12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

ചെക്പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന; കൈക്കൂലിയും ക്രമക്കേടും കണ്ടെത്തി

പുനലൂര്‍: തെന്മലയിലേയും ആര്യങ്കാവിലേയും അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പൊലീസ് വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ റെയ്ഡില്‍ വന്‍തോതില്‍ കൈക്കൂലിയും ക്രമക്കേടും കണ്ടെത്തി. ഞായറാഴ്ച ഉച്ച മുതല്‍ നടന്ന നീരിക്ഷണങ്ങള്‍ക്കും രാത്രിയിലെ മിന്നല്‍ പരിശോധനയിലുമാണ് ക്രമക്കേട് കണ്ടെത്തിയത്.
തിരിച്ചറിയാതിരിക്കാന്‍ ചെങ്കോട്ടയില്‍നിന്നുള്ള ചരക്കുലോറിയില്‍ സഞ്ചരിച്ചാണ് വിജിലന്‍സ് സംഘം ചെക്പോസ്റ്റ് കടക്കാന്‍ വണ്ടിക്കാര്‍ നല്‍കേണ്ട പടി ഉള്‍പ്പെടെയുള്ളത് നേരിട്ട് മനസ്സിലാക്കിയത്. ലോറി ജിവനക്കാര്‍ക്കൊപ്പം വേഷം മാറിവന്ന വിജിലന്‍സ് സംഘം പടിയായി നല്‍കിയ തുക ചെക്പോസ്റ്റ് അധികൃതര്‍ വാങ്ങി കുടുക്കില്‍പെടുകയായിരുന്നു.
മതിയായ പടി നല്‍കിയില്ലങ്കില്‍ ചെക്പോസ്റ്റില്‍ സ്വീകരിക്കുന്ന നിഷേധനിലപാടും സംഘത്തിന് ബോധ്യപ്പെട്ടു. ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരുന്ന ലോറിക്കാര്‍ സാധനങ്ങളും കൈക്കൂലിയായി നല്‍കുന്നത് കണ്ടെത്തി.
തെന്മലയിലെ മൃഗസംരക്ഷണ ചെക്പോസ്റ്റില്‍ മദ്യം സൂക്ഷിച്ച് ഡ്യൂട്ടിക്കിടെ ചിലര്‍ ഉപയോഗിക്കുന്നതും പിടികൂടിയിട്ടുണ്ട്. ഒരു മാസംമുമ്പ് വിജിലന്‍സ് സംഘം ചെക്പോസ്റ്റുകളില്‍ കൈക്കൂലി വാങ്ങുന്നത് രഹസ്യ കാമറയില്‍ പകര്‍ത്തി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. ചെക്പോസ്റ്റുകളിലെ പടി ഇരട്ടിയായത് സംബന്ധിച്ചും നിരവധി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശാനുസരണം സംഘം ഞായറാഴ്ച ഉച്ചക്ക്ശേഷം തെന്മലയിലും ആര്യങ്കാവിലും നിരീക്ഷണം നടത്തിയത്. ചെങ്കോട്ടയില്‍ എത്തിയ ശേഷം വേഷംമാറി ഒരുചരക്ക്ലോറിയില്‍ കയറിക്കൂടി.
ഈ ലോറി പുലര്‍ച്ചെ മൂന്നോടെ ആദ്യപരിശോധക്ക് വിധേയമായ ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റില്‍ 100 രൂപയും വില്‍പന നികുതിയിലും മോട്ടോര്‍ വെഹിക്കിളിലും 200 രൂപ വീതവും പടി നല്‍കി. ഇതേലോറിയില്‍ സംഘം തെന്മലയിലെ മൃഗസംരക്ഷണ ചെക്പോസ്റ്റിലെത്തി.
ഇവിടെ മുട്ട കയറ്റിവരുന്ന ലോറിയാണെങ്കില്‍ ഒരു ട്രേ മുട്ടയും 100 രൂപയുമാണ് പടി നല്‍കിയത്. മുട്ടയില്ലെങ്കില്‍ 200 രൂപ നല്‍കണം. സംഘം ഇവിടെ നടത്തിയ പരിശോധനയില്‍ മേശപ്പുറത്ത് പകുതി കുടിച്ചുതീര്‍ത്ത മദ്യക്കുപ്പിയും കണക്കില്‍പ്പെടാത്ത 1750 രൂപയും പിടിച്ചെടുത്തു. ഒരു ജീവനക്കാരന്‍ മദ്യപിച്ച് ലെക്കുകെട്ടനിലയിലായിരുന്നെന്നും പടി നല്‍കിക്കഴിഞ്ഞാല്‍ വണ്ടിക്കുള്ളില്‍ എന്താണെന്ന് പരിശോധിക്കുകപോലും ചെയ്യാതെ കടത്തിവിടുന്നതായും കണ്ടെത്തി.
പ്രവേശനികുതിയില്ലാത്തതും ഭക്ഷ്യസാധനങ്ങള്‍ കയറ്റിവരുന്ന വണ്ടിക്കാരുമാണ് ഈ നിലയില്‍ പടി നല്‍കേണ്ടത്.
എന്നാല്‍ നികുതി അടച്ചുവരുന്നതും വിലപിടിപ്പുള്ളതുമായ സാധനങ്ങള്‍ കടത്തിവരുമ്പോള്‍ പടി ഇതിലും കൂടുതലാണെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. മതിയായ പടിയില്ലെ്ളങ്കില്‍ രേഖകള്‍ പരിശോധിക്കാതെ ജീവനക്കാര്‍ മാറിനില്‍ക്കുന്നതും ബോധ്യപ്പെട്ടു. മോട്ടോര്‍ വെഹിക്കിള്‍ ചെക്പോസ്റ്റില്‍ വയ്ക്കോല്‍ കടത്തിവരുന്ന ലോറിയുടെ പടി ആയിരം രൂപയാണെന്നും സംഘം പറഞ്ഞു.
വിജിലന്‍സ് ഡിവൈ.എസ്.പി റെക്സ് ബോബി ആര്‍വിന്‍െറ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സി.ഐ മാരായ പ്രദീപ്കുമാര്‍, കൃഷ്ണകുമാര്‍, അശോക്കുമാര്‍, എസ്. ഷെറീഫ്, തഹസില്‍ദാര്‍ ദിവാകരന്‍നായര്‍, എസ്.ഐമാരായ ചന്ദ്രകുമാര്‍, എ.എസ്.ഐ സുധീഷ്, ജോണ്‍, സുധാകരന്‍ ഉദയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com