12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

അടൂരില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തുടരുന്നു

അടൂര്‍: സ്വകാര്യ ബസുകളും കെ.എസ്. ആര്‍.ടി.സി ബസുകളും ഭീതിപരത്തി മത്സരയോട്ടം നടത്തുന്നത് മോട്ടോര്‍ വാഹന വകുപ്പും ട്രാഫിക് പൊലീസും കണ്ടില്ലെന്നു നടിക്കുന്നതായി ആക്ഷേപം. ഞായറാഴ്ച കെ.പി റോഡില്‍ മങ്ങാട് ഗണപതി ക്ഷേത്രത്തിനു സമീപം സ്വകാര്യബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. രാവിലെ 9.30ന് ഒരേ ഉടമയുടെ ബസുകള്‍ തമ്മില്‍ മത്സരയോട്ടം നടത്തുന്നതിനിടെ മരുതിമൂട് കവലയില്‍ നിര്‍ത്തിയ ബസില്‍ നിന്ന് ആളിറങ്ങുന്നതിനു മുമ്പ് ബെല്ലടിച്ച് ബസ് മുന്നോട്ടു നീങ്ങുകയും വൃദ്ധനായ യാത്രക്കാരന്‍ കാലിടറി വീണ് പരിക്കുപറ്റുകയും ചെയ്തിരുന്നു. പത്തനാപുരത്തു നിന്ന് അടൂരിലേക്ക് വരികയായിരുന്ന പുത്തന്‍പുരയില്‍ ബസുകളാണ് മത്സരയോട്ടം നടത്തിയത്.നാട്ടുകാര്‍ ബസ് തടഞ്ഞിട്ട് അടൂര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തെങ്കിലും രേഖാമൂലം പരാതിയില്ല എന്ന കാരണത്താല്‍ കേസെടുക്കാതെ ബസ് വിട്ടുകൊടുത്തു. സ്പീഡ് ഗവേണര്‍ ബന്ധം വിച്ഛേദിച്ചാണ് മിക്ക സ്വകാര്യ ബസുകളുടെയും മരണപ്പാച്ചില്‍. കായംകുളം-പുനലൂര്‍, അടൂര്‍-ശാസ്താംകോട്ട സംസ്ഥാന പാതകളിലും ഏഴംകുളം-കൈപ്പട്ടൂര്‍, തട്ട-കൈപ്പട്ടൂര്‍ പാതകളിലുമാണ് ബസുകളുടെ മത്സരയോട്ടം യാത്രക്കാര്‍ക്ക് ഭീഷണിയായിരിക്കുന്നത്.
സമയക്ളിപ്തത പാലിച്ചോടുന്ന സ്വകാര്യ ബസുകള്‍ അപൂര്‍വമാണ്. യാത്രക്കാര്‍ ഇറങ്ങുന്നതിനുമുമ്പ് ബെല്ലടിച്ച് ബസ് വിടുന്നത് പതിവാണ്. 20-35 വയസ് പ്രായമുള്ള യുവാക്കളാണ് മിക്ക ബസുകളിലെയും ഡ്രൈവര്‍മാര്‍. കണ്ടക്ടര്‍മാരും ക്ളീനര്‍മാരും ചിലപ്പോള്‍ ബസ് ഓടിക്കാറുണ്ട്. മിക്ക ഡ്രൈവര്‍മാരും ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നതെന്നും ആക്ഷേപമുണ്ട്. കാല്‍നടക്കാരും മറ്റുവാഹന യാത്രികരും ബസുകളുടെ അമിതവേഗം മൂലം വലയുന്നു.
കെ.എസ്.ആര്‍.ടി.സി വേണാട് ചെയിന്‍ സര്‍വീസ് കൂടാതെ ഓര്‍ഡിനറി, ഫാസ്റ്റ് സര്‍വീസുകളും സംസ്ഥാനപാതകളിലൂടെ ഓടുന്നുണ്ട്. കായംകുളം-പുനലൂര്‍, അടൂര്‍-ശാസ്താംകോട്ട, തട്ട-കൈപ്പട്ടൂര്‍ പാതകളില്‍ ഇവ തമ്മിലാണ് മത്സരം. നിശ്ചിത സമയം തന്നെ സ്വകാര്യ ബസ് പുറപ്പെട്ടാല്‍ തന്നെ നിരങ്ങിയാകും നീങ്ങുക. പിന്നിലെ ബസ് അടുത്തെത്തിയെന്ന് കണ്ടക്ടറുടെ മൊബൈല്‍ഫോണില്‍ സന്ദേശം എത്തിയാലുടന്‍ ഡബിള്‍ ബെല്ലടിച്ച് പിന്നെ മരണപ്പാച്ചിലാണ്. മത്സരയോട്ടത്തിനിടെ നിര്‍ത്തുന്ന ബസില്‍ യാത്രക്കാര്‍ക്ക് ഇറങ്ങാനും കയറാനും സാവകാശംപോലും നല്‍കാതെ ജീവനക്കാര്‍ ബഹളം കൂട്ടുകയാണ്. ഇത്തരത്തില്‍ യാത്രക്കാര്‍ ബസിനടിയില്‍പ്പെട്ട സംഭവങ്ങള്‍ നിരവധിയുമുണ്ട്. മരുതിമൂട് പള്ളിയിലെ വിശേഷ ദിവസങ്ങളായ വ്യാഴവും വെള്ളിയും ശനിയും കെ.പി റോഡില്‍ ബസുകളുടെ മത്സരയോട്ടം കൂടുതലാണ്. മരുതിമൂട് കവലയില്‍ ഈ ദിവസങ്ങളില്‍ സ്വകാര്യ ബസുകള്‍ 10-15 മിനിറ്റുകള്‍ നിര്‍ത്തിയിടും.
പിന്നില്‍ മറ്റൊരു സ്വകാര്യ ബസ് വന്നാല്‍ വാക്കേറ്റവും കയ്യാങ്കളിയുമാകും. നിശ്ചിത സമയത്തും നേരത്തെയും ഓടുന്ന സ്വകാര്യ ബസുകളുടെ മറ്റൊരു പ്രധാന സ്റ്റോപ്പാണ് പറക്കോട് കവല. ഇവിടെയും മിനിറ്റുകളോളം ബസുകള്‍ നിര്‍ത്തിയിടാറുണ്ട്. പറക്കോട് നഗരസഭ ബസ് സ്റ്റാന്‍റില്‍ ബസുകള്‍ കയറുന്നില്ല. അടൂര്‍ ഹൈസ്കൂള്‍ ജങ്ഷനിലും നെല്ലിമൂട്ടില്‍പ്പടിയിലും അമിതവേഗത്തില്‍ വളവുതിരിഞ്ഞ സ്വകാര്യ ബസുകളില്‍ നിന്ന് യാത്രക്കാര്‍ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റതും അടുത്തിടെയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com