12:30:26
02 Sep 2015
Wednesday
Facebook
Google Plus
Twitter
Rssfeed

ദാരിദ്ര്യത്തിന്‍െറ പടുകുഴിയില്‍ ഒരു സമുദായം

ദാരിദ്ര്യത്തിന്‍െറ പടുകുഴിയില്‍ ഒരു സമുദായം

2012-2017 കാലയളവില്‍ നടപ്പാക്കേണ്ട 12ാം പഞ്ചവത്സര പദ്ധതിക്കുവേണ്ടി തയാറാക്കിയ ആസൂത്രണ രേഖക്ക് അവലംബമായി ദാരിദ്ര്യം സംബന്ധിച്ച് ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ സമാഹരിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഈയിടെ ന്യൂദല്‍ഹിയില്‍ ദേശീയ വികസന സമിതി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സമര്‍പ്പിക്കുകയുണ്ടായി. അതുപ്രകാരം രാജ്യത്തേറ്റവും ദരിദ്രരുള്ളത് ഏറ്റവും വലിയ ന്യൂനപക്ഷ മുസ്ലിംകളില്‍ തന്നെയാണ്. ദേശീയതലത്തില്‍ ഹിന്ദു പിന്നാക്ക വിഭാഗങ്ങളേക്കാള്‍ ഏറെ പിന്നിലാണ് മുസ്ലിംകളെന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്‍െറ കണ്ടെത്തലിന് അടിവരയിടുന്നതാണ് ഈ വെളിപ്പെടുത്തല്‍. 2004-05 വര്‍ഷത്തെ എന്‍.എസ്.ഒ സര്‍വേയെ അവലംബിച്ചു റിപ്പോര്‍ട്ട് തയാറാക്കിയ സച്ചാര്‍ സമിതി ഹിന്ദു ഒ.ബി.സിയില്‍ 21 ശതമാനമാണ് ദാരിദ്ര്യരേഖക്ക് താഴെയെന്ന് നിരീക്ഷിച്ചപ്പോള്‍ മുസ്ലിം ദരിദ്രരുടെ ശതമാനം 31 ആണെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ കണ്ടെത്തല്‍ പ്രകാരമാകട്ടെ അവരുടെ ശതമാനം 33.9 ശതമാനമായി ഉയരുകയാണ് ചെയ്തിരിക്കുന്നത്. മുസ്ലിം ജനസംഖ്യയില്‍ അറുപത് ശതമാനവും താമസിക്കുന്ന അസം, പശ്ചിമ ബംഗാള്‍, യു.പി, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് അവരുടെ നില കൂടുതല്‍ പരിതാപകരം. താരതമ്യേന ഭേദമായ സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കേരളം. മുസ്ലിം ജനസംഖ്യ കുറവായ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളാണ് കേരളത്തിനുമുകളില്‍. ബിഹാര്‍, യു.പി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ നഗരവാസികളായ മുസ്ലിംകളില്‍ ദാരിദ്ര്യം ഏറ്റവും മോശമായ രീതിയില്‍ കാണപ്പെടുന്നു. ബിഹാറില്‍ 56.5, യു.പിയില്‍ 49.5, ഗുജറാത്തില്‍ 42.4, പശ്ചിമ ബംഗാളില്‍ 34.8, രാജസ്ഥാന്‍ 29.5 എന്നിപ്രകാരമാണ് നഗരവാസികളായ മുസ്ലിം ദരിദ്രരുടെ ശതമാനം.
യു.പി.എ സര്‍ക്കാറിന്‍െറ ഒന്നാം ഊഴത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ത്യയിലെ മുസ്ലിം സ്ഥിതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ 2005ല്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ സമിതി ഒരു വര്‍ഷത്തിനകം അതിന്‍െറ ദൗത്യം പൂര്‍ത്തിയാക്കി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് അവിടന്നിങ്ങോട്ട് ഇന്ത്യന്‍ മുസ്ലിംകളെക്കുറിച്ച ആധികാരിക രേഖ. സമ്മര്‍ദത്തിന് വഴങ്ങി സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വെക്കേണ്ടിവന്ന സച്ചാര്‍ സമിതി ശിപാര്‍ശപ്രകാരം, ന്യൂനപക്ഷക്ഷേമത്തിനായി ഒരു മന്ത്രാലയം തന്നെ സ്ഥാപിക്കുകയും മുസ്ലിം വികസനത്തിന് ചില നടപടികള്‍ പ്രഖ്യാപിക്കുകയുമുണ്ടായി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊഴിച്ച് മറ്റെല്ലായിടങ്ങളിലും അതിന്‍െറ അനുരണനങ്ങളുമുണ്ടായി. ദാരിദ്ര്യത്തിന്‍െറ മൂലകാരണം നിരക്ഷരതയും വിദ്യാവിഹീനതയും തൊഴിലില്ലായ്മയുമാണെന്ന തിരിച്ചറിവില്‍ മുസ്ലിം ന്യൂനപക്ഷത്തെ വിദ്യാഭ്യാസപരമായി ഉയര്‍ത്താന്‍ പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍, മൗലാന ആസാദ് ഫൗണ്ടേഷന്‍െറ കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും ധനസഹായം, മത ന്യൂനപക്ഷങ്ങള്‍ കൂടുതലായി താമസിക്കുന്ന ജില്ലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രത്യേക പാക്കേജ് തുടങ്ങിയ പദ്ധതികള്‍ അവയിലുള്‍പ്പെടുന്നു. പക്ഷേ, അഞ്ചുകൊല്ലം പിന്നിട്ട ശേഷമുള്ള കണക്കെടുപ്പില്‍ കുമ്പിളില്‍ കഞ്ഞികുടിക്കുന്ന മുഹമ്മദിനും ആമിനക്കും അതില്‍നിന്ന് മോചനമായില്ലെന്ന് മാത്രമല്ല കൂടുതല്‍പേര്‍ അവരുടെ ഗണത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുതയെങ്കില്‍ എവിടെയോ പ്രമാദമായ പിശക് സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ചേ തീരൂ. സച്ചാര്‍ സമിതിയുടെയും മുസ്ലിംകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം ആവശ്യപ്പെടുന്ന രംഗനാഥന്‍ കമീഷന്‍െറയും ശിപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കാണിച്ചുകൊണ്ടേയിരിക്കുന്ന അലംഭാവം തീര്‍ച്ചയായും ഒരു കാരണമാണ്. യാഥാര്‍ഥ്യവുമായി വിദൂരബന്ധം പോലുമില്ലാത്ത, സംഘ്പരിവാറിന്‍െറ ന്യൂനപക്ഷ പ്രീണനാരോപണത്തിന് ചെവികൊടുത്ത് പ്രഖ്യാപിച്ച പദ്ധതികള്‍തന്നെ കടലാസിലൊതുക്കുന്ന മതേതര സര്‍ക്കാറുകളുടെ ഭീരുത്വം ദാരിദ്ര്യ നിവാരണ നടപടികളെടുക്കുന്നതില്‍ മുഖ്യതടസ്സമായവശേഷിക്കുകയാണ്. വര്‍ഗീയവത്കരിക്കപ്പെട്ട ബ്യൂറോക്രസിയുടെ വിമുഖതയും പിന്നാക്ക ജനവിഭാഗങ്ങളുടെയും മേഖലകളുടെയും വികസനത്തിന് വിലങ്ങുതടിയാണ്. ജനസംഖ്യയുടെ 18 ശതമാനത്തോളം വരുന്ന ഒരു ജനവിഭാഗം -അതൊരുവേള ലോകത്തിലെതന്നെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയാണ്- ‘താഴത്ത് പാഴ്ചേറിലമര്‍ന്നിരിക്കെ’ രാജ്യത്തിന്‍െറ മൊത്തം വികാസവും പുരോഗതിയുമാണ് മുരടിക്കുന്നതെന്ന പ്രാഥമികസത്യം പോലും അംഗീകരിക്കാന്‍ ഇവര്‍ കൂട്ടാക്കുന്നില്ല. മതത്തിന്‍െറ പേരില്‍ സംവരണം പാടില്ലെന്ന ഉടക്ക് ന്യായം പറഞ്ഞ് ഒ.ബി.സി സംവരണത്തിലെ ഉപവിഭാഗമായി പോലും മുസ്ലിംകളെ അംഗീകരിക്കുന്നതിനെതിരെ വാളോങ്ങുന്ന ജുഡീഷ്യറിക്കും ഈ ദുരവസ്ഥയില്‍ പങ്കുണ്ട്. സംവരണത്തിന്‍െറ ആനുകൂല്യം മൂലം ഹിന്ദുപിന്നാക്ക സമുദായങ്ങളിലെ ദരിദ്രരുടെ അനുപാതം കുറഞ്ഞുവരുമ്പോള്‍ മുസ്ലിം ദരിദ്രരുടെ എണ്ണം മേലോട്ടുയരുന്നത്, ഭരണഘടന സംവരണത്തിന്‍െറ മാനദണ്ഡമായി പ്രഖ്യാപിച്ച സാമൂഹിക പിന്നാക്കാവസ്ഥയുടെ പ്രകടമായ പ്രതിഫലനമാണെന്ന സത്യമാണ് കോടതികള്‍പോലും കണ്ടില്ലെന്ന് നടിക്കുന്നത്.
എല്ലാറ്റിനുമപ്പുറത്ത് സ്വയം ജീവിക്കാനും പൊരുതാനും പിടിച്ചുവാങ്ങാനും നിശ്ചയദാര്‍ഢ്യവും കരുത്തും തെളിയിക്കുന്ന ജനവിഭാഗങ്ങള്‍ക്കേ മഹാശാപമായ ദാരിദ്ര്യത്തില്‍നിന്ന് കരകയറാനാവൂ. അതിനായി സംഘടനകള്‍ സ്വന്തംനിലയില്‍ ശ്രമിക്കുകയും പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആസൂത്രണത്തിന്‍െറയും ഏകീകൃത നടപടികളുടെയും അഭാവത്തില്‍ ലക്ഷ്യപ്രാപ്തി തികച്ചും അപര്യാപ്തമായി ഭവിക്കുന്നു. ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും അനാചാരങ്ങള്‍ക്കും മറ്റുമായി ധൂര്‍ത്തടിക്കുന്ന വന്‍ സംഖ്യകള്‍ സമാഹരിച്ച് ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഫലപ്രദമായി വിനിയോഗിക്കാനായാല്‍ പാവങ്ങളുടെ ഗ്രാഫ് ഉയരാതിരിക്കാനെങ്കിലും ഉതകിയേനെ. ഇന്ത്യന്‍ മുസ്ലിംസമൂഹത്തെ ഒന്നായി കാണാനുള്ള വിശാലതയും ധാര്‍മികതയുമുണ്ടാവേണ്ടത് എല്ലാ ക്രിയാത്മക നടപടികളുടെയും ആദ്യപടിയാണ്. സര്‍ക്കാര്‍ പല പേരുകളില്‍ നീക്കിവെക്കുന്ന വന്‍തുകകള്‍ നേടിയെടുത്ത് ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഉപയോഗിക്കണമെങ്കില്‍ ഊര്‍ജസ്വലമായ രാഷ്ട്രീയ കൂട്ടായ്മകളും രൂപപ്പെടുത്തേണ്ടതുണ്ട്. പന്ത്രണ്ടാം പദ്ധതിയുടെ കാലയളവിലെങ്കിലും ഏറ്റവും പതിതരായ മുസ്ലിം ജനവിഭാഗത്തെ ദാരിദ്ര്യരേഖക്ക് മുകളില്‍ കൊണ്ടുവരാന്‍ സര്‍ക്കാറുകളും സമുദായവും കൈകോര്‍ക്കുമോ?


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus