കൊല്ലം: വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ വേഗത്തിലാക്കുന്നതിന്‍െറ ഭാഗമായി കോര്‍പറേഷന്‍ പരിധിയില്‍ 41,03,715 രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ പി.ജി. തോമസ് അറിയിച്ചു. ഭൂര്‍ഗര്‍ഭ ജല വകുപ്പ്, ജലവിഭവ വകുപ്പ് തുടങ്ങിയവ മുഖേന 174 കുടിവെള്ള പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. വള്ളുമ്പുറം കോളനിയിലേക്ക് അനുവദിച്ച 2,50,000 രൂപയുടെ പദ്ധതി സ്വകാര്യ സ്കൂളിലേക്കാണ് എന്ന തരത്തില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും കലക്ടര്‍ അറിയിച്ചു.
ടി.എസ് കനാലിന് സമീപം ജലവിതരണം ത്വരിതപ്പെടുത്തുന്നതിന് 3,50,000 രൂപ, ഗണപതി ക്ഷേത്രം മുതല്‍ ചന്ദ്രികാ പാലം വരെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ 90,000 രൂപ, രായരുമുക്ക് പമ്പ് സെറ്റ് സ്ഥാപിച്ചതിന് 2,60,800 രൂപ, മണിച്ചോട് കുഴല്‍കിണറിന് അനുബന്ധമായി പമ്പ് സെറ്റ് സ്ഥാപിച്ചതിന് 2,50,000 രൂപ എന്നിങ്ങനെ അഞ്ചോളം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. ജില്ലാ ആശുപത്രി, തങ്കശ്ശേരി, പുത്തന്‍കുളം, കരുത്തറ, ഉളിയക്കോവില്‍, ചാത്തിനാംകുളം, ജയന്തി കോളനി, മൂര്‍ത്തിക്കാവ് സൂനാമി പദ്ധതി പ്രദേശം തുടങ്ങി വിവിധ പ്രദേശങ്ങളില്‍ കുഴല്‍കിണര്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍