പത്തനംതിട്ട: വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ ആധാര്‍ കാര്‍ഡ് എടുക്കാനുള്ള അവസരം ഈമാസം 10 വരെ നീട്ടിയതായി കലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍.
വിവിധ ക്ഷേമ ആനുകൂല്യങ്ങള്‍ ആധാര്‍ കാര്‍ഡിലൂടെ ലഭ്യമാക്കുന്ന സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ ഒന്നായ പത്തനംതിട്ടയിലെ ഒരുക്കങ്ങളെ കുറിച്ച് പ്രസ് ക്ളബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ പല കുട്ടികളും ഇതുവരെ ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ല. 40 ശതമാനം കുട്ടികള്‍ കാര്‍ഡ് എടുത്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ എട്ട് വിദ്യാഭ്യാസ സ്കോളര്‍ഷിപ്, ജനനി സുരക്ഷാ ആനുകൂല്യങ്ങളാണ് ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് നല്‍കുന്നത്. ജനുവരി ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ 43 ജില്ലകളില്‍ പത്തനംതിട്ടയുമുണ്ടെങ്കിലും രജിസ്ട്രേഷന്‍ പൂര്‍ണതോതില്‍ നടക്കാത്തതിനാലാണ് 10 വരെ നീട്ടിയത്. ഒരു സ്കൂള്‍ കേന്ദ്രീകരിച്ച് വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കാര്‍ഡ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആനുകൂല്യത്തിന് അര്‍ഹരായ കുട്ടികള്‍ രജിസ്ട്രേഷന്‍ നടത്തിയാല്‍ മാത്രമേ പ്രയോജനം കിട്ടുകയുള്ളു. 345 സ്കീമുകള്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഒമ്പത് സ്കീമിലാണ് ആനുകൂല്യം ലഭിക്കുക. എട്ട് വിദ്യാര്‍ഥി സ്കോളര്‍ഷിപ്പും ഒരു ജനനി സുരക്ഷാ ക്ഷേമ പദ്ധതിയുമാണവ.
ആധാര്‍ കാര്‍ഡ് വ്യാപകമാകുന്നതോടെ ആനുകൂല്യ വിതരണത്തില്‍ സുതാര്യത ഉറപ്പാകുമെന്ന് കലക്ടര്‍ പറഞ്ഞു. നിലവില്‍ അര്‍ഹരായവര്‍ക്ക് ആനുകൂല്യം കിട്ടാത്ത അവസ്ഥയും ഒന്നില്‍ കൂടുതല്‍ ആനുകൂല്യം കിട്ടുന്നവരുമുണ്ട്. ഇടനിലക്കാരുടെ ഇടപെടലിലുണ്ടാകുന്ന അഴിമതി ഒഴിവാക്കാനും സാധിക്കും.
പദ്ധതി നടപ്പാക്കുന്ന വകുപ്പ് ഗുണഭോക്താക്കളുടെ പട്ടികയുണ്ടാക്കുന്നതാണ് ആനുകൂല്യ വിതരണത്തിനുള്ള ആദ്യഘട്ടം. ശേഖരിക്കുന്ന വിവരങ്ങള്‍ വിവരസാങ്കേതിക വിദ്യയുടെ സഹായത്തില്‍ ആധാര്‍ കാര്‍ഡുമായും ബാങ്കുമായും ബന്ധപ്പെടുത്തുന്നതോടെ ആനുകൂല്യ വിതരണം എളുപ്പമാകും. ബാങ്ക് സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ ഗുണഭോക്തള്‍ക്ക് നേരിട്ട് ആനുകൂല്യമെത്തിക്കാന്‍ ബി.സി.എമാരെ നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആധാര്‍ രജിസ്ട്രേഷനില്‍ ജില്ലയാണ് മുന്നിലെന്നും അടൂരിലെ മൂന്ന് വാര്‍ഡുകളിലെ രജിസ്ട്രേഷന്‍ കഴിഞ്ഞാല്‍ എന്‍.പി.ആര്‍ രജിസ്ട്രേഷന്‍ സമ്പൂര്‍ണമാകുമെന്നും കലക്ടര്‍ പറഞ്ഞു. ലീഡ് ബാങ്ക് മാനേജര്‍ രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാടും മുഖാമുഖത്തില്‍ പങ്കെടുത്തു. പ്രസ് ക്ളബ് സെക്രട്ടറി ബിജു കുര്യന്‍ സ്വാഗതം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍