നവാഗതരുടെ അരങ്ങുറപ്പിക്കല്‍

നവാഗതരുടെ അരങ്ങുറപ്പിക്കല്‍
മലയാള ചലച്ചിത്രഗാനരംഗം വ്യത്യസ്തമായ മാറ്റത്തിന് വിധേയമായ വര്‍ഷമായിരുന്നു കടന്നുപോയത്. 2011 ല്‍ ഈ മാറ്റം ആരംഭിച്ചുവെങ്കിലും 2012 ല്‍ അതിന്‍്റെ നിറസാന്നിധ്യമായിരുന്നു കണ്ടത്.
രാഗങ്ങളെ മാത്രം ആശ്രയിച്ച് ആഢ്യത്വം തുളുമ്പുന്ന ഘനഗംഭീരമായ ഗാനങ്ങള്‍ക്ക് പകരം ലാളിത്യവും ലയഭംഗിയുള്ളതുമായ ഒട്ടേറെ ഗാനങ്ങള്‍ 2012 സമ്മാനിച്ചു. അനുകരണങ്ങള്‍ അധികമില്ലാതെയും കേട്ടുതഴമ്പിച്ച ശബ്ദവിന്യാസങ്ങള്‍ കുറയുകയും ചെയ്തു. പൊതുവെ കര്‍ണാടക സംഗീതത്തിലെ രാഗഭാവങ്ങള്‍ നിറഞ്ഞുനിന്ന മലയാള സിനിമാ ഗാനങ്ങളില്‍ അത്തരം രാഗഭാവങ്ങള്‍ കുറയുകയും ഹിന്ദുസ്ഥാനി ശൈലിയുടെ ലളിതാംശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
പുതിയ ഗായികാ-ഗായക ശബ്ദങ്ങളെ കാതോര്‍ക്കുകയും ഏറ്റെടുക്കുകയും ചെയ്തു കഴിഞ്ഞവര്‍ഷം
നവീന ശൈലിയുള്ള ഒരു കൂട്ടം സംഗീത സംവിധായകരും ഗായകരും രംഗത്തുവന്നു.
മെലഡിയാണ് മലയാളികളുടെ മനസില്‍ കൂടുതല്‍ സ്ഥാനംപിടിക്കുകയെന്ന് തട്ടത്തിന്‍മറയത്ത് പോലുള്ള സിനിമകളിലെ ഗാനങ്ങളുടെ വിജയങ്ങള്‍ തെളിയിക്കുന്നു.
അനു എലിസബത്ത് ജോസും വിനീത് ശ്രീനിവാസനും എഴുതി ഷാന്‍ റഹ്മാന്‍ ഈണമിട്ട് സച്ചിന്‍ വാര്യരും രമ്യ നമ്പീശനും ചേര്‍ന്നുപാടിയ ‘മുത്തുച്ചിപ്പി’യും വിനീത് ശ്രീനിവാസന്‍െറ ‘അനുരാഗത്തിന്‍ വേള’യിലും എല്ലാവരും മൂളിനടന്നു
വിവാദങ്ങളുണ്ടായെങ്കിലും ‘അപ്പങ്ങളെമ്പാടും’ കത്രീനയുടെ അനായാസമായ ആലാപനവും ശബ്ദത്തിലെ മോഡുലേഷനും ഗോപി സുന്ദറിന്‍െറ പശ്ചാത്തലസംഗീതവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
അഭിനയത്തോടൊപ്പം നന്നായി പാടിയും രമ്യ നമ്പീശന്‍ അത്ഭുതപ്പെടുത്തി. കേരളത്തില്‍ ഇതുവരെ പരീക്ഷിക്കാത്ത ബെയ്സ് സ്ത്രീശബ്ദം ഉപയോഗിക്കുന്നതില്‍ രമ്യ ഈ വര്‍ഷത്തെ താരമായ് മാറി.
മുത്തുച്ചിപ്പി പോലെ (തട്ടത്തിന്‍ മറയത്ത്), വിജനസുരഭീ വാടികളില്‍ (ബാച്ചിലര്‍ പാര്‍ട്ടി), ആണ്ടലാണ്ടേ..(ഇവന്‍ മേഘരൂപന്‍) എന്നീ ഗാനങ്ങളില്‍ ഇത് നമുക്കാസ്വദിക്കാം.
ഷഹബാസ് അമന്‍ ഈണമിട്ട് വിജയ് യേശുദാസ് പാടിയ ഗസല്‍ഛായയുള്ള ‘മഴ കൊണ്ടുമാത്രം’ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. റഫീക്ക് അഹമ്മദ് ആണ് ഗാനമെഴുതിയത്.
രതീഷ് വേഗ ഈണമിട്ട ഗൃഹാതുരം തുളുമ്പുന്ന ‘ആറ്റുമണല്‍ പായയില്‍’ മോഹന്‍ലാലിന്‍െറ ശബ്ദം കൊണ്ട് ശ്രദ്ധേയമായി. ലാലിന്‍െറ മുന്‍ ഗാനങ്ങളേക്കാളും കൂടുതല്‍ ഓളമുണ്ടാക്കി റണ്‍ ബേബി റണ്ണിലെ ഈ ഗാനം.
ന്യൂജനറേഷന്‍ ഗാനങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ മുന്‍ തലമുറയില്‍ പെട്ട സംഗീതസംവിധായകരായ ഒൗസേപ്പച്ചന്‍, വിദ്യാസാഗര്‍, ശരത് എന്നിവരുമുണ്ടായിരുന്നു. എല്ലാ വര്‍ഷവും ഓരോ ഹിറ്റുകള്‍ സൃഷ്ടിക്കാറുള്ള വിദ്യാസാഗറിന്‍െറ ഡയമണ്ട് നെക്ളേസിലെ ‘തൊട്ടു തൊട്ടു നോക്കാതെ’, ‘നിലാമലരേ’ എന്നീ ഗാനങ്ങള്‍ വന്‍ ഹിറ്റുകളായി.
ഇവന്‍ മേഘരൂപനിലെ ‘ആണ്ടേലാണ്ട്’ എന്ന ഗാനത്തിലൂടെ ശരത്തും അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ നിഖില്‍ രാജ് പാടിയ ‘അഴലിന്‍െറ ആഴങ്ങളില്‍’ എന്ന ഗാനത്തിലൂടെ ഒൗസേപ്പച്ചനും ശ്രദ്ധിക്കപ്പെട്ടു.
22 ഫീമെയില്‍ കോട്ടയത്തിലെ ‘ചില്ലാണേ’ ഓര്‍ക്കസ്ട്രേഷനിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ശൈലിയില്‍ പുതുമയൊന്നുമില്ളെങ്കിലും മായാമോഹിനിയില്‍ റിമിടോമി പാടിയ ‘ഉള്ളില്‍ കൊതിവിടരും’ എന്നഗാനവും മല്ലുസിംഗിലെ ‘ചം ചം’ എന്ന യേശുദാസ് ഗാനവും ജനശ്രദ്ധ പിടിച്ചുപറ്റി. പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ സത്യന്‍ അന്തിക്കാട് - ഇളയരാജ ടീം നിരാശപ്പെടുത്തി. 2011 ല്‍ സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ വന്ന അവിയല്‍ ഗ്രൂപ്പിന്‍െറ സാന്നിധ്യം ഈ വര്‍ഷം 22 ഫീമെയില്‍ കോട്ടയത്തിലും ആവര്‍ത്തിച്ചു.
ജനപ്രീതിയുടെ കാര്യത്തില്‍ സ്റ്റാര്‍സിംഗര്‍ വിന്നറായ നജീം അര്‍ഷാദും വിജയ് യേശുദാസും രമ്യ നമ്പീശനും മുന്നില്‍ നില്‍ക്കുന്നു. ഗോപിസുന്ദര്‍, രതീഷ് വേഗ, ഷാന്‍ റഹ്മാന്‍, ബിജിബാല്‍, രാഹുല്‍ രാജ് എന്നീ യുവ സംഗീതസംവിധായകരാണ് മുന്നില്‍. റഫീക് അഹമ്മദ്, വയലാര്‍ ശരച്ചന്ദ്രവര്‍മ, അനു എലിസബത്ത് ജോസ്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ ഭാവഗീതങ്ങള്‍ 2012 നെ അനശ്വരമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus