ്പുകാര്‍ക്ക് അച്യുതമേനോന്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചുവെന്നത് യാഥാര്‍ഥ്യമാണെന്നിരിക്കെയാണ് മറിച്ച് വി.എസ് പറയുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 27 ലക്ഷത്തോളം കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ വി.എസിന്‍െറ പ്രസ്താവനക്ക് പരസ്യമായി മറുപടി നല്‍കാനാണ് സി.പി.ഐ ഒരുങ്ങുന്നത്.
തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന എല്‍.ഡി.എഫിന്‍െറ ഉപവാസ സമരത്തിലും വി.എസ് സമാന പരാമര്‍ശം നടത്തിയെന്ന ആക്ഷേപം സി.പി.ഐക്കുണ്ട്. നേരത്തെയും ഭൂപരിഷ്കരണത്തിന്‍െറയും നേട്ടത്തിന്‍െറയും ധാര്‍മിക അവകാശത്തെ ചൊല്ലി ഇരു പാര്‍ട്ടി നേതൃത്വവും കൊമ്പ് കോര്‍ത്തിട്ടുണ്ട്.
സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനും പിണറായി വിജയനും ഈ വിഷയത്തില്‍ ഏറ്റുമുട്ടിയിരുന്നു. അച്യുതമേനോന്‍ സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമ പ്രകാരം കുടികിടപ്പുകാര്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും അതിന്‍െറ ‘ക്രെഡിറ്റ്’ നേടാനായി സി.പി.എം സമരം നടത്തി യെന്നും ചന്ദ്രപ്പന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പിണറായി അടക്കമുള്ള സി.പി.എം നേതൃത്വം ഒന്നടങ്കമാണ് രംഗത്ത് വന്നത്. ഇതിന് സമാനമായ അവസ്ഥയാണ് വി.എസിന്‍െറ പ്രസ്താവനയിലൂടെ വീണ്ടും ഉരുത്തിരിയുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com