പരവൂര്‍: പോളച്ചിറയില്‍ കിണറ്റില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ അന്വേഷണം നടക്കവെ വെള്ളം പമ്പ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ജനറേറ്റര്‍ കണ്ടെത്തി. പോളച്ചിറ ബണ്ട് റോഡിനോട് ചേര്‍ന്നുള്ള കാടുപിടിച്ച പറമ്പില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ജനറേറ്റര്‍ കൊണ്ടുപോകാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ എതിര്‍ക്കുകയും ഫോറന്‍സിക് വിദഗ്ധരും ഡോഗ്സ്ക്വാഡും എത്തിയതിനുശേഷം എടുത്താല്‍ മതിയെന്ന നിലപാടെടുക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതര്‍ എത്തിയശേഷമാണ് മോട്ടോര്‍ നീക്കിയത്.
നൂറ്റമ്പതോളം കുടുംബങ്ങളുടെ ജീവനുതന്നെ അപായമുണ്ടാക്കുമായിരുന്ന സംഭവം നടന്ന് ആറുദിവസമായിട്ടും കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശവാസികളായ ചിലരാണ് വിഷം കലക്കിയതിനുപിന്നിലെന്നാണ് സൂചന. പരവൂര്‍ സി.ഐ ജവഹര്‍ ജനാര്‍ദ്, എസ്.ഐ വിപിന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഇതിനിടെ പ്രതികളെ രക്ഷിക്കുന്നതിനായി ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായും ചില പൊലീസുകാര്‍ തന്നെ പ്രശ്നത്തെ ലഘൂകരിച്ച് സംസാരിക്കുന്നതായും ആക്ഷേപമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍