12:30:26
04 Oct 2015
Sunday
Facebook
Google Plus
Twitter
Rssfeed

വിജയികളും പരാജിതരും

വരികള്‍ക്കിടയില്‍

ഗുജറാത്ത് ബി.ജെ.പിയുടെയും ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസിന്‍െറയും വഴിക്ക് പോകുമെന്ന് ആദ്യവോട്ട് രേഖപ്പെടുത്തുന്നതിനു മുമ്പുതന്നെ ഉറപ്പായിരുന്നു. ഭരണം നിലനിര്‍ത്തിയെങ്കിലും എക്സിറ്റ് പോളുകള്‍ പ്രവചിച്ച 145 സീറ്റുകള്‍ ലഭിക്കാത്തത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ നിരാശപ്പെടുത്തിയിരിക്കണം. അദ്ദേഹവും മനസ്സില്‍ താലോലിച്ചിരുന്നത് അത്രയും സീറ്റുകള്‍ കിട്ടുമെന്ന പ്രതീക്ഷയാണ്. കോണ്‍ഗ്രസിന് രണ്ട് സീറ്റ് അധികം ലഭിച്ചുവെന്നത് വലിയ നേട്ടമല്ല. ഭരണവിരുദ്ധ വികാരവും അടുത്തകാലംവരെ ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാവായിരുന്ന കേശുഭായ് പട്ടേല്‍ ഉയര്‍ത്തിയ വെല്ലുവിളിയും മോഡിയുടെ കരുത്ത് ഒട്ടും ചോര്‍ത്തിയില്ല. കോണ്‍ഗ്രസിന്‍െറ മുതിര്‍ന്ന നേതാക്കളെല്ലാം വന്ന് മുസ്ലിം, ആദിവാസി വോട്ടുകളില്‍ കണ്ണുനട്ട് പ്രചാരണം നടത്തിയിട്ടും ബി.ജെ.പിക്ക് 182 അംഗ സഭയില്‍ കനത്ത ഭൂരിപക്ഷമുറപ്പിക്കാനായത് പാര്‍ട്ടിക്ക് ആശാവഹമല്ല.
ഹിമാചലില്‍ അഴിമതിയാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. ഭരണം പൊതുവെ മതിപ്പുളവാക്കിയിരുന്നെങ്കിലും മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമാലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചില്ലറയല്ല. ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും മാറിമാറി തെരഞ്ഞെടുക്കപ്പെടുന്ന തമിഴ്നാടിന്‍െറ വഴിയെയാണ് ഹിമാചലും.
മോഡിയെ വീണ്ടും തെരഞ്ഞെടുത്തതിലൂടെ ഗുജറാത്ത് എന്ത് സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് മോഡിയുടെയും 21ാം നൂറ്റാണ്ടിന് ചേരാത്ത അദ്ദേഹത്തിന്‍െറ കാഴ്ചപ്പാടുകളുടെയും വിജയമാണ്. ജനാധിപത്യമെന്നാല്‍ ബഹുസ്വരതയുമെന്നാണര്‍ഥം. ജാതിയും മതവുമെന്തായാലും നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. എന്നാല്‍, ഈ മൂല്യങ്ങള്‍ക്ക് മോഡി ഒട്ടും പരിഗണന നല്‍കുന്നില്ല.
ഗുജറാത്തിലെ ഭൂരിപക്ഷം വരുന്ന മധ്യവര്‍ഗം ആഗ്രഹിക്കുന്നത് കൂടുതല്‍ സമ്പാദിക്കാനും കൂടുതല്‍ സുഖം അനുഭവിക്കാനും പുറമെയെങ്കിലും സമാധാനം നിലനില്‍ക്കുന്നതിനും സൗകര്യമൊരുക്കുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയാണ്. അവര്‍ ഭരണാധികാരികളെ ചോദ്യം ചെയ്യുകയോ അവരുടെ പ്രവൃത്തികളുടെ യുക്തിയെ വെല്ലുവിളിക്കുകയോ ചെയ്യുന്നില്ല. അതേസമയം, അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെപ്പോലെ മോഡി സമഗ്രാധിപത്യ മോഹിയാണെന്നും ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ഥിയെപ്പോലും നിര്‍ത്താത്തത്ര ശക്തമാണ് അദ്ദേഹത്തിന്‍െറ മുസ്ലിംവിരുദ്ധ നിലപാടെന്നും മധ്യവര്‍ഗം മനസ്സിലാക്കുന്നില്ല.
എനിക്ക് മോഡിയോടോ അദ്ദേഹത്തിന്‍െറ പാര്‍ട്ടിയോടോ വിദ്വേഷമൊന്നുമില്ല. പക്ഷേ ഇങ്ങനെയൊരു ഇന്ത്യയാണോ നാം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നത്? മതേതരത്വം ഇല്ലാത്ത ഒരു സമൂഹം? ഗുജറാത്തി തന്നെയായ മഹാത്മാഗാന്ധി പറഞ്ഞത് ഹിന്ദുക്കളും മുസ്ലിംകളും തന്‍െറ രണ്ട് കണ്ണുകളാണെന്നാണ്. കൊലപാതകികളും കവര്‍ച്ചക്കാരും 2002ല്‍ അഴിഞ്ഞാടിയ അഹ്മദാബാദിന്‍െറ തെരുവുകളിലൂടെ ഒരിക്കല്‍ ഖാദി വിറ്റ് പ്രഭാതഭേരിയുമായി ഗാന്ധിജി നടന്നിരുന്നു. ബ്രിട്ടീഷ് പൊലീസ് ലാത്തിച്ചാര്‍ജുമായാണ് അന്ന് പ്രകടനക്കാരെ എതിരേറ്റത്. എന്നാലിന്ന് മോഡിയുടെ ഭരണകാലത്ത് മതഭ്രാന്തന്മാരുടെ ചെയ്തികള്‍ക്ക് ചൂട്ടുപിടിക്കുകയാണ് പൊലീസ് ചെയ്തത്.
മോഡിയുടെ മേല്‍നോട്ടത്തില്‍ ഹിന്ദുത്വ ശക്തികള്‍ വംശീയ ഉന്മൂലനം നടത്തുന്നതിനും ഗുജറാത്ത് സാക്ഷിയായി. മോഡിയുടെ സങ്കുചിതമായ തെരഞ്ഞെടുപ്പ് പോരാട്ടം രാജ്യത്തെ 17 കോടിയോളം മുസ്ലിംകളില്‍ ഉണ്ടാക്കുന്ന വികാരമെന്തായിരിക്കും? തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഡി മുസ്ലിം സമുദായത്തെ പേരെടുത്തുപറഞ്ഞില്ലെന്നതു പോകട്ടെ, സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ ഉപദേശകനായ അഹ്മദ് പട്ടേലിനെ ‘മിയാന്‍’ എന്ന് ചേര്‍ത്ത് വിളിക്കുകയും ചെയ്തു. വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ് സര്‍ ക്രീക്ക് തര്‍ക്കം എടുത്തിട്ട് പാകിസ്താന്‍ വിരുദ്ധവികാരം ഊതിക്കത്തിക്കുകയും ചെയ്തു.
സര്‍ ക്രീക്ക് പാകിസ്താന് നല്‍കരുതെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കത്തെഴുതുകയുമുണ്ടായി. ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ പാകിസ്താന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിന്‍െറ ഇന്ത്യാ സന്ദര്‍ശനം ഇതുമായി ബന്ധപ്പെട്ടാണെന്ന് മോഡി ആരോപിക്കുകയും ചെയ്തു. അത്തരത്തിലുള്ള നീക്കമൊന്നുമില്ലെന്ന് പ്രധാനമന്ത്രിതന്നെ വ്യക്തമാക്കിയതാണ്. മോഡിയുടെ വാദം പരിഹാസ്യമാണെന്നാണ് ധനമന്ത്രി പി. ചിദംബരം പറഞ്ഞത്. പക്ഷേ, അരുതാത്തത് സംഭവിച്ചുകഴിഞ്ഞിരുന്നു. കൈയാലപ്പുറത്തിരിക്കുന്നവര്‍ സര്‍ ക്രീക്കിനെ ‘രക്ഷിക്കാന്‍’ മോഡിയുടെ അടുത്തേക്ക് ചാഞ്ഞു. വിജയം നേടാന്‍ മോഡി പ്രയോഗിച്ച തന്ത്രങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ അന്വേഷിക്കുകതന്നെ വേണം.
സംസ്ഥാനത്തെ വികസനമാണ് തനിക്ക് വിജയം സമ്മാനിച്ചതെന്നാണ് മോഡിയുടെ അവകാശവാദം. മുസ്ലിംകള്‍ കൂടുതല്‍ ദരിദ്രരാവുകയും കലാപത്തിന്‍െറ ഇരകളെ ഇനിയും പുരധിവസിപ്പിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ എന്തുതരം വികസനമാണത്? അവരുടെ പ്രദേശങ്ങളില്‍ കുടിവെള്ളമോ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ല. ആദിവാസികളും പട്ടികവര്‍ഗക്കാരും അവഗണന നേരിടുന്നു.
നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും നേട്ടം മുഴുവന്‍ മധ്യവര്‍ഗത്തിനാണ്. അതുകൊണ്ടുതന്നെ, അവരെല്ലാം കൂട്ടത്തോടെ മോഡിക്ക് വോട്ട് ചെയ്തതില്‍ അദ്ഭുതപ്പെടാനില്ല. നേരേമറിച്ച്, ഹിമാചലിലെ വളര്‍ന്നുവരുന്ന മധ്യവര്‍ഗം ധുമാലിനെ പുറന്തള്ളി. ഇവിടെ മധ്യവര്‍ഗം ഉറച്ച നിലപാടെടുത്തു എന്നത് ആരോഗ്യകരമായ ലക്ഷണമാണ്. അതേസമയം, സങ്കുചിത മനോഭാവങ്ങളില്‍നിന്ന് അവര്‍ മോചനം നേടിയിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരവുമാണ്. ഹിമാചലില്‍ പഞ്ചാബികളും തദ്ദേശീയരും തമ്മിലെ അകലം നിര്‍ണായകമായി. ധുമാലിന്‍െറ തോല്‍വിയേക്കാള്‍ മോഡിയുടെ വിജയമാണ് ബി.ജെ.പിയില്‍ കുഴപ്പങ്ങളുണ്ടാക്കുക. ‘സംസ്ഥാനത്തെ സിംഹം രാജ്യത്തിന്‍െറ സിംഹമാകുമെന്ന്’ എഴുതിയ പോസ്റ്ററുകള്‍ ഇതിനകംതന്നെ ഗുജറാത്തിലെങ്ങും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ദേശീയ നേതൃസ്ഥാനത്തേക്ക് വരാനുള്ള മോഡിയുടെ മോഹമാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍, ബി.ജെ.പി നേതൃത്വത്തിലെ ചില ഉന്നതര്‍ക്ക് ഇതിനോട് താല്‍പര്യമില്ല. പ്രധാനമന്ത്രിപദം മോഹിക്കുന്ന പലരും പാര്‍ട്ടിയിലുണ്ടെന്ന് അടുത്തിടെ ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എന്നോട് പറഞ്ഞിരുന്നു. ഗഡ്കരിയും മോഡിയും നേര്‍ക്കുനേര്‍ കണ്ടുകൂടാത്തവരാണെന്നത് പരസ്യമായ രഹസ്യമാണ്. അതേസമയം, ആര്‍.എസ്.എസിന്‍െറ പിന്തുണയുള്ളതിനാല്‍ മോഡി ശക്തനായ ഒരു സ്ഥാനാര്‍ഥിയായേക്കും.
മോഡിയുടെ രാഷ്ട്രീയ ശൈലിയും മുസ്ലിം വിരുദ്ധ നിലപാടുമാണ് ദേശീയ ജനാധിപത്യ സഖ്യത്തിലെ (എന്‍.ഡി.എ) പല കക്ഷികളെയും ഭയപ്പെടുത്തിയകറ്റുന്നത്. സഖ്യത്തിലെ വലിയ കക്ഷിയായ ബി.ജെ.പിക്ക് നേതാവിനെ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെങ്കിലും അത് സമവായത്തോടെയായിരിക്കണന്നെ് എന്‍.ഡി.എയിലെ മുതിര്‍ന്ന നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാര്‍ പറഞ്ഞുകഴിഞ്ഞു. സഖ്യകക്ഷികള്‍ മാത്രമല്ല രാജ്യം മുഴുവന്‍ അദ്ദേഹത്തിന്‍െറ പേരുയര്‍ന്നാല്‍ ഭീതിയിലാകുമെന്നതിനാല്‍ മോഡിയുടെ സാധ്യത കുറവാണ്.
ഗുജറാത്തും ഹിമാചലും ചില സൂചനകളാണ്. മറ്റൊരു സാധ്യതയില്ലാത്തതിനാല്‍ കോണ്‍ഗ്രസ് അല്ലെങ്കില്‍ ബി.ജെ.പി എന്നതിലൊന്ന് തെരഞ്ഞെടുക്കേണ്ടി വരുന്നത് കഷ്ടമാണ്. രാജ്യത്തെമ്പാടുമുള്ള ജനകീയ മുന്നേറ്റങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ഇരുപാര്‍ട്ടികളുടെയും ഭരണത്തിന്‍െറ മുഖമുദ്രയായ ദുര്‍ഭരണത്തില്‍നിന്നും അഴിമതിയില്‍നിന്നും രാജ്യത്തെ രക്ഷിക്കേണ്ട സമയമാണ് ഇത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus